NewsIndia

ബാങ്ക് വായ്പാ തിരിച്ചടവ് : മല്യക്ക് വീണ്ടും തിരിച്ചടി

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളില്‍ നിന്നെടുത്ത വായ്പയുടെ ഒരു ഭാഗം തിരിച്ചടയ്ക്കാമെന്ന വിജയ് മല്യയുടെ ഉപാധി ബാങ്കുകളുടെ കണ്‍സോര്‍ഷ്യം തള്ളി. 6000 കോടി രൂപയും അഞ്ച് വര്‍ഷത്തേക്കുള്ള അതിന്റെ പലിശയും നല്‍കണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെട്ടു. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച നിര്‍ദേശത്തില്‍ 4000 കോടി രൂപ ആറു മാസത്തിനുള്ളില്‍ നല്‍കാമെന്നാണ് മല്യയും, കിങ്ഫിഷര്‍ എയര്‍ലൈന്‍സും പറഞ്ഞത്. ഈ നിര്‍ദേശമാണ് ബാങ്കുകള്‍ തള്ളിയത്. 9000 കോടി രൂപയാണ് എസ്ബിഐ നേതൃത്വം നല്‍കുന്ന 17 പൊതുമേഖലാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനു മല്യ നല്‍കാനുള്ളത്.

വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ ചര്‍ച്ചയിലൂടെയാണ് നിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കിയത്. മദ്യവ്യവസായിയും രാജ്യസഭാംഗവുമായ വിജയ് മല്യ മാര്‍ച്ച് രണ്ടിന് രാജ്യം വിട്ടിരുന്നു. മല്യയുടെ വിദേശത്തെ വസ്തുക്കളുടെ മൂല്യം വായ്പാ തുകയിലും അധികമാണെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി പറയുന്നു.

മല്യയുടെ പാസ്‌പോര്‍ട്ട് മരവിപ്പിക്കാനും അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കാനും നടപടി ആവശ്യപ്പെട്ടു ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ ഹര്‍ജി അംഗീകരിച്ച് മല്യയെ ഹാജരാക്കണമെന്നു ജസ്റ്റിസ് കുര്യന്‍ ജോസഫും ആര്‍.എഫ്.നരിമാനും അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടിരുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു പുറമേ ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കോര്‍പറേഷന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, യൂക്കോ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകളാണു സുപ്രീം കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments


Back to top button