ആലപ്പുഴ : വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയുടെ വീടിന്റെ മുന്നില്‍ യുവാവ് ആത്മഹത്യ ചെയ്തു. കഞ്ഞിക്കുഴി പുലക്കാട്ടുചിറയില്‍ പൊന്നപ്പന്റെ മകന്‍ ജയരാജാണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നോടെ ഉദയാ സ്റ്റുഡിയോയ്ക്കു പിന്നില്‍ യുവതിയുടെ വാടകവീടിന്റെ മുറ്റത്തായിരുന്നു സംഭവം. ജയരാജന്റെ പെണ്ണുകാണല്‍ ചടങ്ങ് ഇന്നാണ് തീരുമാനിച്ചിരുന്നത്.
യുവതി വിവരമറിയിച്ചതിനെ തുടര്‍ന്ന് ആലപ്പുഴ നോര്‍ത്ത് സ്‌റ്റേഷനില്‍ നിന്നു പൊലീസ് എത്തിയെങ്കിലും ജയരാജ് മരിക്കുകയായിരുന്നു. ഇയാള്‍ ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ച് ആലപ്പുഴ നോര്‍ത്ത് സ്‌റ്റേഷനില്‍ യുവതി മൂന്നു തവണ പരാതി നല്‍കിയിരുന്നു. ഭര്‍ത്താവ് മരിച്ച യുവതി പത്തു വയസുള്ള മകനും അമ്മയ്ക്കുമൊപ്പമാണ് ആറുമാസമായി താമസിക്കുന്നത്.
ഒരു വര്‍ഷത്തോളമായി വിവാഹാഭ്യര്‍ഥന നടത്തിയിരുന്ന ജയരാജ് രാത്രി പത്തോടെ വീണ്ടും വിവാഹത്തിന് സമ്മതിക്കണമെന്ന് യുവതിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവതി താക്കീത് ചെയ്തതോടെ സ്ഥലംവിട്ട യുവാവ് ഫോണിലൂടെ വീണ്ടും വിവാഹാഭ്യര്‍ഥന നടത്തി. അതും നിരസിക്കപ്പെട്ടതോടെ താന്‍ വീടിന്റെ മുറ്റത്തു ജീവനൊടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. പുലര്‍ച്ചയോടെ വീണ്ടും വീട്ടുമുറ്റത്തെത്തിയ ജയരാജ് കൈ മുറിച്ച് രക്തംകൊണ്ട് യുവതിയുടെ പേര് ഭിത്തിയില്‍ എഴുതി. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന വിഷദ്രാവകം കഴിച്ചശേഷം കഴുക്കോലില്‍ കയര്‍ കുരുക്കി ആത്മഹത്യ ചെയ്യുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
Post Your Comments