ഖത്തറില്‍ വിദേശികള്‍ക്കുള്ള തൊഴില്‍നിയമങ്ങളിലെ പുതിയ മാറ്റങ്ങള്‍ ഈ വര്‍ഷാവസാനത്തോടെ നടപ്പിലാകും.കഴിഞ്ഞ വര്‍ഷം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയ നിര്‍ണ്ണായകമായ പരിഷ്ക്കാരങ്ങള്‍ ആണ് ഒരു വര്ഷം തികയുമ്പോള്‍ നിലവില്‍ വരാന്‍ പോകുന്നത്.
ഖത്തറില്‍ തൊഴിലിനായി എത്തുന്ന വിദേശികളുടെ തൊഴില്‍,താമസം എന്നിവയെ സംബന്ധിയ്ക്കുന്ന സുപ്രധാനമായ നിയമങ്ങളാണ് നിലവില്‍ വരുന്നത്.പുതിയ നിയമങ്ങള്‍ നടപ്പിലാകുന്നതോടെ കാലങ്ങളായി നിലവിലുള്ള സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായത്തിന് വിരാമമാകും.പകരം ജീവനക്കാരനും തൊഴിലുടമയും തമ്മില്‍ കരാര്‍ വ്യവസ്ഥകള്‍ കൊണ്ട് വരാനാണ് പുതിയ നിര്‍ദ്ദേശം.
പുതിയ നിയമം വരുന്നതോടെ രാജ്യം വിട്ട് യാത്ര ചെയ്യാന്‍ സ്പോണ്‍സര്‍മാരുടെ അനുവാദം തേടേണ്ടുന്ന അവസ്ഥ ഇല്ലാതാകും.പകരം തൊഴിലുടമയെ മാത്രമേ അറിയിക്കേണ്ടതുള്ളൂ.ഇപ്പോള്‍ കോണ്ട്രാക്റ്റ് വ്യവസ്ഥയില്‍ ഉള്ളവരുടെ കാലാവധി തീര്‍ന്നെങ്കില്‍ അവ പുതുക്കാനും തീരുമാനമായി.ഒരു ജോലി വിട്ടുപോയതിനു ശേഷം ഖത്തറില്‍ തിരികെയെത്തി പുതിയ തൊഴില്‍ തേടാന്‍ രണ്ടു വര്ഷം ഇനി കാത്തിരിയ്ക്കേണ്ടതില്ല എന്നതാണ് മറ്റൊരു സുപ്രധാനമായ തീരുമാനം..വിസ ഇടപാടുകളും കോണ്ട്രക്ടും തയ്യാറായാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഖത്തറില്‍ വന്നു ജോലിയ്ക്ക് ചേരാവുന്നതാണ്.
തൊഴിലുടമയും ജോലിയ്ക്കായി വരുന്നവരും തമ്മിലുള്ള കരാറാണ് അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ സുപ്രധാന രേഖ.മൂന്നോ അഞ്ചോ വര്‍ഷത്തേയ്ക്ക് ഒപ്പിടുന്ന കരാറിലെ വ്യവസ്ഥകള്‍ കരാര്‍ കാലയളവില്‍ കര്‍ശനമായി പാലിയ്ക്കാന്‍ രണ്ടു കൂട്ടരും ബാധ്യസ്ഥരാണ്.
കഴിഞ്ഞ വര്‍ഷം തീരുമാനമായ നിയമങ്ങള്‍ ഡിസംബറോടെ നിലവില്‍ വരും.സോഷ്യല്‍ മീഡിയയുള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ ഈ വ്യവസ്ഥകള്‍ക്ക് പ്രചാരം നല്‍കാനും ഗവണ്മെന്‍റ് ആലോചിയ്ക്കുന്നുണ്ട്.
Post Your Comments