IndiaNews

ജെഎന്‍യു വിഷയത്തില്‍ പ്രതിപക്ഷ കക്ഷികളുടെ “ഇരട്ടത്താപ്പ്” മൂലം ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് മേല്‍ക്കൈ

ജെഎന്‍യു വിവാദത്തില്‍ പാര്‍ലമെന്‍റില്‍ എന്‍ഡിഎ-ഗവണ്മെന്‍റിനേയും ബിജെപിയേയും കടന്നാക്രമിക്കുമ്പോഴും ജനങ്ങളുടെ ഇടയില്‍ ഈ വിഷയത്തെക്കുറിച്ച് ഒന്നും മിണ്ടാന്‍ പറ്റാത്ത അവസ്ഥയിലാണ് പ്രതിപക്ഷകക്ഷികളായ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി (എസ്പി), ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) തുടങ്ങിയവ. ജെഎന്‍യു വിഷയത്തെ അഭിപ്രായസ്വാതന്ത്ര്യത്തിന്‍റെ മൂടുപടം അണിയിച്ച് ബിജെപിയെ കടന്നാക്രമിക്കാനുള്ള ഒരു കരുവാക്കി മാറ്റിയപ്പോള്‍, അതിലടങ്ങിയിരിക്കുന്ന ദേശദ്രോഹപരമായ ഘടകങ്ങള്‍ കണ്ടില്ലെന്ന് നടിച്ചതാണ് കോണ്‍ഗ്രസിനും ഇതരകക്ഷികള്‍ക്കും പറ്റിയ അബദ്ധം. ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ വിഷയത്തെക്കുറിച്ചും ഇതിലടങ്ങിയിരിക്കുന്ന ദേശദ്രോഹപരമായ വസ്തുതകളെ ഉയര്‍ത്തിക്കാട്ടിയും ബിജെപി അത്യുത്സാഹത്തോടെയുള്ള പ്രചരണപരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു. കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി തുടങ്ങിയവര്‍ക്ക് ബിജെപിയുടെ ഈ വര്‍ദ്ധിതവീര്യം കണ്ടുകൊണ്ട് നിശബ്ദരായിരിക്കാനേ സാധിക്കുന്നുള്ളൂ.

“രാജ്യത്തിനുള്ളില്‍ തന്നെയുള്ള ശത്രുക്കളെ”പ്പറ്റിയും രാജ്യത്തിന്‍റെ നാശം കാണുന്നതു വരെ സമരം ചെയ്യും എന്ന് പറഞ്ഞുകൊണ്ടുള്ള മുദ്രാവാക്യം വിളിയേയും അഭിപ്രായസ്വാതന്ത്ര്യത്തിന്‍റെ വെളിച്ചത്തില്‍ കാണുന്നതിനെ അംഗീകരിക്കുന്നുണ്ടോ എന്ന്‍ ഉത്തര്‍പ്രദേശിലെ ഓരോ വീടുകളിലും പോയി ചോദിക്കാന്‍ ബിജെപി പ്രവര്‍ത്തകരെ നിയോഗിച്ചിരിക്കുകയാണ് പാര്‍ട്ടി ദേശീയപ്രസിഡന്‍റ് അമിത് ഷാ. ഉത്തര്‍പ്രദേശിലെ നിലവിലെ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ ബിജെപിയെ വെല്ലുവിളിക്കാനോ, സംവാദത്തിലേര്‍പ്പെടാനോ ഉള്ള യാതൊരു ശ്രമങ്ങളും പ്രതിപക്ഷത്തിന്‍റെ ഭാഗത്ത്നിന്നും ഉണ്ടാകുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

