ന്യൂഡൽഹി: മദ്യരാജാവ് വിജയ് മല്യ രാജ്യം വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് പൊതുമേഖല ബാങ്കുകളുടെ കൺസോർഷ്യം സുപ്രീം കോടതിയെ സമീപിച്ചു.
ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂർ, ജസ്റ്റിസ് യു.യു ലളിത് എന്നിവരങ്ങടിയ ബെഞ്ച് ഹർജി ബുധനാഴ്ച പരിഗണിക്കും.
മദ്യക്കമ്പനി ഡയാഡിയോയ്‍ക്ക് കൈമാറിയ വകയിൽ മല്യക്ക് ലഭിക്കാനുള്ള 515 കോടി രൂപ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണൽ, എസ്ബിഐയുടെ പരാതി പ്രകാരം തടഞ്ഞുവെച്ചതിന് പിന്നാലെയാണ് മല്യയ്‍ക്ക് വീണ്ടും തിരിച്ചടിയുണ്ടായിരിക്കുന്നത്. എസ്ബിഐയുമായുള്ള വായ്പ കുടിശികയിൽ തീരുമാനമാകാതെ മല്യയ്‍ക്ക് പണം ലഭിക്കില്ല.
കമ്പനി കൈമാറ്റ വിവരങ്ങൾ അറിഞ്ഞ എസ്ബിഐ വിവരം ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിനെ അറിയിക്കുകയായാരുന്നു. എസ്ബിഐ ഉൾപ്പടെയുള്ള 17 ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്ന് മല്യയുടെ കിങ് ഫിഷർ എയർലൈൻസ് വാങ്ങിയത് 7000 കോടി രൂപയാണ്. ഇതിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്‍ക്ക് ലഭിക്കാനുള്ള തുകയ്‍ക്കാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്.
മാർച്ച് 28 നാണ് ബാങ്കുമായുള്ള ഹിയറിംഗ് നടക്കുക. 2012വരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കിംഗ് ഫിഷർ എയർലൈൻസിന് കടം നൽകിയത് 1600 കോടി രുപയാണ്. പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, സെന്ട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറൽ ബാങ്ക്, യു.സി.ഒ ബാങ്ക്, ദേന ബാങ്ക് എന്നിവരാണ് എസ്.ബി.ഐക്ക് പുറമെ മല്യയക്ക് കടം കൊടുത്ത് കൈപൊള്ളിയത്.
ഇവരുമായി ഒറ്റത്തവണ അടച്ചുതീർക്കൽ ഫോർമുലയ്‍ക്ക് ശ്രമിക്കുന്നു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് ഇപ്പോഴത്തെ തിരിച്ചടി. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്‍ടറേറ്റും കസെടുത്തിരുന്നു. 900 കോടി രൂപ അനധികൃതമായി ബാങ്കുകൾക്ക് കൈമാറിയതാണ് കേസിനാധാരം.
Post Your Comments