വസ്തുതകളും സാഹചര്യങ്ങളും എത്രയൊക്കെ പ്രതികൂലമായി വിധിയെഴുതിയാലും ചിലരുടെ അന്ധമായ വ്യക്തി, രാഷ്ട്രീയ വിരോധങ്ങള്‍ ഇല്ലതെയാകില്ല. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഈയിടെ നടത്തിയ സൗദി അറേബ്യ സന്ദര്‍ശനം. സൗദി അറേബ്യയില്‍ ചെന്നത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. അല്ലാതെ ആര്‍എസ്എസ് പ്രവര്‍ത്തകനായ, ബിജെപി നേതാവായ നരേന്ദ്ര മോദി ആയിരുന്നില്ല. മറ്റേതൊരു വിദേശരാജ്യത്ത് ചെല്ലുമ്പോഴും അദ്ദേഹത്തിന് ലഭിക്കാറുള്ളത് പോലെ, ഒരുപക്ഷെ അവയെക്കാളൊക്കെ ഊഷ്മളമായ സ്വീകരണവും ആതിഥ്യമര്യാദയുമായിരുന്നു മോദിക്ക് സൗദി അറേബ്യയില്‍ ലഭിച്ചത്.
മോദിയുടെ സൗദി സന്ദര്‍ശനത്തിന്‍റെ വസ്തുതകള്‍ വസ്തുതകളായിത്തനെ റിപ്പോര്‍ട്ട് ചെയ്ത ഇനാം എന്ന പത്രപ്രവര്‍ത്തകന് സകപട മതേതരക്കാരുടെ പക്കല്‍ നിന്ന് ലഭിച്ചത് ചീത്തവിളിയും ഭീഷണികളുമാണ്. യഥാര്‍ത്ഥ മാധ്യമധര്‍മ്മം നിറവേറ്റിയ തനിക്ക് നേരിടേണ്ടി വന്ന ഈ ദുരനുഭവത്തില്‍ പ്രതിഷേധിച്ചു കൊണ്ട് ഇനാം എഴുതിയ ഒരു കുറിക്കുകൊള്ളുന്ന പ്രസ്താവന താഴെ വായിക്കാം:
അപ്പോള്‍ ഇനി മറുപടി പറയാം.
തെറിവിളികളുടെ ഘോഷയാത്ര ഏതാണ്ട് അവസാനിച്ചുവെന്ന് തോന്നുന്നു. എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍. ദേഷ്യം വരുമ്പോഴാണ് ഓരോരുത്തരുടെയും യഥാര്‍ഥ സംസ്കാരം പുറത്തുവരിക. നല്ല അറബി പേരുള്ളവരാണ് തെറിവിളിച്ചവരെല്ലാം. സ്നേഹത്തോടെ പോസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടവരുമുണ്ട്. അതുകൊണ്ട് തെറിവിളിച്ചവര്‍ക്കും ഇന്‍ബോക്സില്‍ വന്ന് ലജ്ജിതരായവര്‍ക്കുമൊക്കെ ഒരിക്കല്‍ കൂടി അഭിവാദ്യങ്ങള്‍. ചിലര്‍ എന്‍െറ വേരുകള്‍ വരെ ചികഞ്ഞു പോയത് കണ്ടു. ഒറ്റ ദിവസംകൊണ്ട് നൂറു കണക്കിന് ഫ്രന്‍ഡ് റിക്വസ്റ്റ് കണ്ട് കണ്ണ് തള്ളി. എല്ലാത്തിനും പെരുത്ത് സന്തോഷം.
പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദിയില്‍ വന്ന് തിരിച്ചുപോയി. അദ്ദേഹത്തിന്‍െറ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യുക എന്നത് മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്‍െറ ജോലിയായിരുന്നു. അത് സത്യസന്ധമായി ചെയ്യുക എന്നതാണ് മാധ്യമ പ്രവര്‍ത്തനം. അതില്‍ എന്‍െറ കാഴ്ചപ്പാടുകളോടും രാഷ്ട്രീയത്തോടും യോജിക്കുന്നതും ഇല്ലാത്തതുമുണ്ടാകും. എന്‍െറ രാഷ്ട്രീയം റിപ്പോര്‍ട്ടില്‍ വന്നാല്‍ അത് മാധ്യമ പ്രവര്‍ത്തനമല്ല. അത് ചെയ്യുന്ന പത്രങ്ങളും മാധ്യമ പ്രവര്‍ത്തകരുമുണ്ട്. അതിലേതായാലും ഞാനില്ല. ഫേസ്ബുക്കില്‍ പോസ്റ്റിടുമ്പോഴും ഇതു തന്നെയാണ് നിലപാട്.
