CricketSports

വീറും വാശിയും പരിശീലനത്തിനിടയിലും; കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് ഇന്ത്യ-പാക് താരങ്ങള്‍

മിര്‍പൂര്‍: ഇന്ത്യ-പാക് മത്സരങ്ങള്‍ എക്കാലവും വീറും വാശിയും നിറഞ്ഞു നില്‍ക്കുന്നതാണ്. ഈ വീറും വാശിയും കാണേണ്ടത് ഗ്രൗണ്ടിലാണെങ്കിലും ഇത്തവണ അത് അല്‍പം കൂടി കടന്ന് പരിശീലന ഗ്രൗണ്ടിലുമെത്തി. ഏഷ്യാ കപ്പിലെ നിര്‍ണായക പോരാട്ടത്തിന് മുന്‍പ് ഇന്നലെ വൈകിട്ട് നാലു മുതല്‍ ആറര വരെ മിര്‍പൂരിലെ ഖാന്‍ സാഹേബ് ഉസ്മാന്‍ അലി സ്റ്റേഡിയത്തിലാണ് ഇന്ത്യാ-പാക് ടീമുകള്‍ പരിശീലനം നടത്തിയത്. അടുത്തടുത്ത നെറ്റുകളിലായിരുന്നു ഇരു ടീമുകളുടെയും നെറ്റ് പ്രാക്ടീസ്. എന്നാല്‍ സൗഹൃദം പുതുക്കാനോ ആശയവിനിമയം നടത്താനോ, എന്തിന് അഭിവാദ്യം ചെയ്യാന്‍ പോലും ഇരു ടീമിലെയും താരങ്ങള്‍ തയാറായില്ല.

സ്റ്റേഡിയത്തിന്റെ മധ്യഭാഗത്തായി നെറ്റ് പ്രാക്ടീസിനായി നാലു നെറ്റുകളാണ് ഉണ്ടായിരുന്നത്. ആദ്യ രണ്ടെണ്ണത്തില്‍ ഇന്ത്യന്‍ താരങ്ങളും മറ്റു രണ്ടെണ്ണത്തില്‍ പാക് താരങ്ങളും പരിശീലിച്ചു. രാജ്യാന്തര മത്സരങ്ങളില്‍ പരിശീലന സെഷനുകള്‍ കഠിനമാണെങ്കിലും രണ്ട് ടീമിലെയും അംഗങ്ങള്‍ തമ്മില്‍ സൗഹൃദം പങ്കിടാനോ ഇടപഴകാനോ മടി കാണിക്കാറില്ല. ഇന്ത്യാ-പാക് പോരാട്ടങ്ങള്‍ക്ക് ഇതിലുമേറെ ചൂടും ചൂരുമുണ്ടായിരുന്ന 80 കളിലും 90 കളിലും പോലും പരിശീലന സെഷനിടെ ഇരു ടീമിലെയും അംഗങ്ങള്‍ തമ്മില്‍ പലപ്പോഴും സൗഹൃദം പങ്കിടാറുണ്ട്. ദിലീപ് വെങ്‌സാര്‍ക്കറും, കപില്‍ ദേവുമെല്ലാം ജാവേദ് മിയാന്ദാദുമായും സച്ചിനും, അസ്ഹറും വസീം അക്രവുമായുമൊക്കെ ആശയവിനിമയം നടത്താറുണ്ടായിരുന്നു. എന്നാല്‍ ഇന്നലത്തെ പരിശീലന സെഷനില്‍ ഇതൊന്നും കണ്ടില്ല.

ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷനില്‍ ക്യാപ്റ്റന്‍ ധോണിയും നെഹ്‌റയും പങ്കെടുത്തില്ലെന്നതും ശ്രദ്ധേയമായി. പുറത്തേറ്റ പരിക്ക് ഭേദമാകാത്തതാണ് ധോണി പരിശീലനത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ കാരണം. മുന്‍പ് പലവട്ടം പരിക്കിന്റെ പിടിയിലായിട്ടുള്ള നെഹ്‌റയാകട്ടെ ടീം അഗങ്ങളില്‍ നിന്ന് വ്യത്യസ്തനായി സ്വന്തം നിലയ്ക്കാണ് പരിശീലനം നടത്താറുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button