ജോഹന്നാസ്ബര്‍ഗ് : രണ്ട് വര്‍ഷം മുന്‍പ് കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം എം.എച്ച് 370 ന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചന. ദക്ഷിണാഫ്രിക്കന്‍ തീരമായ മോസല്‍ ബേയില്‍ നിന്നാണ് വിമാനത്തിന്റെ എഞ്ചിന്റെ ഭാഗമെന്ന് കരുതുന്ന അവശിഷ്ടം ലഭിച്ചത്. ബോയിംഗ് വിമാനങ്ങള്‍ക്ക് വേണ്ടി എഞ്ചിന്‍ നിര്‍മ്മിച്ച് നല്‍കുന്ന റോള്‍സ് റോയ്സ് കമ്പനിയുടെ ലോഗോ രേഖപ്പെടുത്തിയ ഭാഗമാണ് ഒരു ദക്ഷിണാഫ്രിക്കന്‍ പുരാവസ്‌തു ശാസ്‌ത്രജ്ഞന് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് കാണാതായ ബോയിംഗ് 777 ന്റെ തന്നെയാണോയെന്ന് വിദഗ്ധ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ.
അതേസമയം, പുതിയ അവശിഷ്ടം ലഭിച്ച വിവരം മലേഷ്യന്‍ ഗതാഗത മന്ത്രി ലിയോ ടിയോംഗ് ലായ് സ്ഥിരീകരിച്ചു. എം.എച്ച് 370 ന്റേത് തന്നെയാണോ ഇതെന്ന് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും അവശിഷ്ടം വീണ്ടെടുക്കാന്‍ ഒരു ടീമിനെ ദക്ഷിണാഫ്രിക്കയിലേക്ക് അയക്കുമെന്നും ടിയോംഗ് ലായ് പ്രസ്താവനയില്‍ അറിയിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെ ദക്ഷിണാഫ്രിക്കയിലെ തെക്കന്‍ തീരനഗരമായ മോസല്‍ ബേയ്ക്ക് സമീപം ഒരു ലഗൂണിലൂടെ നടക്കുമ്പോഴാണ് പുരാവസ്തു ശാസ്ത്രഞ്ജനായ നീല്‍സ് ക്രൂഗറിന് അവശിഷ്ടം ലഭിച്ചത്.
2014 മാര്‍ച്ച് എട്ടിനാണ് അഞ്ച് ഇന്ത്യക്കാരടക്കം 239 യാത്രക്കാരുമായി മലേഷ്യന്‍ ബോയിംഗ് 777 വിമാനം കാണാതായത്.
കഴിഞ്ഞയാഴ്ച ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്ക് തീരത്ത് നിന്നും എം.എച്ച് 370യുടേതെന്ന് കരുതുന്ന ഭാഗം ലഭിച്ചിരുന്നു. ഇത് പരിശോധനകള്‍ക്കായി ഓസ്ട്രേലിയയിലേക്ക് അയച്ചിരിക്കുകയാണ്.
Post Your Comments