2018-ല്‍ റഷ്യയില്‍ നടക്കാനിരിക്കുന്ന ഫുട്ബോള്‍ ലോകകപ്പിന്‍റെ യോഗ്യതാമത്സരങ്ങള്‍ ഈ ആഴ്ച ലോകമെമ്പാടും അരങ്ങേറും. ലാറ്റിന്‍ അമേരിക്കയില്‍ ബ്രസീല്‍-ഉറുഗ്വേ, ചിലി-അര്‍ജന്‍റീന പോരാട്ടങ്ങള്‍ അരങ്ങു കൊഴിപ്പിക്കുമ്പോള്‍ യൂറോപ്പില്‍ ലോകചാമ്പ്യന്‍മാരായ ജര്‍മ്മനിക്ക് അസര്‍ബൈജാനാണ് എതിരാളികള്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ഹംഗറിയുമായും ടിക്കി-ടാക്ക കാലത്തിന്‍റെ ഓര്‍മ്മകളില്‍ മുന്‍ചാമ്പ്യന്മാരായ സ്പെയിന്‍ ഇസ്രയേലുമായും കൊമ്പുകോര്‍ക്കും. ഇറ്റലി-അല്‍ബേനിയ, ഇംഗ്ലണ്ട്-ലിത്വാനിയ, ബെല്‍ജിയം-ഗ്രീസ് പോരാട്ടങ്ങളും അരങ്ങേറും.
ഇതിനിടെ ക്ലബ്ബ് ഫുട്ബോളില്‍ ബാഴ്‌സലോണയ്ക്കു വേണ്ടി കളിക്കുന്ന ഉറുഗ്വേയുടെ ലൂയിസ് സുവാരസും, ബ്രസീലിന്‍റെ നെയ്‌മറും തങ്ങളുടെ രാജ്യത്തിനായി പരസ്പരം ഏറ്റുമുട്ടുമ്പോള്‍ ജയിക്കുന്നതാര് എന്നതിനെ ചൊല്ലി പന്തയം വച്ചിരിക്കുകയാണ്. കൌതുകകരമായ കാര്യം, വിജയിക്കുന്ന ആള്‍ക്ക് ലഭിക്കുക ഒരു ബര്‍ഗര്‍ ആണെന്നതാണ്. ഇറ്റലിയുടെ ജിയോര്‍ജ്ജിയോ ചെല്ലിനിയെ ബ്രസീല്‍ ലോകകപ്പിനിടയില്‍ കടിച്ച് പരിക്കേല്‍പ്പിച്ചതിന് അന്താരാഷ്‌ട്ര മത്സരങ്ങളില്‍ കളിക്കുന്നതിന് ഫിഫ ഏര്‍പ്പെടുത്തിയ വിലക്കിനു ശേഷം ആദ്യമായി രാജ്യത്തിനു വേണ്ടി ബൂട്ട് കെട്ടുന്ന സുവാരസ് പറയുന്നത് പന്തയം വെറുമൊരു തമാശയാണെന്നും തങ്ങള്‍ നല്ല സുഹൃത്തുക്കലാണെന്നുമാണ്.
പക്ഷേ ജയിക്കുന്ന ആള്‍ തോല്‍ക്കുന്നയാളെ കണക്കിന് കളിയാക്കുമെന്നും സുവാരസ് മുന്നറിയിപ്പ് നല്‍കി.
Post Your Comments