വയനാട്: മാനന്തവാടിയില്‍ ശല്യക്കാരനായ കാട്ടാനയ്ക്ക് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ ശ്രമം മൂന്നാംദിവസത്തിലേക്ക്. ആനയെ കണ്ടെത്താന്‍ കഴിയാത്തതിനാലാണ് കഴിഞ്ഞ രണ്ടുദിവസവും റേഡിയോ കോളര്‍ ഘടിപ്പിക്കാന്‍ കഴിയാതെ പോയത്. തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലാണ് ശല്യക്കാരനായ മോഴയാനക്കായുള്ള തെരച്ചില്‍ നടക്കുന്നത്. തോല്‍പ്പെട്ടിയിലും സമീപപ്രദേശങ്ങളിലും കാര്‍ഷിക മേഖലയിലടക്കം വന്‍ നാശനഷ്ടമാണ് ആന വരുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം തോല്‍പ്പെട്ടി പാറക്കണ്ടി റഫീക്കിന്റെ വിട്ടുമുറ്റത്ത് നിര്‍ത്തിയിട്ടുന്ന ജീപ്പ് കാട്ടാന അടിച്ച് തകര്‍ത്തിരുന്നു. ഈ സംഭവത്തില്‍ രോഷാകുലരായ ജനക്കൂട്ടം ഡി.എഫ്.ഒ. അടക്കമുള്ളവരെ തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. ജീപ്പ് തകര്‍ത്തതും മോഴയാനയാണെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് ആനയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് പ്രതിരോധ നടപടികള്‍ സ്വീകരിക്കുക എന്ന ഉദ്ദേശത്തോടെ റേഡിയോ കോളര്‍ ഘടിപ്പിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചത്. മുത്തങ്ങയില്‍ നിന്നും പ്രമുഖ, കുഞ്ചു എന്നീ കുങ്കിയാനകളെ ഞായറാഴ്ച്ച തോല്‍പ്പെട്ടിയില്‍ എത്തിച്ചിരുന്നു.
വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ.കെ. ധനേഷ് കുമാര്‍, തോല്‍പ്പെട്ടി അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ.കെ. ഗോപാലന്‍, ഫോറസ്റ്റ് സീനിയര്‍ വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയ, കോന്നിയില്‍ നിന്നുള്ള മയക്കുവെടി വിദഗ്ധന്‍ ഡോ. ജയകുമാര്‍, വെറ്ററിനറി ഓഫീസര്‍ ഡോ. ജിജിമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ വനംവകുപ്പ് ജീവനക്കാര്‍, വാച്ചര്‍മാര്‍, ഇ.ഡി.സി. അംഗങ്ങള്‍ എന്നിവരുള്‍പ്പടെ 120ഓളം പേരടങ്ങുന്ന സംഘം രണ്ടുദിവസം രാവിലെ മുതല്‍ വൈകുന്നേരം വരെ തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും മോഴയാനയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്നും തെരച്ചില്‍ തുടരുമെന്നാണ് സൂചന.
Post Your Comments