ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ(70) കോടതിയില്‍ കീഴടങ്ങി. ബിഎന്‍പിയുടെ നേതാവും ഇപ്പോഴത്തെ പ്രതിപക്ഷനേതാവുമാണ് ഇവര്‍ അനുയായികള്‍ക്കൊപ്പമാണ് കോടതിയിലെത്തിയത്. അഞ്ച് കേസുകളിലും ഇവര്‍ക്ക് ജാമ്യം ലഭിച്ചു.
കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ വിരുദ്ധ റാലിയില്‍ ബസിനുനേരെ പെട്രോള്‍ ബോംബെറിഞ്ഞ സംഭവം, അഴിമതിക്കേസുകള്‍, ഷിപ്പിങ് മന്ത്രി ഷാജഹാന്‍ഖാനിന്റെ റാലിക്കു നേരെ ആക്രമണം എന്നീ കേസുകളിലാണ് ജാമ്യം ലഭിച്ചത്. രാജ്യദ്രോഹക്കേസിലും ധാക്ക ചീഫ് മെട്രോപ്പൊലിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് അവര്‍ ജാമ്യം നേടി. വിമോചന യുദ്ധത്തില്‍ പങ്കെടുത്തു രക്തസാക്ഷിത്വം വരിച്ചവരുടെ എണ്ണത്തില്‍ സംശയമുണ്ടെന്ന് ഒരു ചര്‍ച്ചയില്‍ ഇവര്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ പരാമര്‍ശത്തിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകന്‍ മംതാസ് ഉദ്ദിന്‍ അഹമ്മദ് മെഹ്ദിയാണ് കോടതിയെ സമീപിച്ചത്.
കോടതി അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ച് ഒരാഴ്ച തികയുംമുമ്പാണ് ഖാലിദയുടെ നാടകീയമായ കീഴടങ്ങല്‍. നേരത്തേ ഇവര്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി കോടതി തള്ളുകയും നേരിട്ട് വിചാരണ കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ബംഗ്ലാദേശ് കറന്‍സിയായ 1,00,000 ടാക ബോണ്ടിന്മേലാണ് കോടതി സിയക്ക് ജാമ്യം അനുവദിച്ചത്.
Post Your Comments