ന്യൂഡല്‍ഹി: ദേശവിരുദ്ധമോ സര്‍ക്കാര്‍ വിരുദ്ധമോ അല്ലെന്ന് സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമെ ഉറുദു എഴുത്തുകാരുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുകയുള്ളൂവെന്ന നിബന്ധനയുമായി കേന്ദ്ര സര്‍ക്കാര്‍. ഉറുദു ഭാഷയുടെ ഉന്നമനത്തിനായി ദേശീയ മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ കൗണ്‍സിലാണ് ഇത്തരമൊരു നിബന്ധന മുന്നോട്ട് വച്ചത്. ഇത്തരമൊരു ഉറപ്പ് നല്‍കണമെന്ന നിബന്ധന എഴുത്തുകാര്‍ക്ക്നല്‍കി തുടങ്ങിയിട്ട് മാസങ്ങളായി. ഒപ്പിട്ട് നല്‍കാനായി പ്രത്യേക ഫോം അച്ചടിച്ചിട്ടുണ്ട്. ഫോം പൂരിപ്പിക്കുന്നതിനൊപ്പം രണ്ടു പേര്‍ സാക്ഷ്യപ്പെടുത്തുകയും വേണം.
സത്യവാങ്മൂലം നല്‍കുന്ന എഴുത്തുകാരുടെ പുസ്തകങ്ങള്‍ മാത്രമെ കൗണ്‍സില്‍ പ്രസിദ്ധീകരിക്കുകയുള്ളൂ. സര്‍ക്കാര്‍ നയങ്ങള്‍, ദേശീയ താത്പര്യം എന്നിവയ്്ക്ക് വിരുദ്ധമായ ഒന്നും ഇല്ലെന്ന ഉറപ്പിനോടൊപ്പം സമുദായിക സ്പര്‍ദ്ധയ്ക്ക് പുസ്തകം കാരണമാകില്ലെന്ന ഉറപ്പും നല്‍കണം. സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങളാണ് ഉള്ളതെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഫോമില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയത്തിന് തീരുമാനത്തെക്കുറിച്ച് അറിയാമെന്നും ഒരു വര്‍ഷം മുമ്പാണ് ഇത്തരമൊരു തീരുമാനം കൗണ്‍സില്‍ കൈകൊണ്ടതെന്നും കൗണ്‍സില്‍ ഡയറക്ടര്‍ ഇര്‍തെസ കരീം പറഞ്ഞു. സര്‍ക്കാര്‍ ധനസഹായത്തോടെ പുസ്തകം പുറത്തിറക്കുമ്പോള്‍ അതില്‍ സര്‍ക്കാര്‍ വിരുദ്ധമായ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തുന്നതില്‍ തെറ്റില്ലെന്ന് ഇര്‍തെസ കരീം പറഞ്ഞു.
Post Your Comments