സാധാരണക്കാരായ ജനങ്ങളുടെയുള്ളില്‍ എന്നും മുന്നിട്ടുനില്‍ക്കുന്ന വികാരം “സ്വന്തം രാജ്യത്തോടുള്ള സ്നേഹ”മാണെന്നതാണ് എല്ലാ വിഷയങ്ങളിലും അല്‍പ്പം “തീവ്ര”മെങ്കിലും ദേശീയതയെ ഉയര്‍ത്തിപ്പിടിക്കുന നിലപാടെടുക്കുന്ന ബിജെപിക്ക് അനുകൂലമാകുന്ന ഘടകം. ജെഎന്‍യു വിഷയത്തിലെ ദേശവിരുദ്ധതയെ തങ്ങള്‍ എതിര്‍ക്കുന്നുണ്ടെന്നും, കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷതന്നെ നല്‍കണമെന്നാണ് തങ്ങളുടെ കാഴ്ചപ്പാടെന്നും പ്രതിപക്ഷത്തുള്ളവര്‍ പറയുന്നുണ്ടെങ്കിലും, കുറേക്കാലമായി “ബിജെപിയെ എതിര്‍ക്കുക” എന്ന ഒറ്റ രാഷ്ട്രീയനയം മാത്രം പിന്തുടര്‍ന്നു പോരുന്നതിനാല്‍ കോണ്‍ഗ്രസടക്കമുള്ളവര്‍ ഈ വിഷയത്തെക്കുറിച്ച് ഒന്നും പറയാനാകാത്ത അവസ്ഥയിലാണ്.

ബിജെപിക്ക് ലഭിക്കുന്ന മേല്‍ക്കൈ കണ്ട എസ്പി, അവരുടെ പാര്‍ട്ടി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാതെ അനുഭാവികളെ മാത്രം ഉള്‍പ്പെടുത്തി ഫൈസാബാദില്‍ ഒരു യോഗം സംഘടിപ്പിക്കുകയുണ്ടായി. ജെഎന്‍യു വിഷയത്തില്‍ തങ്ങള്‍ നിക്ഷ്പക്ഷ നിലപാടിലാണെന്നും കനയ്യ കുമാറിനെ പോലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടതല്ലാതെ ബിജെപിയുടെ ജെഎന്‍യു നിലപാടിനെതിരെ ഒന്നും തന്നെ ഈ യോഗത്തില്‍ പറയുകയുണ്ടായില്ല. പക്ഷെ പല എസ്പി പ്രവര്‍ത്തകരും, തങ്ങളും ഈ വിഷയത്തില്‍ ഉറച്ച നിലപാടെടുക്കണമെന്നും ബിജെപിക്ക് ലഭിക്കുന്ന പിന്തുണയെ കണ്ടില്ലെന്ന് നടിക്കരുതെന്ന പക്ഷക്കാരുമാണ്.

ബിഎസ്പി പ്രവര്‍ത്തകരാകട്ടെ എല്ലാവിഷയത്തെക്കുറിച്ചും അഭിപ്രായങ്ങള്‍ പറയുന്ന തങ്ങളുടെ പ്രിയപ്പെട്ട “ബഹന്‍ജി (മായാവതി)” ഈ വിഷയത്തിലും മൌനം വെടിയുമെന്നും പാര്‍ട്ടി സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തരുമെന്നും ഉള്ള പ്രതീക്ഷയിലാണ്. കോണ്‍ഗ്രസാകട്ടെ പൂര്‍ണ്ണമായും നിശബ്ദരാണ്. അവരുടെ അഭിപ്രായപ്രകടനങ്ങളും ബിജെപി-വിരുദ്ധ ആക്രമണോത്സുകതയും പാര്‍ലമെന്‍റിലും ഡല്‍ഹിയിലും, ന്യൂസ് ചാനല്‍ ചര്‍ച്ചകളിലും ഒതുങ്ങി നില്‍ക്കുന്നു.

മറ്റൊരു രസകരമായ വസ്തുത, ബിജെപിയെ കടിച്ചുകീറാനുള്ള അവസരവും നോക്കി ഉത്തര്‍പ്രദേശിലെ ഈ മൂന്ന്‍ മുഖ്യപ്രതിപക്ഷ കക്ഷികളും നിശബ്ദരായിരിക്കെ, ബിജെപിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വന്നത് അയോദ്ധ്യയിലെ താത്കാലിക രാമക്ഷേത്രത്തിലെ മുഖ്യപൂജാരി സത്യേന്ദ്ര ദാസാണെന്നുള്ളതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button