ദേശീയ പാര്‍ട്ടി എന്ന പദവിയില്‍ കടിച്ചുതൂങ്ങി എന്നവണ്ണം കിടക്കുന്ന സിപിഎമ്മിന് ആ പദവി നിലനിര്‍ത്തണമെങ്കില്‍ തമിഴ്നാട് കനിയണം. അടുത്തുതന്നെ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ദേശീയ പാര്‍ട്ടി പദവി സംബന്ധിച്ച് സിപിഎമ്മിന് നിര്‍ണ്ണായകമാണ്.
തമിഴ്നാട്ടില്‍ സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ സിപിഎമ്മിന്‍റെ കാര്യം കഷ്ടമാകും. ദേശീയപാര്‍ട്ടി പദവിക്ക് നിഷ്കര്‍ഷിക്കപ്പെട്ടിട്ടുള്ള മൂന്ന്‍ മാനദണ്ഡങ്ങളില്‍ രണ്ടെണ്ണം സിപിഎമ്മിനില്ല. നാലു സംസ്ഥാനങ്ങളില്‍ സംസ്ഥാനപാര്‍ട്ടി എന്ന പദവി വേണമെന്ന മൂന്നാമത്തെ മാനദണ്ഡം മാത്രമാണ് സിപിഎമ്മിന് നിലവിലുള്ളത്. അതായത്, കേരളം, ത്രിപുര, ബംഗാള്‍, തമിഴ്നാട് എന്നീ നാല് സംസ്ഥാനങ്ങളില്‍ മാത്രമാണ് സിപിഎമ്മിന് സംസ്ഥാനപാര്‍ട്ടി പദവിയുള്ളത്.
തമിഴ്നാട്ടിലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയലളിതയുടെ എഐഎഡിഎംകെയുമായുള്ള സഖ്യത്തിന്‍റെ പിന്തുണയോടെ പത്ത് സീറ്റുകള്‍ സിപിഎം നേടി. ഇത്തവണ ഏഴു സീറ്റെങ്കിലും (അതായത്, മൊത്തം അംഗബലത്തിന്‍റെ മൂന്നു ശതമാനം) ലഭിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കുഴയും. ഇത്തവണ രണ്ട് പ്രമുഖ തമിഴ് പാര്‍ട്ടികളുമായും സഖ്യമില്ലാത്തതിനാല്‍ സാധ്യതകള്‍ മങ്ങിയതാണ്. 2014 ലോകസഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ഒരു സീറ്റുപോലും സിപിഎമ്മിന് ലഭിച്ചിരുന്നില്ല.
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പോടെ സിപിഐ, ബിഎസ്പി, എന്‍സിപി പാര്‍ട്ടികള്‍ക്ക് ദേശീയപാര്‍ട്ടി പദവി നഷ്ടമായിരുന്നു. സിപിഎമ്മും പ്രസ്തുത പദവിയില്‍ നിന്ന്‍ പുറത്താക്കപ്പെട്ടാല്‍ കോണ്‍ഗ്രസും ബിജെപിയും മാത്രമാകും ദേശീയപാര്‍ട്ടികള്‍.
Post Your Comments