പാറ്റൂര്‍ കേസില്‍ ഇന്ന് മിക്കപത്രങ്ങളിലും വന്ന വാര്‍ത്ത വസ്തുതാപരമായി ശരിയല്ല എന്ന വിശദീകരണവുമായി വാര്‍ത്താകുറിപ്പ്. കേരളാ ലോകായുക്ത പയസ് സി കുര്യാക്കോസ് പാറ്റൂര്‍ കേസില്‍ ആരേയും കുറ്റവിമുക്തനാക്കിക്കൊണ്ട് ഒരുത്തരവും പുറപ്പെടുവിച്ചിട്ടില്ല എന്ന്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു. പാറ്റൂരെ 12.279 സെന്‍റ് ഭൂമി പിടിച്ചെടുക്കാന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു കൊണ്ട് മാര്‍ച്ച് 21-ന് ഒരു ഉത്തരവ് ഇറക്കുക മാത്രമാണ് ചെയ്തത്. പ്രസ്തുത ഉത്തരവ് ലോകായുക്തയുടേയും ഉപലോകായുക്തയുടേയും കയ്യൊപ്പോടു കൂടിയതും, ബന്ധപ്പെട്ട കക്ഷികളെ നിയമപരമായി ബാധിക്കുന്നതുമാണ്.
ഈ പ്രാഥമികഘട്ടത്തില്‍ കേസിന്‍റെ നന്മതിന്മകളിലേക്ക് താന്‍ ഇപ്പോള്‍ കടക്കുന്നില്ല എന്നാണ് ജസ്റ്റിസ് പയസ് സി കുര്യാക്കോസ് തന്‍റെ ഓര്‍ഡറില്‍ വ്യക്തമാക്കിയത്. ലോകായുക്തയും ഉപലോകായുക്തയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചില്‍ ഒരു ഓര്‍ഡര്‍ നിയമപരമായ ബാധ്യത ആയിമാറുന്നത് രണ്ട് പേരുടെയും കയ്യൊപ്പ് ചാര്‍ത്തപ്പെടുമ്പോഴാണ്. ഇപ്പോള്‍ ചില പത്രങ്ങളില്‍ വന്നിരിക്കുന്ന വാര്‍ത്ത ഉപലോകായുക്ത പുറപ്പെടുവിച്ച മറ്റൊരു ഓര്‍ഡറിനെ സംബന്ധിച്ചാണ്. ഈ ഓര്‍ഡറിനെപ്പറ്റി ലോകായുക്തയ്ക്ക് അറിവോ, പ്രസ്തുത ഓര്‍ഡറില്‍ അദ്ദേഹത്തിന്‍റെ കയ്യോപ്പോ ഇല്ല. അതിനാല്‍ തന്നെ അത് നിയമപരമല്ല. ലോകായുക്തയുടെ ഓര്‍ഡറില്‍ ആരേയും കുറ്റവിമുക്തരാക്കിക്കൊണ്ട് പരാമര്‍ശങ്ങളൊന്നുമില്ല. മാര്‍ച്ച് 21-ന് പുറപ്പെടുവിച്ച മുന്‍പ് പരാമര്‍ശിച്ച് ഉത്തരവ് മാത്രമാണ് ലോകായുക്തയും ഉപലോകായുക്തയും സംയുക്തമായി പുറപ്പെടുവിച്ചതായി ഇപ്പോഴുള്ളൂ. അതില്‍ പാറ്റൂരെ 12.279 സെന്‍റ് സ്ഥലം പിടിച്ചെടുക്കാന്‍ ജില്ലാകളക്ടര്‍ക്കുള്ള നിര്‍ദ്ദേശമാണുള്ളത്. മറിച്ചുള്ള വാര്‍ത്തകളെല്ലാം തെറ്റാണെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.
Post Your Comments