ടെഹ്‌റാന്‍: വന്‍ സാമ്പത്തിക തിരിമറി നടത്തിയ കോടീശ്വരന് ഇറാനില്‍ വധശിക്ഷ. പ്രമുഖ ബിസിനസ്സുകാരനായ ബബക് സന്‍ജാനിക്കാണ് ഇറാനിയന്‍ കോടതി വധശിക്ഷ വിധിച്ചത്. 2.8 ബില്ല്യണ്‍ ഡോളറിന്റെ ക്രമക്കേട് നടത്തിയെന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള കേസ്.
എണ്ണക്കടത്ത് വഴി നിയമപരമല്ലാത്ത മാര്‍ഗ്ഗങ്ങളിലൂടെ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലേക്ക് കള്ളപ്പണം ഒഴുക്കിയെന്നാണ് സന്‍ജാനിക്കെതിരായ കേസ്. വധശിക്ഷയ്‌ക്കൊപ്പം വന്‍ തുക പിഴയടയ്ക്കാനും കോടതി വിധിച്ചുവെന്ന് ഇറാന്‍ ജുഡീഷ്യറി വക്താവ് ഘോലം ഹുസൈന്‍ മൊഹ്‌സേനി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2013 ഡിസംബറിലാണ് സന്‍ജാനി അറസ്റ്റിലാവുന്നത്. ഇറാനിലെ ഏറ്റവും ധനികനായ വ്യവസായികളിലൊരാളാണ് ഇദ്ദേഹം. എണ്ണ കള്ളക്കടത്തിന് കൂട്ടുനിന്നുവെന്ന കാരണത്താല്‍ സന്‍ജാനിയെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
Post Your Comments