ദുബായ്: എമിറേറ്റില്‍ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്നുമുതല്‍ പുതിയ ബസ് റൂട്ട് ആരംഭിക്കുന്നു. നിലവിലെ പല റൂട്ടുകളുടെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. യൂണിയന്‍ മെട്രോ സ്റ്റേഷനില്‍നിന്ന് ആരംഭിച്ച് അല്‍ ബറാഹ, അല്‍ മുതീന ഡിസ്ട്രിക്ടിലൂടെ കടന്നുപോകുന്നതാണ് എഫ് 01 നമ്പറിലുള്ള പുതിയ റൂട്ട്. 365, 366, ഇ 303 റൂട്ടുകളിലേക്കുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും 64 എ, 24, 27, 300 റൂട്ടുകളിലേക്കുള്ള സേവനം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
യാത്രക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലും പ്രതിദിന സേവന നിലവാരവും താരതമ്യം ചെയ്താണു പരിഷ്‌കാരം. പൊതുഗതാഗത സംവിധാനത്തിലെ പരിഷ്‌കാരങ്ങള്‍ തിങ്കളാഴ്ച നിലവില്‍വരും. ജനങ്ങള്‍ക്കു ശുഭയാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായാണു പരിഷ്‌കാരമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. എമിറേറ്റിന്റെ ഉള്‍പ്രദേശങ്ങളിലേക്കും ബസ് സര്‍വീസ് വ്യാപിപ്പിക്കുകയാണ് ആര്‍.ടി.എയുടെ ലക്ഷ്യം. കൂടുതല്‍ ആളുകള്‍ പൊതുഗതാഗത സേവനം ഉപയോഗപ്പെടുത്തുമ്പോള്‍ ഗതാഗതക്കുരുക്കും മലിനീകരണവും കുറയ്ക്കാനാകുമെന്നും സ്വകാര്യവാഹനങ്ങളുടെ എണ്ണം കുറയുന്നതുവഴി അപകടങ്ങളുടെ തോതു കുറയ്ക്കാനാകുമെന്നുമാണു വിലയിരുത്തല്‍.
Post Your Comments