പണവും പ്രതാപവും ഉള്ളവര്‍ മാത്രമാണ് രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞുകൊണ്ടു നടക്കുന്നതെന്നും, അതല്ലാതെ ഈ വിഷയത്തില്‍ ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും പ്രശസ്ത ബോളിവുഡ് നടന്‍ അനുപം ഖേര്‍.
“ഇവിടെ ചര്‍ച്ചകളൊന്നുമില്ല. പണവും പ്രതാപവും ഉള്ള ചിലര്‍ അസഹിഷ്ണുത എന്ന്‍ പറഞ്ഞ് നടക്കുന്നു. തെരുവില്‍ കണ്ടു മുട്ടുന്ന ഒരാളോട് ചോദിച്ചാല്‍ അയാള്‍ക്ക് ഈവക പരാതികളൊന്നും കാണില്ല. അവരുടെ പ്രശ്നം ആ ദിവസം കഴിഞ്ഞുകൂടാനുള്ള ഭക്ഷണം ലഭിക്കുക എന്നതു മാത്രമാണ്. ഷാമ്പെയ്ന്‍ നിറച്ച ഗ്ലാസുകളും കയ്യിലേന്തി നടക്കുന്നവരാണ് പരാതിക്കാര്‍. നിങ്ങള്‍ ഇന്ത്യയിലാണോ, അമേരിക്കയിലാണോ ജീവിക്കുന്നത്, ” കൊല്‍കത്തയില്‍ അസഹിഷ്ണുതയെക്കുറിച്ചുള്ള ടെലിഗ്രാഫ് നാഷണല്‍ ഡിബേറ്റില്‍ പങ്കെടുത്ത് സംസാരിക്കവേ ഖേര്‍ പറഞ്ഞു.
“ഇന്ത്യയിലെ ഏറ്റവും വലിയ അസഹിഷ്ണുത നടമാടിയത് ഗവണ്മെന്‍റിനെതിരെ സംസാരിച്ചവരെയൊക്കെ ജയിലിലടച്ച അടിയന്തിരാവസ്ഥക്കാലത്തായിരുന്നു, ” ഖേര്‍ പറഞ്ഞു.
“ഇന്ത്യയില്‍ ഏറ്റവും സഹനശക്തി ഉള്ളത് കോണ്‍ഗ്രസിനാണ്, കാരണം തങ്ങള്‍ പ്രധാനമന്ത്രിയാക്കണം എന്നാഗ്രഹിക്കുന്ന ഒരാളെ അവര്‍ സഹിക്കുകയാണ്, ” രാഹുല്‍ഗാന്ധിക്കെതിരെ ഒളിയമ്പുകള്‍ എയ്തു കൊണ്ട് ഖേര്‍ പറഞ്ഞു. “ആ മനുഷ്യനെ നിങ്ങള്‍ക്ക് സഹിക്കാന്‍ കഴിയുമെങ്കില്‍ ലോകത്ത് എന്തിനേയും സഹിക്കാന്‍ നിങ്ങള്‍ പ്രാപ്തനാകും. എന്തൊരു പരിതാപകരമാണ് ഈ അവസ്ഥ. എട്ടു മാസങ്ങള്‍ക്ക് മുന്‍പ് അസഹിഷ്ണുത എന്ന വാക്ക് ആരും കേട്ടിട്ട് പോലുമുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് പരാജയത്തിന് പകരം വീട്ടാനായാണ് ഈ വാക്കിനെ ഈ വിധത്തില്‍ മാര്‍ക്കറ്റ് ചെയ്തത്, ” ഖേര്‍ കൂട്ടിച്ചേര്‍ത്തു.
“അഴിമതിയെക്കുറിച്ച് കഴിഞ്ഞ 2 വര്‍ഷമായി കേള്‍ക്കാന്‍ കൂടി സാധിക്കുന്നില്ല. നെരേമറിച്ച് അതിനു മുമ്പുള്ള പത്ത് വര്‍ഷങ്ങള്‍ അത് മാത്രമായിരുന്നു സംസാരവിഷയം, ” ഖേര്‍ പറഞ്ഞു.
Post Your Comments