താനെ: താനെയില്‍ യുവാവ് കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത് ആസൂത്രിതമായാണെന്ന് പോലീസിന്റെ വെളിപ്പെടുത്തല്‍. മകളുടെ പിറന്നാളാഘോഷത്തിന് സഹോദരിമാരോട് അവരുടെ ഭര്‍ത്താക്കന്മാരില്ലാതെ വരനാണ് ഹസ്‌നൈന്‍ വറേക്കര്‍ ആവശ്യപ്പെട്ടതെന്ന് ബന്ധുക്കള്‍ മൊഴി നല്‍കി. കാലപാതകശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട സൊബയ്യയുടെ നില മെച്ചപ്പെട്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ശനിയാഴ്ച വൈകിട്ടോടെയാണ് ഹസ്‌നൈന്‍ പറഞ്ഞപ്രകാരം ഭര്‍ത്താക്കന്മാരെ കൂട്ടാതെ മക്കളുമായി സഹോദരിമാരെത്തി. ഹസ്‌നൈന്റെ വീട്ടില്‍ ഇയാളും മാതാപിതാക്കളും ഭാര്യയും മക്കളും വിവാഹം കഴിക്കാത്ത ഇളയ സഹോദരിയുമാണുണ്ടായിരുന്നത്. കൃത്യം നടക്കുമ്പോള്‍ വീട്ടില്‍ പുരുഷന്മാരുടെ സാന്നിധ്യം ഇല്ലാതിരിക്കുക എന്നതായിരുന്നു ലക്ഷ്യം. ആത്മഹത്യ ചെയ്യാനുള്ള നൈലോണ്‍ കയര്‍ നേരത്തെ തന്നെ വാങ്ങിവച്ചിരുന്നു.
ആടിനെ അറുക്കുന്ന കത്തി ഉപയോഗിച്ചാണ് ഹസ്‌നൈന്‍ കൃത്യം നടത്തിയത്. കൂടാതെ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയതായും സംശയമുണ്ട്. ഭക്ഷണസാമ്പിളുകള്‍ കലീനയിലെ ഫോറന്‍സിക് ലാബില്‍ പരിശോധിച്ച് വരികയാണ്. കൊല്ലപ്പെട്ട 14 പേരുടെ ശരീരത്തിലും മയക്കുമരുന്നിന്റെ അംശം ഉള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും പരാമര്‍ശമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
രണ്ട് വര്‍ഷം മുമ്പ് ഹസ്‌നൈന്‍ കുടുംബത്തിലെ മൂന്നുപേരെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചിരുന്നു എന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.
Post Your Comments