പ്രണയബന്ധങ്ങളിലെ തകര്‍ച്ച സ്ത്രീകളെയാണ് കൂടുതലായി ബാധിക്കപ്പെടാറ്. സമൂഹത്തിലെ പരിഹാസമടക്കം ശാരീരികവും മാനസികവുമായ ആഘാതങ്ങള്‍ നിരവധി. എന്നാല്‍ ആത്മാര്‍ത്ഥമായി പ്രണയിക്കുന്ന പുരുഷന്‍മാര്‍ സ്ത്രീകളേക്കാള്‍ ലോലമനസുള്ളവരാണെന്നാണ് ശാസ്ത്രം പറയുന്നത്. ബന്ധത്തിലുണ്ടാവുന്ന തകര്‍ച്ചയുമായി പൊരുത്തപ്പെടാന്‍ ഇത്തരക്കാര്‍ക്ക് ഉടന്‍ സാധിക്കില്ല. ചുരുക്കി പറഞ്ഞാല്‍ ഒരു പ്രേമ ബന്ധം തകരുമ്പോള്‍ സ്ത്രീകളേക്കാള്‍ മാനസിക വ്യഥയും തകര്‍ച്ചയും പുരുഷന്‍മാര്‍ക്ക് ഉണ്ടാവുന്നുവത്രെ.
കാരണങ്ങള്‍ നിരവധിയാണ്. പുരുഷന്‍മാര്‍ ബന്ധങ്ങളുടെ ഉലച്ചിലില്‍ കൂടുതലായി ബാധിക്കപ്പെടുന്നുവെന്നും പരിതസ്ഥിതിയുമായി പൊരുത്തപ്പെടാന്‍ ഒരുപാട് സമയമെടുക്കുന്നുവെന്നും കണ്ടെത്തിയത് യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടനിലെ സോഷ്യോളജി ഗവേഷകരാണ്. 96 രാജ്യങ്ങളില്‍ നിന്നുള്ള 5,707 പുരുഷന്‍മാരേയും സ്ത്രീകളേയും നിരീക്ഷിച്ചാണ് പഠനം പൂര്‍ത്തിയാക്കിയത്.
ഈ ബ്രേക്കപ്പ് ആഘാതത്തിന് പിന്നില്‍ സാമൂഹിക കാരണങ്ങളാണ് കൂടുതല്‍. സ്ത്രീകള്‍ക്ക് ചുറ്റും ഒരു സപ്പോര്‍ട്ടിംഗ് സിസ്റ്റം ഉണ്ടെന്നുള്ളതാണ് ഏറ്റവും പ്രധാനം. കരഞ്ഞ് വിഷമം തീര്‍ക്കുകയും കൂട്ടുകാരോട് സംസാരിക്കുകയും കുടുംബത്തോടൊപ്പം ദു:ഖം പങ്കുവെയ്ക്കുകയും ചെയ്ത് സ്ത്രീകള്‍ കൂടുതല്‍ സോഷ്യലായി പെരുമാറുന്നു. ഇത് ദു:ഖം അതിജീവിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ പുരുഷന്‍മാരുടെ സാഹചര്യം വ്യത്യസ്തമാണ്.
പുരുഷന്‍മാരെ സംബന്ധിച്ചും പ്രണയത്തിലേക്ക് കടക്കുന്തോറും കൂട്ടുകാരുടെ സാന്നിധ്യം കുറയുകയും പ്രണയിനി മാത്രമുള്ള ലോകമായി ചുരുങ്ങുകയും ചെയ്യും. ഇത് പെട്ടെന്ന് ഇല്ലാതാകുമ്പോള്‍ എല്ലാം നഷ്ടമായത് പോലെ തോന്നും. സംസാരിക്കാനോ ആശ്വസിപ്പിക്കാനോ ചുറ്റും ആരും ഇല്ലാത്ത അവസ്ഥ. പുരുഷ സുഹൃത്ത് വൃന്ദങ്ങള്‍ക്കിടയില്‍ മല്‍സരബുദ്ധിയും താന്‍പോരിമയും കൂടുന്നത് പ്രശ്‌നങ്ങള്‍ പങ്കുവെയ്ക്കാന്‍ പലരേയും വിമുഖരാക്കും.
ആണുങ്ങള്‍ സ്‌ട്രോങ് ആവണമെന്ന സാമൂഹ്യനീതി കൊണ്ട് ദു:ഖം പുറത്ത് പറയാനും കഴിയാത്ത അവസ്ഥ. ആര്‍ക്കും മുന്നില്‍ കരയാനും കഴിയില്ല. ഇത് കൊണ്ടെത്തിക്കുന്നത് മദ്യത്തിലും പുകവലിയിലും മയക്കു മരുന്നിലും അഭയം തേടാനുള്ള പ്രവണതയിലും.
സ്ത്രീകള്‍ വിഷമം പ്രകടിപ്പിച്ച് ഇല്ലാതാക്കുമ്പോള്‍ മനസ്സിലിട്ട് വിങ്ങി ലഹരികള്‍ തേടും പുരുഷന്‍മാര്‍.
ഇതിലെല്ലാം പിന്നില്‍ മറ്റൊരു സൈക്കോളജി കൂടിയുണ്ട്. കാരണം ഒരു പ്രേമബന്ധത്തില്‍ കൂടുതല്‍ ഇമോഷണല്‍ ഗുണങ്ങളും നേട്ടവും ഉണ്ടാവുന്നത് പുരുഷന്‍മാര്‍ക്കാണെന്നും അതിനാല്‍ നഷ്ടം പെട്ടെന്ന് ആഘാതമാകുമെന്നും പറയുന്നു. വിവാഹ ബന്ധമല്ലാത്ത പ്രേമബന്ധങ്ങള്‍ സ്ത്രീകളേക്കാള്‍ ഏറെ വൈകാരികമായി ഗുണം ചെയ്യുന്നത് പുരുഷന്‍മാര്‍ക്കാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. എത്രത്തോളും ഉയരത്തില്‍ നിന്ന് വീഴുന്നുവോ അത്രത്തോളം ആഘാതം എന്നത് തന്നെ ശാസ്ത്രം.
Post Your Comments