കോഴിക്കോട് : മുംബൈ ഛത്രപതി ശിവജി ടെര്‍മിനല്‍സില്‍ നിന്ന് എറണാകുളത്തേക്ക് ഈ വേനല്‍ക്കാലത്ത് 16 എയര്‍കണ്ടീഷന്‍ പ്രതിവാര തീവണ്ടികള്‍ ഓടിക്കും. സെന്‍ട്രെല്‍ റെയില്‍വേയാണ് തിരക്ക് പരിഗണിച്ച് ഏപ്രില്‍ 14 മുതല്‍ ജൂണ്‍ മൂന്നു വരെ പ്രത്യേക സര്‍വ്വീസിന് അനുമതി നല്‍കിയത്.
ദാദര്‍, താനെ, പനവേല്‍, റോഹ, ചിപഌന്, രത്നഗിരി, കങ്കാവലി, സാവന്ത് വാഡി റോഡ്, തിവിം, മഡ്ഗാവ്, കാര്‍വാര്‍, കുംത, കുന്ദാപുര, ഉഡുപ്പി, തോക്കൂര്‍, മംഗലാപുരം ജംഗ്ഷന്, കാസര്‍ഗോഡ്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, ആലുവ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. മുംബൈയില്‍ നിന്ന് വരുന്ന വണ്ടികള്‍ക്ക് എറണാകുളം ടൗണ്‍ സ്്റ്റേഷനിലും സ്റ്റോപ്പുണ്ട്.
10 ത്രീ ടയര്‍ എ.സി കോച്ചുകളും രണ്ട് സെക്കന്‍ഡ് ക്ലാസ് സിറ്റിങ് കോച്ചുകളും പാന്‍ട്രി കാറുമാണ് ഇതിലുണ്ടാകുക. ഇവയ്ക്കുള്ള റിസര്‍വേഷന്‍ ഞായറാഴ്ച ആരംഭിച്ചു. മുംബൈയില്‍ നിന്ന് എറണാകുളം ജംങ്ഷനിലേക്കും തിരിച്ചും എട്ടു വീതം വണ്ടികളാണ് ഓടിക്കുക. മുംബൈ സി.എസ്.ടിയില്‍ നിന്ന് 01065 നമ്പര്‍ വണ്ടി ഏപ്രില്‍ 14 മുതല്‍ ജൂണ്‍ രണ്ടു വരെ എല്ലാ വ്യാഴാഴ്ചകളിലും പുറപ്പെടും. രാത്രി 20.30 ന് പുറപ്പെടുന്ന വണ്ടി അടുത്ത ദിവസം 18.50 ന് എറണാകുളം ജംങ്ഷനിലെത്തും. 01066 നമ്പര്‍ വണ്ടി ഏപ്രില്‍ 15 മുതല്‍ ജൂണ്‍ മൂന്നു വരെ എറണാകുളത്തു നിന്ന് എല്ലാ വെള്ളിയാഴ്ചയും പുറപ്പെടും. രാത്രി 23.30 ന് പുറപ്പെടുന്ന വണ്ടി ഞായറാഴ്ച പുലര്‍ച്ചെ 01.20ന് മുംബൈയിലെത്തും.
Post Your Comments