കൊല്‍ക്കത്ത: ബംഗാളിലെ അരംബഗില്‍ നിന്നുള്ള ലോക്‌സഭാംഗമായ അപരുപ പോദര്‍ എം.പി ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ നാരദ എന്ന വാര്‍ത്താ സൈറ്റ് പുറത്തുവിട്ടു. പതിനാറാം ലോകസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായിരുന്നു അപരുപ പോദര്‍. ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്ന ഇവര്‍ പണം കൊണ്ടു പോകാനായി സഹായികളോട് പേഴ്‌സ് കൊണ്ടുവരാന്‍ പറയുന്നതും വീഡിയോയിലുണ്ട്.
മുന്‍ റെയില്‍മന്ത്രിയും ടിഎംസിയുടെ ഏറ്റവും മുതിര്‍ന്ന നേതാവുമായ മുകുള്‍ റോയി അടക്കമുള്ള നേതാക്കള്‍ കൈക്കൂലി വാങ്ങുന്ന വീഡിയകള്‍ നേരത്തെ നാരദ സൈറ്റ് പുറത്തുവിട്ടിരുന്നു. ഇതേ തുടര്‍ന്ന് പാര്‍ലമെന്റ് എത്തിക്‌സ് കമ്മറ്റി കൈക്കൂലി കേസ് അന്വേഷിക്കാന്‍ തീരുമാനിച്ചിരുന്നു. തെഹല്‍ക്കയിലെ മുന്‍ മാധ്യമപ്രവര്‍ത്തകനായ മാത്യു സാമുവലിന്റെ നേതൃത്വത്തിലുള്ള സംഘം 2014 മുതല്‍ നടത്തിയ സ്റ്റിംഗ് ക്യാമറാ ഓപ്പറേഷന്‍ ദൃശ്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
മുകുള്‍ റോയി 20 ലക്ഷം രൂപയാണ് കൈക്കൂലി വാങ്ങുന്നത്. മുന്‍ കേന്ദ്രമന്ത്രിമാരായ സുല്‍ത്താന്‍ അഹമ്മദ് എം.പി, സുഗതാ റോയി എം.പി എന്നിവര്‍ അഞ്ച് ലക്ഷം രൂപ വാങ്ങുന്ന ദൃശ്യങ്ങളും പുറത്തുവിട്ടു. മമതാ മന്ത്രിസഭയിലെ പഞ്ചായത്ത് ഗ്രാമീണ വികസന വകുപ്പ് മന്ത്രി സുബ്രതാ മുഖര്‍ജി, നഗരവികസനമന്ത്രി ഫര്‍ഹാദ് ഹക്കിം, മുന്‍ മന്ത്രി മദന്‍ മിത്ര എന്നിവരും അഞ്ച് ലക്ഷം രൂപ വീതമാണ് കൈപ്പറ്റിയത്. ശാരദാ ചിറ്റ് ഫണ്ട് കേസില്‍ ജയിലിലാണ് നിലവില്‍ മദന്‍ മിത്ര. കൊല്‍ക്കത്ത മേയര്‍ പ്രസൂന്‍ ബാനര്‍ജി എന്നിവര്‍ നാല് ലക്ഷം രൂപ വീതം വാങ്ങി. ബംഗാള്‍ എംഎല്‍എ ഇക്ബാല്‍ അഹമ്മദ്, ടിഎംസി നേതാക്കളായ സുവേന്ദു അധികാരി, കക്കോലി ഘോഷ് ദസ്തികര്‍ എന്നിവരും അഞ്ച് ലക്ഷം രൂപ വീതം കൈപ്പറ്റുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 5 ലക്ഷം രൂപ കൈക്കൂലി വാങ്ങി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എംഎച്ച് അഹമ്മദ് മിര്‍സയാണ് മറ്റ് നേതാക്കളിലേക്ക് സംഘത്തെ നയിച്ചത്. ഇങ്ങനെ നാരദയുടെ വീഡിയോ ഓപ്പറേഷനിലൂടെ മമതാ ബാനര്‍ജിയുടെ മന്ത്രിസഭയിലെ മിക്ക എംഎല്‍എമാരും അഴിമതി ആരോപണങ്ങളില്‍ കുടുങ്ങി കിടക്കുകയാണ്. വീഡിയോ കാണാം…
Post Your Comments