WomenEditorial

അവളുടെ ആശങ്കകള്‍ക്ക് ഒരു അറുതി ഇനിയെന്ന്?

    അടുത്തിടെയിറങ്ങിയ ‘നിലം’ എന്ന ഹ്രസ്വചിത്രത്തില്‍ ഒരു രംഗമുണ്ട്.അടക്കാനാവാത്ത മൂത്രശങ്ക പരിഹരിയ്ക്കാന്‍ ഇടം കണ്ടെത്താനാവാതെ ഒരു സ്ത്രീ ഒരു ഹോട്ടലില്‍ കയറുന്നു. ആ സമയത്ത് ഒട്ടും ആവശ്യമില്ലെങ്കിലും ഒരു ചായ പറഞ്ഞിട്ട് അത്യാവശ്യമായി ബാത്രൂമിലേയ്ക്ക് കേറുന്നു,ഉടന്‍ തന്നെ മൂക്കും പൊത്തി തിരിച്ചിറങ്ങുന്നു.കേരളത്തിലെ യാത്ര ചെയ്യുന്ന നല്ലൊരു ശതമാനം സ്ത്രീകളും ഒരിയ്ക്കലെങ്കിലും ഈ അവസ്ഥ അനുഭവിച്ചിട്ടുണ്ടാകും.
      ജീവശാസ്ത്രപരമായും മനുഷ്യാവകാശപരമായും അവശ്യമായ ഒരു അടിസ്ഥാനകാര്യം പൊതുസമൂഹത്തില്‍ സ്ത്രീകള്‍ക്ക് നിരാകരിയ്ക്കപെടുന്നതിന്റെ,അല്ലെങ്കില്‍ പരിഗണിയ്ക്കപ്പെടാത്തതിന്റെ ഉത്തമദൃഷ്ടാന്തമാണ് ഇത്.പ്രാഥമികമായി പരിഗണിയ്ക്കപ്പെടെണ്ടുന്ന ഒരു അവകാശം യുദ്ധം ചെയ്ത് നേടിയെടുക്കേണ്ട ഒരു കാര്യമായി മാറിയതെന്തുകൊണ്ടാണ്.പൊതു ഇടങ്ങള്‍ സ്ത്രീകള്‍ക്കും അവളുടെ ആശങ്കകള്‍ക്കും ഒരിയ്ക്കലും കാതോര്‍ത്തിട്ടില്ല എന്നതാണ് അതിനുത്തരം.അല്ലെങ്കില്‍ കേരളത്തിലെ പൊതു ഇടങ്ങള്‍ ഒരിയ്ക്കലും .അവള്‍ക്ക് വേണ്ടി ചിന്തിയ്ക്കുന്ന ഒരു ഇടമല്ല..
           റെക്കോഡ് ചൂടാണ് കേരളത്തില്‍ ഇത്തവണ…ദീര്‍ഘദൂരയാത്രകളില്‍ വെള്ളം പോലും കുടിയ്ക്കാതെ അടക്കിയ ആശങ്കകളോടെ സ്ത്രീകള് സഞ്ചരിയ്ക്കുന്നു.പബ്ലിക് കക്കൂസുകള്‍ നമ്മുടെ നാട്ടിലെ വികലമായ സാമൂഹ്യബോധത്തിന്റെ നേര്ചിത്രമാണ്.ഇനി വരുന്നയാള്‍ക്കും കൂടി ഉപയോഗിയ്ക്കാനുള്ളതാണെന്ന സഹജബോധവും സാമൂഹ്യബോധവും വകതിരിവും വട്ടപ്പൂജ്യമാണ് ഇവിടെ.പൊതുസ്ഥലങ്ങള്‍ വൃത്തികേടാക്കിയിട്ടു വഴിയരികിലും മരത്തിന്‍റെ മറവിലും പുരുഷന്മാര്‍ കാര്യം സാധിയ്ക്കുമ്പോള്‍ പ്രാഥമികമായ ഈ അവകാശം നിഷേധിയ്ക്കപ്പെട്ടു നിസ്സഹായരാകുന്നത് സ്ത്രീകളാണ്..കാലമെത്ര കഴിഞ്ഞു.നാട് എത്ര പുരോഗമിച്ചു..ഈ കാര്യത്തില്‍ ഒരു മാറ്റവുമില്ല.ഈ പ്രശ്നത്തിന്‍റെ തിക്തഫലങ്ങള്‍ ആരോഗ്യപരമായി ബാധിയ്ക്കപ്പെടുന്നവരില്‍ കൊച്ചുപെണ്‍കുട്ടികളും വൃദ്ധകളും ഗര്‍ഭിണികളും ഒക്കെയുണ്ട്.ട്രെയിന്‍,ബസ് സ്റാന്റുകള്‍.റെയില്‍വെ സ്റെഷനുകള്‍ എന്ന് തുടങ്ങി പൊതുവായ ഒരിടം പോലും ഈ കാര്യത്തില്‍ സ്ത്രീസൌഹൃദമല്ല.. ശുചിയായ ടോയിലറ്റുകൾ, നാപ്കിൻ വെൻഡിംഗ് മെഷീനുകൾ, വിശ്രമ കേന്ദ്രങ്ങൾ ഇവയൊന്നുമില്ലാതെ സ്ത്രീശാക്തീകരണം പ്രസംഗിച്ചിട്ട്‌ എന്ത് പ്രയോജനം.
       പൊതുജനാരോഗ്യത്തിന് പൊതുസ്ഥലങ്ങളിലെ ശൌചാലയം അനിവാര്യമാണ്, പൊതുജനാരോഗ്യ പരിപാലനം സ൪ക്കാരുകളുടെ ഉത്തരവാദിത്വമാണ് ഗ്രാമങ്ങളുടേയും നഗരങ്ങളുടേയും വികസനത്തിന്റെ മുഖം കൂടിയാകും അതത് ഇടങ്ങളിലെ വൃത്തിയുള്ള ശൌചാലയം.അതിനു ചെവി കൊടുക്കാതെ ഓരോ തിരഞ്ഞെടുപ്പിലും സ്ത്രീയുടെ ഉന്നമനത്തിന് കോടികളുടെ പദ്ധതികള്‍ നടപ്പാക്കാന്‍ പ്രസംഗിയ്ക്കുന്ന കപടവികസനക്കാര്‍ക്ക് ഇനിയെന്നാണ് ബോധമുണ്ടാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button