KeralaEast Coast Special

കയ്യെത്തും ദൂരെ ഒരു അവധിക്കാലം

  രശ്മി രാധാകൃഷ്ണന്‍

നമ്മുടെ നാട്ടില് വേനല്ക്കാലത്തെ ‘സ്കൂള് വെക്കേഷന്’ അവധിക്കാലം അല്ലാതായി മാറിയിട്ട് കാലം കുറെയായി.
  മദ്ധ്യവേനലവധിയുടെ കെട്ടും മട്ടും പാടെ മാറിക്കഴിഞ്ഞു.ഇപ്പോള് സ്കൂള് ഉള്ള ദിവസങ്ങളേക്കാള് കൂടുതല് കുട്ടികള് തിരക്കിലാവുന്നത് ഈ രണ്ടു മാസങ്ങളിലാണ്.പഠന ദിവസങ്ങളേപ്പോലെ തന്നെ അവധിക്കാലത്തെക്കുറിച്ചും അവര്ക്ക് വ്യക്തമായ പ്ലാനിംഗ് ഉണ്ട്.അതിനനുസൃതമായി പരിശീലന ക്ലാസ്സുകളും സമ്മര് ക്യാമ്പുകളും ഒരുങ്ങിക്കഴിഞ്ഞു.അങ്ങനെ അവധിക്കാലം മറ്റൊരു തരത്തിലുള്ള പഠനകാലം തന്നെയാവുന്നു.
     പരീക്ഷകള് കഴിഞ്ഞാല് ഫലം അറിയാന് പണ്ടത്തെത് പോലെ ഇപ്പോള് കാലതാമസമില്ല. ഒട്ടുമിക്ക സ്കൂളുകളിലും ആഴ്ചകള്ക്കുള്ളില്തന്നെ റിസള്ട്ട് തയ്യാറാകും. ഉടന് തന്നെ വെക്കേഷന് സ്പെഷല് ക്ലാസ്സുകളും തുടങ്ങും.ഏഴാം ക്ലാസ് വരെയുള്ള കുട്ടികള്ക്ക് അവധിക്കാലത്ത് സ്പെഷ്യല് ക്ലാസ്സുകള് നടത്തുന്നത് സുപ്രീം കോടതി നിരോധിച്ചത് കൊണ്ട് ഈ വര്ഷം മുതല് പ്രൈമറി വിദ്യാര്ത്ഥികള് രക്ഷപ്പെട്ടു.ഓരോ അധ്യയന വര്ഷവും കനത്ത സിലബസുകള് തീര്ക്കാന് ഓടുന്ന അധ്യാപകരും പിറകേയോടുന്ന കുട്ടികളും ചേര്ന്ന് കത്തുന്ന വേനലിനോടൊപ്പം ക്ലാസ്മുറികളും പുകയും.പക്ഷെ,അവധിക്കാലം തിന്നു തീര്ക്കുന്ന ഈ സ്പെഷ്യല് ക്ലാസ്സുകളെ കുട്ടികളോ രക്ഷിതാക്കളോ ഇപ്പോള് ഒരു ബാധ്യതയായി കാണുന്നില്ലെന്നതാണ് വസ്തുത.കാരണം അവര്ക്കും സിലബസിനെക്കുറിച്ച് ധാരണയുണ്ട്.ഡിസംബര് മാസത്തോടെ ക്ലാസ്സുകള് തീര്ക്കണം,പിന്നെ രണ്ടു വട്ടം റിവിഷന്,രണ്ടു റൌണ്ട് മോഡല് പരീക്ഷ എന്നൊക്കെ തരംതിരിച്ചു നല്കുന്ന ഒരു അധ്യയന വര്ഷത്തിന്റെ മുന്നോടിയാണ് ഈ സ്പെഷ്യല് ക്ലാസ്സുകള് എന്നത് കൊണ്ട് തന്നെ .മാത്രമല്ല പകലന്തിയോളം ജോലിത്തിരക്കുകളിലാകുന്ന രക്ഷിതാക്കള്ക്ക് കുട്ടികള് ഒറ്റയ്ക്ക് വീട്ടിലാവുന്നതിന്റെ ആധിയൊഴിവാക്കുകയും ചെയ്യാം.
