ബീന സി.എം
ആണുങ്ങളുടെ സൈഡിലെ ഡോറിലുടെ അവന്‍ മടിച്ച് മടിച്ച് കേറി. തിക്കിത്തിരക്കി മുന്നിലേക്ക് നടന്നു. ഉള്ളിലെ പേടി അവന്‍റെ കാലുകളെ അനക്കാനാവാത്തവിധം വേദനിപ്പിക്കുന്നുണ്ട്. ഇട്ടിട്ടു പഴകിയ ക്രീം ഷര്‍ട്ട് ചെറുതായി പിന്നി തുടങ്ങി.നീല പാന്റ്സ് ആകട്ടെ അറ്റം കീറിയ നിലയിലും.ക്ലാസ്സിലെ ചെറുക്കന്‍മാരെല്ലാം അവനെ “കുട്ടിക്കുപ്പായം” എന്നാണ് വിളിക്കുന്നത്. കിളി ഡബിള്‍ ബെല്‍ കൊടുത്തപ്പോള്‍ അവന്‍ കമ്പിയില്‍ മുറുകെ പിടിച്ചു.പരിഭ്രമം മൂലം വളരെ കഷ്ടപെട്ടാണ് അവന്‍ ബാഗൂരി സീറ്റില്‍ ഇരിക്കുന്ന ഒരു മദ്ധ്യവയസ്കന് കൊടുത്തത്.
സൌമ്യമായ ഒരു പുഞ്ചിരി അയാളുടെ മുഖത്തുണ്ട്.എന്നാല്‍ ഇവന് തിരികെ ചിരിക്കാന്‍പോലും ആകുന്നില്ല.അത്രമാത്രം മുഖത്തെ പേശികള്‍ വലിഞ്ഞുമുറുകിയിട്ടുണ്ട്.കണ്ടക്ടര്‍ ടിക്കറ്റ് വാങ്ങാനിറങ്ങി. “ടിക്കറ്റ്..ടിക്കറ്റ്..” ഓരോ തവണ ആ വിളി കേള്ക്കുമ്പോളും അവന്‍ കണ്ണിറുക്കിയടക്കും. എന്തൊക്കയോ ജപിക്കും. വിയര്‍പ്പുച്ചാലുകള്‍ മുടിയില്‍ നിന്ന് താഴേക്ക് ഊര്‍നിറങ്ങി തുടങ്ങി. ദാഹംമൂലം നാവു അനക്കാന്‍ പറ്റാതെ.. അവന്‍ പേടിക്കുന്നത് മറ്റാരെയും അല്ല കണ്ടക്ടറെയാണ്. എന്തിനാണെന്ന് ചോദിച്ചാല്‍ അവനു കണ്‍സെഷെന്‍ കൊടുക്കാന്‍ ഉള്ള ചില്ലറ പോലും കൈയില്ലില്ല.
രാവിലെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അമ്മ നല്‍കുന്ന 2 ന്‍റെ 2 കോയിന്‍.അങ്ങോട്ടും ഇങ്ങോട്ടുമുള്ള ബസ്‌ചാര്‍ജ്. ഭദ്രമായി അത് ബാഗിലെ ഒരു കുഞ്ഞു ജുവല്ലറി ബോക്സില്‍ ഇട്ടുവെക്കും. ഇന്നും രാവിലെ അമ്മ കാശ് തന്നിരുന്നു. പക്ഷേ.. ആരോ അത് അടിച്ചുമാറ്റി. ആ ജുവല്ലറി ബോക്സ് അടക്കം. ബസില്‍ കേറുന്നതിനു തൊട്ടുമുന്‍പാണ് അവന്‍ ബാഗ് നോക്കിയത്.അത് അവിടെയില്ല.എത്രയൊക്കെ നോക്കിയിട്ടും അത് ബാഗിലില്ല. നഷ്ടപ്പെട്ടു. എടുത്തവന്‍ ഏതവനായാലും അവന്‍റെ കൈ തല്ലിയൊടിക്കണേ.. പെയ്യാന്‍ വെമ്പുന്ന കാര്‍മേഘംപോലെ അവന്‍റെ കണ്ണുകള്‍.. “ടിക്കറ്റ് ..ടിക്കറ്റ്..” വീണ്ടും ആ ശബ്ദം.അടുത്തടുത്ത് വരുന്നു.അവന്‍റെ നെഞ്ചിടിപ്പു കൂടിക്കൂടിവന്നു. ആ മദ്ധ്യവയസ്കന്‍ അതാ 10 രൂപ കൊടുത്തു.കണ്ടക്ടര്‍ അവനു നേരെ കൈ നീട്ടി.അപ്പോള്‍ ആ മനുഷ്യന്‍ 2 രൂപ കണ്ടക്ടറുടെ കൈയില്‍ വെച്ചു. “അവന്‍റെ പൈസയാ.. ബാഗ് ഊരുമ്പോ നിലത്ത് വീണു. അതാ..”
അവന്‍ പെട്ടന്ന് കണ്ണ്‍ തുറന്നു അയാളെ നോക്കി. കണ്ടക്ടര്‍ പറഞ്ഞു. “ എവടെ നോക്കിയാടാ ബാഗൂരുന്നേ?..” ആ മനുഷ്യന്‍ വീണ്ടും ചിരിച്ചു. തിരിച്ചു എന്ത് പറയണം എന്നറിയാതെ അവന്‍ തരിച്ചുനിന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അയാള്‍ ബാഗ് അവനു നല്‍കി.ചിരിച്ചുകൊണ്ട് പറഞ്ഞു. “എനികിറങ്ങനായി.. നന്നായി പഠിക്കു ട്ടോ..” വളരെ കഷ്ടപ്പെട്ട് നന്ദിസൂചകമായി ചിരിച്ചു. താനാരാണെന്ന് പോലും അറിയാതെ .. താന്നിങ്ങനെ കാശില്ലാതെ നില്കുക്കയാണെന്ന് അയാള്‍ എങ്ങനെയറിഞ്ഞു? ബസിറങ്ങി ഡോര്‍ അടയും വരെയും അവര്‍ പരസപരം നോക്കിനിന്നു.
കാഴ്ചകള്‍ക്കപ്പുറം ബസിന്‍റെ വേഗത അവരെ അകറ്റിയപ്പോള്‍ അവന്‍ കണ്ണ് തുടച്ചു.ദീര്‍ഘനിശ്വാസം എടുത്തു. പുതുതായി സീറ്റിലെത്തിയ ആള്‍ക്ക് ബാഗ് കൈമാറി,അവന്‍ കമ്പിയില്‍ തല ചായിച്ചു,ആരെന്നറിയാത്ത ആ മനുഷ്യന് മനസാല്‍ നന്ദി പറഞ്ഞുകൊണ്ട്..
Post Your Comments