ന്യൂഡല്‍ഹി : കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാരിന്റെ വിള ഇന്‍ഷുറന്‍സ് പദ്ധതി വരുന്നു. കാര്‍ഷികോല്‍പ്പന്ന വിലയിടിവിനെ നേരിടാന്‍ വിപണി വില അടിസ്ഥാനമാക്കിയുള്ള ഇന്‍ഷുറന്‍സ് പദ്ധതിക്കാണ് രൂപം നല്‍കുന്നത്. റബ്ബര്‍, കാപ്പി, പുകയില എന്നീ ഉല്‍പ്പന്നങ്ങള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാകുന്നത്.
തുടക്കത്തില്‍ ഏഴു ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കും. ഉല്‍പ്പന്ന വിലയിലുണ്ടാകുന്ന കയറ്റിറക്കവും ഉല്‍പ്പാദനത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലും നേരിടുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. കാര്‍ഷിക ഉത്പന്നങ്ങള്‍ക്കായുള്ള വില സ്ഥിരതാ ഫണ്ടില്‍ നിന്നാകും പദ്ധതിക്ക് പണം കണ്ടെത്തുന്നത്. വിലയിലെ കയറ്റിറക്കങ്ങള്‍ ആശങ്കയുണര്‍ത്തുന്നതാണെന്നും ഇതു മൂലം ചെറുകിട, നാമമാത്ര കര്‍ഷകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് പ്രത്യേകശ്രദ്ധ പതിയേണ്ട വിഷയമാണെന്നും റബര്‍ ബോര്‍ഡ് ചെയര്‍മാന്റെ ചുമതല വഹിക്കുന്ന എ.ജയതിലക് പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം ഉല്‍പ്പാദനത്തെ കാര്യമായി ബാധിക്കുന്നതായി വാണിജ്യമന്ത്രാലയം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഭ്യന്തര, രാജ്യാന്തര വില അടിസ്ഥാനമാക്കി വിലയിലും ഗണ്യമായ കയറ്റിറക്കമുണ്ടാകുന്നു. രാജ്യാന്തര വിപണിയില്‍ നിലനില്‍ക്കുന്ന പരോക്ഷ സബ്‌സിഡിയും വിലയെ സ്വാധീനിക്കുന്ന ഘടകമാണ്. ഇന്‍ഷുറന്‍സ് പദ്ധതി ചെറുകിട റബര്‍ കര്‍ഷകരെ വിലയിലെ കയറ്റിറക്കങ്ങളില്‍ നിന്നു സംരക്ഷിക്കുമെന്നു വ്യവസായ, വാണിജ്യ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി രജനി രഞ്ജന്‍ രശ്മി ഗോവയില്‍ ‘ഇന്ത്യ റബര്‍ മീറ്റ് 2016 ല്‍ പറഞ്ഞു. വിലയിടിവില്‍ നിന്നു കര്‍ഷകരെ രക്ഷിക്കാന്‍ വികസിത രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതും വിള ഇന്‍ഷുറന്‍സ് പദ്ധതിയാണ്.
Post Your Comments