മാള : സബ് കലക്ടറെന്ന വ്യാജേന ഓഫീസുകളില്‍ പരിശോധന നടത്തിയ യുവാവ് അറസ്റ്റില്‍. മാള വട്ടക്കോട്ട കാട്ടിശേരി ഷെഫീഖാണ് (28) പിടിയിലായത്. ഇയാള്‍ യാത്രചെയ്ത മാള ടാക്‌സി സ്റ്റാന്‍ഡിലെ കാറിന്റെ ഡ്രൈവര്‍ മടത്തുംപടി പഞ്ഞിക്കാരന്‍ ടോമിയെ (55) പോലീസ് കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍ ജോസഫിന്റെ പരാതിയിലാണ് അറസ്റ്റ്.
ശനിയാഴ്ചയായിരുന്നു സംഭവം. സബ് കലക്ടറുടെ ബോര്‍ഡ് വെച്ച കാറില്‍ ഇയാള്‍ പൊയ്യയിലെ പള്ളിപ്പുറം, മടത്തുംപടി, പൊയ്യ സംയുക്ത വില്ലേജ് ഓഫീസില്‍ എത്തി സബ് കലക്ടറാണെന്ന് പരിചയപ്പെടുത്തിയത്. വില്ലേജ് ഓഫീസര്‍ ടി.പി ജയന്തി തന്റെ കസേര ഒഴിഞ്ഞുകൊടുത്തു. തൃശൂര്‍ സബ് കലക്ടര്‍ ഹരിത തന്റെ സഹപ്രവര്‍ത്തകയാണെന്നും പറഞ്ഞു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷ നല്‍കിയ പത്മാക്ഷിയമ്മ തനിക്ക് വേണ്ടപ്പെട്ടയാളാണെന്ന് യുവാവ് വില്ലേജ് ഓഫീസറോട് പറഞ്ഞു. അവരുടെ ധനസഹായത്തിന്റെ വിവരങ്ങള്‍ തിരക്കി. വില്ലേജിലെ ചില ഫയലുകളില്‍ പരിശോധിച്ച ശേഷം പോയി.
ഉച്ചക്ക് 12 ടെ ഇതേ വാഹനത്തില്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ഓഫീസിലെത്തി സബ് കലക്ടറാണെന്ന് പറഞ്ഞു. തഹസില്‍ദാര്‍ സീറ്റൊഴിഞ്ഞു നല്‍കി. ചില ഫയലുകള്‍ ചോദിച്ച് രേഖകള്‍ പരിശോധിച്ചു. ഇതിനിടെ താലൂക്ക് ഓഫീസിലെ ജീവനക്കാരന്‍ ആന്‍േറാ സബ് കലക്ടറുടെ ഓഫീസ് ഏതാണെന്ന് തിരക്കി. എറണാകുളം കാക്കനാട്ടാണെന്ന് ഷെഫീഖ് പറഞ്ഞു. സബ് കലക്ടറുടെ ഓഫീസ് ഫോര്‍ട്ട് കൊച്ചിയിലാണെന്നറിയാവുന്ന ആന്‍േറാക്ക് തട്ടിപ്പ് മനസ്സിലായി. അയാള്‍ തഹസില്‍ദാറോട് സംശയം പ്രകടിപ്പിച്ചു. ഇത് മനസ്സിലാക്കിയ യുവാവ് ഉടന്‍ സ്ഥലം വിട്ടു. ഉടന്‍ തഹസില്‍ദാര്‍ പോലീസുമായി ബന്ധപ്പെട്ടു. മാള സി.ഐ റോയിയുടെ നിര്‍ദേശപ്രകാരം ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് പോലീസിലെ ഫൈസല്‍ കോറോത്ത് ഷെഫീഖിനെ ഫോണില്‍ ബന്ധപ്പെട്ടു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ യുവാവ് ഹൈവേയില്‍ എത്തിയതായി മനസ്സിലാക്കി. ഇയാളെ ഫൈസല്‍ വിളിച്ചു വരുത്തി. ഫൈസലിന്റെ പക്കല്‍ ഇയാളുടെ നമ്പറുണ്ടായിരുന്നു. രക്ഷപ്പെടാതിരിക്കാന്‍ ഹൈവേ തിരിയുന്ന ആളൂര്‍ ഭാഗത്ത് മാള എസ്.ഐ അനൂപ്‌മോന്റെ നേതൃത്വത്തില്‍ പോലീസ് സംഘം കാത്തുനിന്നു. ഇവിടെ വെച്ച് കാര്‍ തടഞ്ഞ് അറസ്റ്റ് ചെയ്തു. അന്വേഷണത്തില്‍ മാള ടാക്‌സി സ്റ്റാന്‍ഡിലെ വാഹനമാണിതെന്ന് അറിഞ്ഞു. ഷെഫീഖിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വ്യാജ സീലുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ക്കാര്‍ രേഖകളുടെ സീഡികള്‍, വിവിധ വകുപ്പുകളുടെ നെയിം ബോര്‍ഡുകള്‍ എന്നിവ കണ്ടെത്തി.
Post Your Comments