ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മാനവശേഷി മന്ത്രി സ്മൃതി ഇറാനി. ബി.ജെ.പിയുടെ യുവജനവിഭാഗമായ ഭാരതീയ ജനതാ യൂത്ത് മോര്‍ച്ചയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്മൃതി.
വയസ്സ് 50 ആയിട്ടും ഒരു നേതാവ് ഇപ്പോഴും പറയുന്നത് യുവനേതാവാണെന്നാണെന്നും ഇവര്‍ രാജ്യത്തെ തകര്‍ക്കാന്‍ നടക്കുകയാണെന്നും സ്മൃതി ഇറാനി വിമര്‍ശിച്ചു. അമ്മയുടെ കാരുണ്യം കൊണ്ട് ഇദ്ദേഹം പത്തു വര്‍ഷമായി എം.പിയാണെങ്കിലും സ്വന്തം മണ്ഡലമായ അമേഠിയുടെ വികസനത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും സ്മൃതി ചൂണ്ടിക്കാട്ടി.
യു.പി.എ സര്‍ക്കാര്‍ 2012 ല്‍ എടുത്തുമാറ്റിയ പ്രതിരോധ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഡിഗ്രി എടുക്കാന്‍ കഴിയുന്ന യു.ജി.സി പദ്ധതി താന്‍ പുന:സ്ഥാപിച്ചെന്നും ഇത് 45,000 വ്യോമ ഉദ്യോഗസ്ഥര്‍ക്കും 3.73 ലക്ഷം സൈനികര്‍ക്കും ഗുണകരമായെന്നും പറഞ്ഞു. തീവ്രവാദക്കേസുകളില്‍ തൂക്കിലേറ്റിയ അഫ്സല്‍ഗുരു, മഖ്ബൂല്‍ ഭട്ട്, യാക്കൂബ് മേമന് എന്നിവരെ പിന്തുണയ്ക്കാന്‍ ചില രാഷ്ട്രീയ നേതാക്കള്‍ മുന്നോട്ട് വന്നത് ദൗര്‍ഭാഗ്യകരമാണെന്നും സ്മൃതി പറഞ്ഞു.
ദേശീയത രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന തന്നെക്കുറിച്ച് തന്റെ ജോലി സംസാരിക്കുമെന്നും ഒരിക്കലും രാഹുലിനെപോലെ വാചകമടിക്കാനില്ലെന്നും അവര്‍ വ്യക്തമാക്കി. രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ മഹത്വവല്‍ക്കരിക്കുന്ന ചിലര്‍ സിംഗൂറില്‍ ഇടതു ജീവനക്കാര്‍ ബലാത്സംഗം ചെയ്തു കൊന്ന ദളിത് പെണ്‍കുട്ടിക്ക് വേണ്ടിയോ 1999 ല്‍ കേരളത്തില്‍ ക്ലാസ്റൂമില്‍ കൊല്ലപ്പെട്ട ബി.ജെ.പി നേതാവിന് വേണ്ടിയോ കണ്ണീരൊഴുക്കിയില്ലെന്നും പറഞ്ഞു.
Post Your Comments