NewsIndia

“അഫ്സല്‍ ഗുരു അനുസ്മരണ” സംഭവത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് വന്‍അദ്ധ്യാപകസംഘം സ്മൃതി ഇറാനിക്ക് കത്തെഴുതി

ഡല്‍ഹിയില്‍ അങ്ങോളമിങ്ങോളമുള്ള സര്‍വ്വകലാശാലകളിലെ 600-ലധികം അദ്ധ്യാപകര്‍ ഫെബ്രുവരി 9-ന് ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ സംഘടിപിക്കപ്പെട്ട പരിപാടിയില്‍ തങ്ങള്‍ക്കുള്ള “ആശങ്ക” അറിയിച്ചുകൊണ്ടും, ഇത്തരമൊരു സംഭവം “അക്ഷന്തവ്യമായ ദേശവിരുദ്ധ പ്രവൃത്തി”യാണെന്ന് വിശേഷിപ്പിച്ചുകൊണ്ടും മാനവവിഭവശേഷി വികസനവകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് കത്തെഴുതി.

യുജിസി അംഗമായ ഇന്ദര്‍ മോഹന്‍ കപാഹി ഉള്‍പ്പെടെയുള്ളവര്‍ എഴുതിയ കത്ത് ബിജെപി ആഭിമുഖ്യമുള്ള നാഷണല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ട് ആണ് അയച്ചിരിക്കുന്നത്.

“നിലവിലുള്ള ഭരണപരമായ സംവിധാനങ്ങളെ അസ്ഥിരപ്പെടുത്തുക എന്ന ദുരുദ്ദേശപരമായ ലക്ഷ്യത്തോടെ രാഷ്ട്രീയപ്രേരിതരായ സംഘങ്ങള്‍ വിവിധ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ കുഴപ്പങ്ങളും കലാപങ്ങളും ഉണ്ടാക്കാന്‍ നടത്തിയ ആസൂത്രിത ശ്രമത്തില്‍ ഞങ്ങള്‍ക്കുള്ള ആശങ്ക അറിയിക്കാനാണ് ഞങ്ങള്‍ എഴുതുന്നത്,” കത്തില്‍ പറയുന്നു.

“ഇന്ത്യന്‍ ഭരണഘടന അഭിപ്രായസ്വാതന്ത്യം, ഭിന്നാഭിപ്രായ പ്രകടന സ്വാതന്ത്ര്യം, വേറിട്ട കാഴ്ചപ്പാടുകള്‍ മുന്നോട്ടുവയ്ക്കാനുള്ള അവകാശം എന്നിവ ഉറപ്പുനല്‍കുന്നുണ്ട്. പക്ഷെ, 2016 ഫെബ്രുവരി 9-ന് ജെഎന്‍യു-വില്‍ നടന്ന സംഭവം ഈ പറഞ്ഞിട്ടുള്ള ഒരു വിഭാഗത്തിലും പെടുന്നതല്ലെന്നതും പരമാര്‍ത്ഥമാണ്,” കത്ത് ചൂണ്ടിക്കാണിക്കുന്നു.

“ദേശദ്രോഹം എന്താണ് എന്നതിനെക്കുറിച്ച് നിയമപരമായ വാദപ്രതിവാദങ്ങള്‍ നടക്കുന്നുണ്ടെങ്കിലും, ജെഎന്‍യു-വില്‍ നടന്ന സംഭവം അക്ഷന്തവ്യമായ, ദേശവിരുദ്ധ പ്രവര്‍ത്തിയായിരുന്നു എന്നുള്ളതും അത് അപലപിക്കപ്പെടേണ്ടതും വേരോടെ പിഴുതെറിയപ്പെടേണ്ടതുമായ ഒന്നാണെന്നുള്ളത് പകല്‍പോലെ വ്യക്തമാണ്,” അഫ്സല്‍ ഗുരു അനുസ്മരണ ചടങ്ങിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് കത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button