International

ജോണ്‍സണ്‍ & ജോണ്‍സണ്‍ ബേബി പൗഡര്‍ ക്യാന്‍സറുണ്ടാക്കി; വന്‍ തുക നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

മിസൌറി : ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണ്‍ ബേബി പൗഡര്‍ ഉപയോഗം മൂലം വനിത ക്യാന്‍സര്‍ ബാധിതയായി മരിച്ച കേസില്‍ 72 മില്യണ്‍ ഡോളര്‍ (493.49 കോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. ഗര്‍ഭാശയ അര്‍ബുദം ബാധിച്ചു മരിച്ച ജാക്വിലിന്‍ ഫോക്സ് എന്ന യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാണ് കമ്പനിയോട് മിസൌറിയിലെ കോടതി ഉത്തരവിട്ടിരിക്കുന്നത്.

ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ബേബി പൗഡറും, ഷവര്‍ ടു ഷവറും വര്‍ഷങ്ങളായി ഉപയോഗിച്ചതാണ് യുവതിക്ക് ക്യാന്‍സര്‍ പിടിപെടാന്‍ ഇടയാക്കിയതെന്നായിരുന്നു കുടുംബത്തിന്റെ വാദം. യുവതിയുടെ കുടുംബത്തിനുണ്ടായ യഥാര്‍ത്ഥ നഷ്ടത്തിന് 10 മില്യണ്‍ ഡോളറും ശിക്ഷയെന്ന നിലയില്‍ 62 മില്യണ്‍ ഡോളറും നല്‍കാനാണ് സെന്റ്‌ ലുയിസ് സര്‍ക്യൂട്ട് കോടതി ഉത്തവരവിട്ടതെന്ന് യുവതിയുടെ കുടുംബത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.

ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സനെതിരെ രാജ്യത്തെ കേസുകളില്‍ ആദ്യമായി നേടുന്ന വിജയമാണിതെന്നും അഭിഭാഷകര്‍ പറഞ്ഞു. 1200 ലധികം കേസുകളാണ് യു.എസില്‍ ജോണ്‍സന്‍ ആന്‍ഡ്‌ ജോണ്‍സണ്‍ കമ്പനിയ്ക്കെതിരെയുള്ളത്. ടാല്‍ക്ക് അടങ്ങിയ ഉല്പന്നങ്ങള്‍ ക്യാന്‍സര്‍ ഉണ്ടാക്കുമെന്ന മുന്നറിയിപ്പ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഉല്പന്നങ്ങള്‍ക്കുമേല്‍ നല്‍കാറില്ല. ഇതിനെതിരെ 1000ത്തോളം കേസുകള്‍ മിസോറി സ്‌റ്റേറ്റ് കോടതിയിലും 200ഓളം കേസുകള്‍ ന്യൂജേഴ്‌സി കോടതിയിലും ഫയല്‍ ചെയ്തിട്ടുണ്ട്

അലബാമയിലെ ബിര്‍മിംഗ്ഹാം സ്വദേശിനിയായ ജാക്വിലിന്‍ 35 വര്‍ഷത്തോളം ബേബി പൗഡറും സ്‌ത്രീസഹജമായ ശുചിത്വത്തിനുള്ള ഷവര്‍ ടു ഷവറും ഉപയോഗിച്ചിരുന്നു. 62ാം വയസില്‍ കഴിഞ്ഞ ഒക്ടോബറിലാണ് അവര്‍ മരിക്കുന്നത്.

തട്ടിപ്പ്, അശ്രദ്ധ, ഗൂഢാലോചന എന്നിവ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായെന്ന് ജഡ്ജിമാര്‍ വിലയിരുത്തിയതായി അഭിഭാഷകന്‍ പറഞ്ഞു.

കോടതി വിധിയില്‍ നിരാശയുണ്ടെന്ന് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വക്താവ് കരോള്‍ ഗുഡ്‌റിച്ച് പ്രതികരിച്ചു. ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലമുള്ള പൗഡറിന്റെ സുരക്ഷിതത്വത്തില്‍ നല്ല വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Post Your Comments


Back to top button