ബ്രസ്സല്‍സ്: ബെല്‍ജിയത്തില്‍ ബ്രസ്സല്‍സിലുണ്ടായ സ്‌ഫോടനത്തിലെ മുഖ്യപ്രതികളിലൊരാളെന്ന് കരുതുന്നയാള്‍ പിടിയിലായതായി റിപ്പോര്‍ട്ട്. സാവാന്റം വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ ചാവേറുകള്‍ക്കൊപ്പം കണ്ട നജീം ലാച്ചറോവിയാണ് പിടിയിലായത്. ബ്രസ്സല്‍സില്‍ ചൊവ്വാഴ്ച്ചയുണ്ടായ സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്തത് ബക്രൗവി സഹോദരന്‍മാരാണെന്ന് ബെല്‍ജിയന്‍ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഖാലിദ്, ബ്രാഹം എല്‍ ബക്രൗവി എന്നിവരുടെ ചിത്രങ്ങള്‍ സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞതാണ് പ്രധാന തെളിവായത്. ഇയാള്‍ക്കൊപ്പം കണ്ട തൊപ്പിവെച്ച മൂന്നാമനാണ് നജീം.
ചാവേറുകളായ രണ്ടു പേരുടെ ശരീരഭാഗങ്ങള്‍ വിമാനത്താവളത്തില്‍ നിന്നു കിട്ടിയിരുന്നു. മൂന്നാമനെ തിരിച്ചറിയാനുള്ള ശ്രമത്തിലായിരുന്നു പോലീസ്. ബുധനാഴ്ച ഇയാള്‍ അറസ്റ്റിലായതായി ബെല്‍ജിയന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇയാളുടെ ഡി.എന്‍.എ പാരീസ് സ്‌ഫോടനം ആസൂത്രണം ചെയ്തവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് കിട്ടിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പാരിസ് ആക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ സലാ അബ്ദെസലാം പിടിയിലായത്. ഇയാള്‍ക്കൊപ്പം നജീം കഴിഞ്ഞ സെപ്തംബറില്‍ ഹംഗറിയിലേക്ക് യാത്ര ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച്ച സാവന്റം വിമാനത്താവളത്തിലും തൊട്ടു പിന്നാലെ ഒരു മെട്രോ സ്റ്റേഷനിലും ഉണ്ടായ സ്‌ഫോടനത്തില്‍ 35 പേരാണ് മരിച്ചത്. 250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്ത്വം ഇസ്ലാമിക് സ്റ്റേറ്റ്‌സ് ഏറ്റെടുത്തു. സമാനമായ കൂടുതല്‍ ആക്രമണങ്ങളുണ്ടാവുമെന്ന് ഐ.എസ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
Post Your Comments