മസ്കറ്റ്: ഒമാനി ശിക്ഷാനിയമം ഭേദഗതി ചെയ്തു. വിവിധ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷകള്‍ കഠിനമാക്കിയും പിഴ ശിക്ഷയുടെ തുക വര്‍ദ്ധിപ്പിച്ചുമുള്ള പരിഷ്കരിച്ച നിയമത്തിനു ശൂറാ കൗണ്‍സില്‍ അംഗീകാരം നല്കി. ഒമാനില്‍ 1974 മുതല്‍ നിലവിലുണ്ടായിരുന്ന നിയമമാണ് പരിഷ്കരിച്ചത്. സാമ്പത്തികവും സാങ്കേതികവുമായ കുറ്റകൃത്യങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് ശിക്ഷാനിയമം പരിഷ്കരിച്ചതെന്ന് ശൂറാ കൗണ്‍സില്‍ ലീഗല്‍ കമ്മിറ്റി തലവന്‍ ഡോ. മുഹമ്മദ് അല്‍ സദ്ജാലി പറഞ്ഞു. രാജ്യത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷിതത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് നിലവിലെ ശിക്ഷാനിയമത്തില്‍ ഉള്‍പ്പെടുത്തിയിരുന്നുള്ളൂവെന്നും അതിനാലാണ് നിയമം ഭേദഗതി ചെയ്തതെന്നും അല്‍ സദ്ജാലി ചൂണ്ടിക്കാട്ടി.
രാജ്യത്ത് ശിക്ഷാര്‍ഹമായ കുറ്റകൃത്യങ്ങള്‍ സ്വദേശികള്‍ വിദേശത്ത് വെച്ച് നടത്തിയാലും ഒമാനില്‍ അത് വിചാരണ ചെയ്യപ്പെടുമെന്നത് പ്രധാന ഭേദഗതിയാണ്. വിദേശികള്‍ക്കും ചില വ്യവസ്ഥകളോടെ സമാനനിയമം ബാധകമാണ്. ഭേദഗതിപ്രകാരം കൂടിയ ജയില്‍ശിക്ഷ 25 വര്‍ഷവും പിഴസംഖ്യ നൂറു റിയാലിനും ആയിരം റിയാലിനും ഇടയിലുമായിരിക്കും. കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണനല്‍കിയവര്‍ക്ക് മൂന്നുവര്‍ഷം തടവും പിഴയും ശിക്ഷയായി ലഭിക്കാം. ദുരഭിമാന കൊലകള്‍, ബലാത്സംഗം, വ്യഭിചാരം തുടങ്ങി കുടുംബത്തിനും സമൂഹത്തിനും വിശ്വാസത്തിനും അപമാനമുണ്ടാക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് കഠിനശിക്ഷ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. ബോധപൂര്‍വമായതും അല്ലാത്തതും എന്ന നിലകളിലായിരിക്കും കോടതികള്‍ ഇനിമുതല്‍ കുറ്റകൃത്യങ്ങളെ സമീപിക്കുക. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ തൂക്കിക്കൊല്ലുന്നതിനുപകരം വെടിവെച്ച് കൊല്ലുന്നതിനും പുതിയ നിയമം നിര്‍ദേശിക്കുന്നു.
Post Your Comments