  ലോകത്തിന്റെ എല്ലായിടത്തും കാലാവസ്ഥയുമായി ബന്ധപ്പെടുത്തി സ്കൂള് അവധികള് ക്രമീകരിക്കുന്ന സംപ്രദായം തന്നെയാണ് നിലവിലുള്ളത്.പ്രകൃതി പ്രതികൂലമായിരിക്കുന്ന അവസ്ഥയില് ശരീരത്തിന് വിശ്രമം ആവശ്യമാണ്.കായികവും ബൌദ്ധികമായ അദ്ധ്വാനങ്ങള് നിയന്ത്രിക്കേണ്ട കാലം.നമ്മുടെ നാട്ടിലെ വേനല്ക്കാലം കടുത്ത ചൂടിന്റെതാണ്.പഠനത്തിനു ഒട്ടും അനുയോജ്യമല്ലാത്ത സമയം.ക്ലാസ് മുറികളിലെ ചൂടില് തിങ്ങിയിരുന്നുള്ള പഠനം ബുദ്ധിയെ ദോഷകരമായി ബാധിക്കും.ഫലപ്രദമായ ഒരു അവധിക്കാലം എല്ലാവര്ക്കും ആവശ്യമാണ്.
ഒരു വര്ഷം മുഴുവന് കാത്തിരുന്ന അവധിക്കാലം തുടങ്ങുമ്പോള് തറവാടിന്റെയോ അമ്മവീടിന്റെയോ ഗൃഹാതുരതയിലെയ്ക്കുള്ള യാത്രാ പരിപാടികള് ഇപ്പോള് ചുരുങ്ങിയിരിക്കുന്നു..മിക്കയിടങ്ങളിലും ഇല്ലാതായിരിക്കുന്നു.നഗരത്തിലെ കുട്ടികള് ഫ്ലാറ്റുകളിലോ വില്ലകളിലോ ഇന്ഡോര് ഗെയ്മുകളുടെ തണുപ്പില് സ്വസ്ഥരാകും.ആറ്റിലും തോട്ടിലും അന്തിയാവോളം നീന്തിക്കളിക്കുന്ന,കൊയ്ത്തുകഴിഞ്ഞുണങ്ങിയ പാടങ്ങളില് പൊടി പറത്തുന്ന കുട്ടിക്കൂട്ടങ്ങള് ഇപ്പോള് കാണാക്കാഴ്ചയാണ്.മാന്പഴത്തിന്റെയും കശുവണ്ടിയുടെയും ഉത്സവപ്പറന്പിലെ ആനയുടെയും ചൂര് മണക്കുന്ന അവധിക്കാലം ഇന്ന് അപൂര്വ്വം കുട്ടികളുടെ മാത്രം ഭാഗ്യമാണ്.ബാക്കിയുള്ളവര് എന്താണ് ചെയ്യുന്നത്?അവര് തിരക്കിലാണ്..
  രണ്ടു മാസത്തെ വെക്കേഷന് പൂര്ണ്ണമായും അവധിക്കാലമായി കളയേണ്ടതില്ല.രക്ഷിതാക്കള് കുട്ടികളുടെ കഴിവുകള് കണ്ടറിഞ്ഞു പ്രോത്സാഹിപ്പിക്കണം.അഭിരുചിയനുസരിച്ച് തിരഞ്ഞെടുക്കാവുന്ന പരിശീലനക്ലാസ്സുകള് ഇന്ന് സുലഭമാണ്.ഏറ്റവും ഫലപ്രദമായ ഒന്നാണ് ഭാഷാ ക്ലാസ്സുകള്.പുതിയൊരു ഭാഷ പഠിക്കുന്നത് എന്ത് കൊണ്ടും രസകരമാണ്.സ്പോക്കന് ഇന്ഗ്ലിഷും ഗ്രാമ്മര് ക്ലാസ്സുകളും,സ്കൂള് പഠനത്തിനു കൂടി സഹായകരമായത് കൊണ്ടായിരിക്കും,പണ്ട് മുതല് തന്നെ വെക്കേഷന്റെ ഇഷ്ടവിഷയങ്ങളാണ്.ശാസ്ത്രവിഷയങ്ങളോട് അഭിരുചിയുള്ളവര്ക്ക് സര്വ്വകലാശാലകളുമായി ബന്ധപ്പെട്ടു അഭിരുചി ക്ലാസ്സുകളില് ചേരാം.സിനിമയുടെയും സാഹിത്യത്തിന്റെയും അടിസ്ഥാന പരിശീലനങ്ങള് നല്കുന്ന ക്യാമ്പുകളും ഇപ്പോള് ധാരാളമുണ്ട്.

