ആറ്റിങ്ങല്‍ : കള്ളനോട്ടുകള്‍ അച്ചടിച്ച് കൈമാറുന്ന സംഘം പിടിയില്‍. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള അഞ്ചുപേരും തമിഴ്‌നാട് സ്വദേശിയായ ഒരാളുമാണ് അറസ്റ്റിലായത്.
ഇവരില്‍ നിന്ന് 1.78 ലക്ഷം രൂപയുടെ കള്ളനോട്ട്, രണ്ട് കാറ്, ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തു. കള്ളനോട്ട് കൈമാറാന്‍ ശ്രമിക്കുന്നതായി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് സംഘം പിടിയിലായത്.
കണ്ണൂര്‍ ഇടവരമ്പ് മുല്ലശ്ശേരി വീട്ടില്‍ പ്രദീപ് (26), കൊല്ലം പോളത്തോട് പട്ടത്താനം നാദിറ മന്‍സിലില്‍ സബീര്‍ (32) കൊല്ലം കൊട്ടിയം സ്വദേശി അന്‍സാര്‍(38), ആറ്റിങ്ങല്‍ ഉളമ്പ ഉഷസ്സില്‍ വിനോദ്(30), കടയ്ക്കല്‍ കൊട്ടാരവിള വീട്ടില്‍ സുനില്‍കുമാര്‍ (45), തമിഴ്‌നാട് ചെങ്കോട്ട പുളിയറ എല്‍.എസ് കോളനിയില്‍ ബാലയ്യ (46) എന്നിവരാണ് അറസ്റ്റിലായത്.
പിടിച്ചെടുത്തതില്‍ വിവിധ സീരയലിലുള്ള നോട്ടുകളുണ്ട്. പ്രദീപിന്റെ നേതൃത്വത്തില്‍ വിനോദ് ഇടനിലക്കാരനായി നിന്നാണ് കള്ളനോട്ടിടപാട് നടത്തുന്നത്. നോട്ടിരട്ടിപ്പായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഇവര്‍ അച്ചടിച്ചിരിക്കുന്ന നോട്ടുകള്‍ സൂക്ഷ്മ പരിശോധനയില്‍ മാത്രമേ കള്ളനോട്ടാണെന്ന് മനസ്സിലാകൂവെന്ന് പോലീസ് പറഞ്ഞു.
Post Your Comments