ന്യൂഡല്‍ഹി: തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബി.ഡി.ജെ.എസുമായും പി.സി.തോമസിന്റെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസുമായും എന്‍.ഡി.എ സീറ്റുവിഭജന ചര്‍ച്ചകള്‍ ഈയാഴ്ച തുടങ്ങുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചു. ബി.ഡി.ജെ.എസുമായുള്ള ബന്ധത്തില്‍ ഒരുതരത്തിലുള്ള ഉലച്ചിലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണ്ഡലാടിസ്ഥാനത്തിലുള്ള സീറ്റുവിഭജനം കഴിഞ്ഞാലുടന്‍ ജില്ലാതലത്തില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കും. മുതിര്‍ന്ന നേതാക്കളായ കെ.രാമന്‍പിള്ളയേയും പി.പി.മുകുന്ദനേയും പാര്‍ട്ടി നേതൃനിരയില്‍ തിരിച്ചെത്തിക്കാനുള്ള ചര്‍ച്ചകള്‍ ഉടന്‍ നടക്കും. പാര്‍ട്ടി വിട്ടുപോയവരെല്ലാം മടങ്ങിയെത്തണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ജെ.എന്‍.യു.വിലേയും ഹൈദരാബാദ് സര്‍വ്വകലാശാലയിലേയും വിഷയങ്ങളെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കാനായി ബി.ജെ.പി ദേശഭക്ത സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ ബി.ജെ.പി സംസ്ഥാന കോര്‍ ഗ്രൂപ്പ് നേതാക്കളുടെ യോഗം ഇന്ന് തൃശ്ശൂരില്‍ ചേരും. തെരഞ്ഞെടുപ്പ് സഖ്യങ്ങളും പ്രധാനപ്പെട്ട നേതാക്കളുടെ സ്ഥാനാര്‍ത്ഥിത്വവും യോഗത്തില്‍ ചര്‍ച്ചയാവും.
Post Your Comments