  ആണ്കുട്ടികളും പെണ്കുട്ടികളും തമ്മില് അഭിരുചി ക്ലാസ്സുകള് തിരഞ്ഞെടുക്കുന്നതില് ഉണ്ടായിരുന്ന വ്യക്തമായ വ്യത്യാസങ്ങള് ഇല്ലാതായി വരുന്നുണ്ട്.കുറച്ചുകാലം മുന്പ് വരെ പെണ്കുട്ടികള് പൊതുവേ നൃത്തം,പാട്ട്,തയ്യലിന്റെ പരിഷ്കൃത രൂപങ്ങളായ എമ്ബ്രോയ്ഡറി,ഗ്ലാസ്-ഓയില്-ഫാബ്രിക് പെയിന്റിംഗ് മുതലായവ ലളിതകലകളിലെയ്ക്ക് പോകുമ്പോള് ആണ്കുട്ടികള് ക്രിക്കറ്റ്,ഫുട്ബോള്,നീന്തല്,മാര്ഷ്യല് ആര്ട്സ്എന്നിവയായിരിക്കും കൂടുതലും തിരഞ്ഞെടുക്കുക.ഇപ്പോള് എല്ലാവരും എല്ലാം പഠിക്കുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങള് മാറിയിട്ടുണ്ട്.കാലത്തിന്റെ ആവശ്യം എന്ന നിലയിലായിരിക്കാം ഇപ്പോള് കരാട്ടെ പോലുള്ള ആയോധനകലകള് പരിശീലിക്കുന്ന പെണ്കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ട്.നീന്തല്,പാചകം,യോഗതുടങ്ങിയവയ്ക്കും പരിശീലന ക്ലാസ്സുകള് ഉണ്ട്.സഭാകന്പം മാറി സദസ്സിനെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാന് പരിശീലനം നല്കുന്ന ക്ലാസ്സുകള് ഉണ്ട്.ഓര്മ്മ ശക്തി,കയ്യക്ഷരം എന്നിവ മെച്ചപ്പെടുത്താം..പ്രസംഗ പരിശീലനം നടത്താം.ഒട്ടു മിക്ക പരിശീലന ക്ലാസ്സുകള്ക്കും ക്യാംപുകള്ക്കും ഫീസ് കനത്തതാണ്.അതിനു തക്ക ഗൂണം ലഭിക്കുന്നുണ്ടോ അതോ കച്ചവടം മാത്രമാണോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.ക്യാമ്പുകളിലെ സുരക്ഷിതത്വത്തെക്കുറിച്ചും ഉറപ്പു വരുത്തേണ്ടതുണ്ട്..കുട്ടികളെ ക്ലാസ്സുകളില് കൊണ്ട് തള്ളിയിട്ടു ആശ്വസിക്കാതെ,കൃത്യമായി അന്വേഷിച്ചു കൊണ്ടിരിക്കുകയും വേണം.
 വര്ഷം മുഴുവന് നീളുന്ന തിരക്കുകളില് നിന്നൊരു ഇടവേളയാണ് മധ്യവേനലവധിക്കാലം.മുറികളുടെ തണുപ്പില് ചടഞ്ഞിരുന്നു ടീവിയു കപ്യൂട്ടരും വീഡിയോ ഗെയ്മുകളും മാത്രമായി കുട്ടികളുടെ അവധിക്കാലം ചുരുങ്ങാതിരിക്കട്ടെ.എന്നാല് കോച്ചിംഗ് ക്ലാസ്സുകള് മാത്രം കൊണ്ട് എല്ലാമായി എന്ന ചിന്തയില് ഒതുങ്ങുകയുമരുത്.തിരക്കുകള്ക്കിടയില് അവരോടൊപ്പം ചിലവഴിക്കാന് കൂടി രക്ഷിതാക്കള് സമയം കണ്ടെത്താം.