ന്യൂ ഡല്‍ഹി: വ്യവസായി വിജയ് മല്യയുടെ കിങ്ഫിഷര്‍ ഹൗസ് ലേലത്തില്‍ വാങ്ങാന്‍ ആളില്ലാതായതോടെ അടിസ്ഥാനവില കുറച്ച് വീണ്ടും ലേലം നടത്താനൊരുങ്ങുകയാണ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം. അടിസ്ഥാനവിലയായ 150 കോടി രൂപ കൂടുതലായതിനാലാണ് ആരും ലേലത്തില്‍ പങ്കെടുക്കാതിരുന്നതെന്നാണ് കണ്‍സോര്‍ഷ്യത്തിന്റെ വിലയിരുത്തല്‍. അതേസമയം, ചോദ്യം ചെയ്യുന്നതിന് ഹാജരാകുന്നതില്‍ സാവകാശം ചോദിച്ച വിജയ് മല്യയുടെ അപേക്ഷ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്! അനുവദിച്ചു. അടുത്തമാസം രണ്ടിന് ഹാജരാകണമെന്ന് നിര്‍ദേശം നല്‍കി.
9000 കോടി രൂപ വായ്പ നല്‍കിയ ബാങ്കുകളുടെ നേതൃത്വത്തില്‍ പണം തിരിച്ചുപിടിക്കാനായി വ്യാഴാഴ്ച രാവിലെ പതിനൊന്നരയ്ക്ക് തുടങ്ങിയ ലേല നടപടികള്‍ ഒരു മണിക്കൂര്‍ പിന്നിട്ടിട്ടും ആരും താല്‍പര്യം കാണിക്കാത്തതിനെത്തടുന്നായിരുന്നു അവസാനിപ്പിച്ചത്. മുംബൈ ആഭ്യന്തര വിമാനത്താവളത്തിന് സമീപം 17,000 ചതുരശ്ര അടി ബില്‍ഡ് അപ് ഏരിയയുള്ള കെട്ടിടത്തിന്റെ വില അവിടത്തെ ഭൂമിവിലയുടെ 15 ശതമാനത്തോളം കൂടുതലാണെന്നാണ് വിലയിരുത്തുന്നത്. ഉടന്‍ യോഗം ചേര്‍ന്ന് അടിസ്ഥാന വില കുറയ്ക്കുന്ന കാര്യം തീരുമാനിക്കുമെന്ന് കണ്‍സോര്‍ഷ്യം അധികൃതര്‍ അറിയിച്ചു.
അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് ഏപ്രില്‍ ആദ്യ വാരം വരെ സമയം അനുവദിക്കണമെന്ന മല്യയുടെ അപേക്ഷ ഡയറക്ടറേറ്റ് അംഗീകരിച്ചു. ഏപ്രില്‍ രണ്ടിന് ഹാജരാകണമെന്നാണ് നിര്‍ദേശം. ആദായനികുതി വിഭാഗം, സേവന നികുതി വിഭാഗം, ഗുരുതര കുറ്റാന്വേഷണ വിഭാഗം എന്നിവ കിങ്ഫിഷര്‍ എയര്‍ലൈന്‍സിനെതിരെ നടത്തിയ അന്വേഷണങ്ങളുടെ രേഖകളും ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments