ദുബായ്: ഇന്റര്‍നാഷണല്‍ സിറ്റി അപ്പാര്‍ട്ട്‌മെന്റില്‍ ഫിലിപ്പീന്‍സ് യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കെട്ടിടത്തിന്റെ കാവല്‍ക്കാരന്‍ അറസ്റ്റില്‍. കാവല്‍ക്കാരനുമായുള്ള തര്‍ക്കമാണ് ലെന്‍ലീ സില്‍പോ ഒലിവെറിയോ(26) എന്ന ഫിലിപ്പീന്‍സ് സ്വദേശിനിയായ യുവതിയുടെ കൊലപാതകത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞമാസം 19-നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൂടെ താമസിച്ചിരുന്ന ഏഷ്യക്കാരനാണ് വിവരം 19-ന് വൈകിട്ട് ഏഴുമണിയോടെ പോലീസിനെ അറിയിച്ചത്. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു. അപ്പാര്‍ട്ട്‌മെന്റ് കാവല്‍ക്കാരന്റെ പെരുമാറ്റത്തില്‍ അന്വേഷണ സംഘത്തിന് സംശയമുണ്ടായിരുന്നു. ഡി.എന്‍.എ പരിശോധനയിലൂടെ പ്രതി ഇയാള്‍ തന്നെയാണെന്ന് സ്ഥിരീകരിക്കുകായിരുന്നു.
രാവിലെ കാവല്‍ക്കാരന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ യുവതി വെള്ളത്തില്‍ തുപ്പിയതാണ് വാക്കുതര്‍ക്കത്തിന് കാരണമായത്. തുടര്‍ന്ന് ഇയാള്‍ ഉച്ചയോടെ ലീയുടെ ഫ്‌ളാറ്റിലെത്തി കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. പിന്നീട് രക്തം പുരണ്ട വസ്ത്രം വൃത്തിയാക്കിയ ശേഷം മുറിയടച്ച് മടങ്ങിയെന്നും പോലീസ് പറയുന്നു.
പത്ത് ദിവസം മുമ്പാണ് ഇയാള്‍ ഈ കെട്ടിടത്തില്‍ ജോലിക്കെത്തിയത്. യുവതിക്ക് രണ്ട് മക്കളുണ്ട്.
Post Your Comments