മോദി എന്ന പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം സൗദിയിലുണ്ടാക്കിയ അനുരണനങ്ങള്‍ നല്ലതാണെങ്കില്‍ അതങ്ങനെയല്ലെന്ന് പറയണമെന്നാണോ? അദ്ദേഹവുമായി ഹസ്തദാനം ചെയ്ത ഞങ്ങളുടെ ചീഫ് എഡിറ്ററോട് ഒരു മൂലയില്‍ മാറി നിന്നു കൂടായിരുന്നോ പ്രതിഷേധിച്ചു കൂടായിരുന്നോ എന്നൊക്കെ ചോദിച്ച സാത്വികന്‍മാരുണ്ട്. മറുപടി മനസ്സില്ല എന്നാണ്. കാരണം മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായതുകൊണ്ട് തന്നെ. ആര്‍.എസ്.എസുകാരനായ പ്രധാനമന്ത്രിയായതുകൊണ്ട് അദ്ദേഹത്തിന് ഒരു വിദേശ നാട്ടില്‍ കിട്ടിയ സ്വീകരണം അംഗീകരിക്കാതിരിക്കണമോ? അത് റിപ്പോര്‍ട്ട് ചെയ്യാതിരിക്കണമോ.
സൗദിയുടെ പരമോന്നത ബഹുമതിയാണ് മോദിക്ക് അവര്‍ നല്‍കിയത്. അതും അംഗീകരിക്കാന്‍ വയ്യാത്തവര്‍ മന്‍മോഹന്‍സിങ് പണ്ട് സൗദി സന്ദര്‍ശിച്ചപ്പോള്‍ കിങ് സൗദ് യൂണിവേഴ്സിറ്റി കൊടുത്ത ഡോക്ടറേറ്റിന്‍റെ ഫോട്ടോ തപ്പിയെടുത്ത് ഇത് വലിയ കാര്യമല്ളെന്നു വരെ പോസ്റ്റി കളഞ്ഞു. കാരണം രണ്ടു ഫോട്ടോയിലും പച്ച റിബണാണുണ്ടായിരുന്നത്. ഡോക്ടറേറ്റും പരമോന്നത ബഹുമതിയും ഒന്നാണെന്ന് കാച്ചുന്നവരോട് എന്തു പറയാന്‍.
1000 സൗദി സ്ത്രീകള്‍ക്ക് ടാറ്റയുടെ പരിശീലനം നല്‍കുന്ന സ്ഥാപനമാണ് ടി.സി.എസ്. അവിടെ പോയ മോദിയെ സൗദി സ്ത്രീകള്‍ ആരവത്തോടെയാണ് സ്വീകരിച്ചത്. അതിനെയും അംഗീകരിക്കാന്‍ വയ്യാത്തവര്‍ അവരൊക്കെ പര്‍ദയിട്ട ഇന്ത്യക്കാരാണെന്ന് ഗവേഷണം നടത്തി കണ്ടത്തെി കളഞ്ഞു!!!
നമുക്കിഷ്ടമില്ലെന്ന് കരുതി സത്യം സത്യമല്ലാതാകുമോ? ഉള്ളത് റിപ്പോര്‍ട്ട് ചെയ്തതിനും അത് തന്നെ പോസ്റ്റില്‍ പരാമര്‍ശിച്ചതിനും സംഘ്പരിവാറില്‍ നിന്ന് ഇനാം കിട്ടിയെന്നും അവാര്‍ഡ് കിട്ടുമെന്നും വരെ കണ്ടത്തെിയ മഹാന്മാരുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സൗദിയില്‍ ആര്‍.എസ്.എസ് നേതാവ് വന്ന് രഹസ്യ യോഗങ്ങള്‍ നടത്തിയത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തപ്പോഴും പുരസ്കാരം തരാന്‍ തയാറായവരുണ്ട്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലുമൊത്ത് ഫോട്ടോ എടുത്തതിനും തെറിവിളിച്ചവരുണ്ട്. അതിന് മറുപടി അര്‍ഹിക്കുന്നില്ല. ദേശീയ സുരക്ഷ ഉപദേഷ്ടാവ് എന്ന പദവി എന്താണെന്നോ ഒരു സാധാരണ മാധ്യമ പ്രവര്‍ത്തകന് അദ്ദേഹത്തോട് സംസാരിക്കാന്‍ അവസരം കിട്ടുന്നതിന്‍െറ മൂല്യമെന്താണെന്നോ തിരിച്ചറിയാന്‍ കഴിയാത്തവരോട് നല്ല നമസ്കാരം എന്നേ പറയാന്‍ കഴിയൂ.
അടുത്ത ഘട്ടം തെറികള്‍ക്കായി കാത്തിരിക്കുന്നു.
സസ്നേഹം
ഇനാം
Post Your Comments