അവര് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത് അവരുടെ ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യത്തില്ക്കൂടിയാണ്.ഓര്ക്കാന് രസമുള്ള ‘സ്പെഷ്യല്’ അവധിക്കാലമാക്കി മാറ്റാന് അവരോടൊപ്പം നില്ക്കേണ്ടതുണ്ട്.അവരോടൊപ്പം മറക്കാനാവാത്ത യാത്രകള് പോകാം.പ്രകൃതിയുമായി ബന്ധപ്പെട്ട ഒരു ഓര്മ്മ പോലും ഇല്ലാതാകുന്ന അവസ്ഥയാണിന്ന്.പ്രകൃതിയുടെയും ജീവിക്കുന്ന ചുറ്റുപാടുകളുടെയും പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കുന്ന യാത്രകള് പോകാം.അതോടൊപ്പം വായന ഒഴിവാക്കാതിരിക്കുക.നല്ല നല്ല കുഞ്ഞു പുസ്തകങ്ങള് അവര്ക്ക് സമ്മാനമായി നല്കാം.ചെറിയ കുറിപ്പുകള് എഴുതാന് നിര്ദേശിക്കാം.ശ്രേഷ്ഠരായ ഗുരുക്കന്മാരും ഏറ്റവുമടുത്ത വിശ്വസ്തരായ സുഹൃത്തുക്കളുമാണ് നല്ല പുസ്തകങ്ങള്.നാല് ചുമരുകള്ക്കിടയിലിരുന്നു കുട്ടികള് കാണുന്ന കാഴ്ചകള്ക്കും അതില് നിന്ന് രൂപപ്പെടുന്ന കാഴ്ച്ചപ്പാടിനും അതിന്റെതായ പരിധികളും പരിമിതികളുമുണ്ട്.അവരുടെ ഭാവനകള്ക്ക് സങ്കല്പ്പങ്ങള്ക്കും ചിറകുകള് ഉണ്ടാവട്ടെ..
  നമ്മള് തിരക്കിലാണ്..നഷ്ട്ടപ്പെട്ട നനവുകളെയോര്ത്ത്പരിതപിക്കുന്ന നമ്മള് വരും തലമുറകള്ക്കായി എന്തൊക്കെ ബാക്കി വച്ചിട്ടുണ്ട് എന്നും കൂടി ചിന്തിക്കേണ്ടതാണ്.തലമുറകളെ പ്രതിക്കൂട്ടിലാക്കി കുറ്റപ്പെടുത്തുന്നതിനു മുന്പ് നമ്മള് എന്തായിരുന്നെന്നും ഇപ്പോള് എന്താണെന്നും ചിന്തിക്കുക.മണ്ണറിഞ്ഞു മഴയറിഞ്ഞു ഗ്രാമങ്ങളില് ജീവിച്ച ഒരു തലമുറയുടെയും പച്ചപ്പ് ഓര്മ്മകളില് പോലും ഇല്ലാതാവുന്ന അതിവേഗക്കാരായ മറ്റൊരു തലമുറയുടെയും ഇടയിലാണ് ഇന്നത്തെ രക്ഷിതാക്കള്. ആശങ്കപ്പെട്ടിട്ടു കാര്യമില്ല.കുട്ടികള് അവരുടെ കാലം അടയാളപ്പെടുത്തട്ടെ.അത് നല്ല രീതിയിലാകാന് അവരോടൊപ്പം നില്ക്കാം.അവധിക്കാലങ്ങള് അവര്ക്ക് നല്ല ഓര്മ്മകളും കൂടി നല്കട്ടെ..

shortlink

Related Articles

Post Your Comments

Related Articles


Back to top button