ചെറുകഥ : ഹരിമതിലകം
പെയ്തൊഴിഞ്ഞ മഴപറഞ്ഞ പ്രണയകഥയിലെ സ്നേഹകണമാണ് ഇലത്തുംബില്‍ നിന്നുമിറ്റുവീഴുവാന്‍ വെമ്പുന്ന ജലകണമെന്നും, അതില്‍തട്ടി തെറിക്കുന്ന പ്രണയവര്‍ണ്ണമുള്ള സൂര്യപ്രകാശമാണൂ ഹൃദയങ്ങളില്‍ പ്രണയം പടര്‍ത്തുന്നതുമെന്നെന്‍റെ ചെവിയിലോതുവാന്‍ അവനിനി വരുമോ…. അറിയില്ല ….. എന്തേ യെന്നെ തനിച്ചാക്കിയെന്ന് തെല്ലൊരു പരിഭവത്തോടെ അവനോടു പറയുമ്പോള്‍ എന്‍ ഹൃദയം പകുത്തു തീർത്തൊരു നൗകയിലവൾക്ക് ജീവിതകടൽ താണ്ടുവാൻ ഒരു തുഴയായ് തുണയേകിയാലും എന്തിനീ ജീവിതസാഗരത്തിലെന്നെ തനിച്ചാക്കിയെന്നാകും പരിഭവമെന്ന്‍ പറഞ്ഞു കൊണ്ട് നെറ്റിയിലേക്ക് വീണ് കിടക്കുന്ന ചുരുളന്‍ മുടികളെ തഴുകി മാറ്റി എന്റെ മിഴിയിണകളില്‍ നാണം പടര്‍ത്തികൊണ്ട് ചൂണ്ടിലെ ചൂട് പകരുവാന്‍ ഇനിയവന്‍ വരുമോ……വരുവാന്‍ അവനെന്നെ തനിച്ചാക്കി പോയതല്ലല്ലോ, സമൂഹം കള്ളനെന്ന് വിളിച്ചാക്ഷേപിച്ചപ്പോള്‍ തന്റെ നിരപരാധിത്വവിശദീകരണത്തിന് ചെവികൊടുക്കാത്ത സമൂഹത്തിന് മുന്നില്‍നിന്നും തലകുനിച്ചു വന്നു ” ഞാന്‍ അല്ല എന്ന്‍ ” ഒരു ചെറിയ കുട്ടിയെ പോലെ എന്‍റെ മുന്നില്‍ നെഞ്ചു തകര്‍ന്നു നിന്ന് കൊണ്ട് നിറമിഴിയാലെ പറഞ്ഞപ്പോള്‍ ..എന്നെയേറെ ചേര്‍ത്ത് നിര്‍ത്തിയ ആ നെഞ്ചില്‍ കൈകള്‍കൊണ്ട് ആഞ്ഞു തള്ളി എന്തൊക്കെയോ ശകാരവാക്കുകള്‍ പറഞ്ഞു പിന്തിരിഞ്ഞു നടക്കുമ്പോള്‍ അറിയാന്‍ ശ്രമിച്ചില്ലല്ലോ എന്നെയേറെ സ്നേഹിക്കുന്ന ഹൃദയം ആണൂ ഞാന്‍ തകര്‍ക്കുന്നത് എന്ന്. രജസ്വലയായിരിക്കുന്ന ദിനങ്ങളിലെ അമര്‍ത്തിവ്യ്ക്കാനാവാത്ത ദേഷ്യമാണൂ എനിക്കവനെ മനസ്സിലാക്കാനാവാതെ പോയതെന്ന് അവനുമറിഞ്ഞില്ലല്ലോ എന്ന്‍ സ്വയം ന്യായീകരണമായിരുന്നു വാതിലടച്ചു ഇരുണ്ട ചായപ്പിനുള്ളില്‍ കിടക്കുമ്പോള്‍ മനസ്സില്‍ …….സൂര്യന്റെ പ്രണയതീഷ്ണതയാല്‍ മരിച്ചു പോയ സൂര്യകാന്തി പൂവാകുവാനാണെനിക്ക് ഇഷ്ടമെന്ന് ഒരായിരം വട്ടം പറഞ്ഞതല്ലേ ഞാന്‍ അവനോടു എന്നിട്ടും ഞാന്‍ ഒന്ന് തള്ളി പറഞ്ഞപ്പോള്‍ കള്ളന്‍ എന്ന്‍ നാട്ടുകാര്‍ വിളിച്ചപ്പോള്‍, ഞാന്‍ നഖക്ഷതങ്ങള്‍ തീര്‍ത്ത, ചുംബനങ്ങള്‍ കൊണ്ട് മൂടിയ ആ മേനി പോലീസു ബൂട്ടുകൊണ്ട് ചവിട്ടിയെരിച്ചപ്പോഴും പറയാമായിരുന്നില്ലേ ഒരു വട്ടം എങ്കിലും എന്റെ പ്രിയനെ നീയല്ല അത് ചെയ്തത് എന്നു …..തെളിമയുള്ള ആകാശത്തിലൂടെ പായുന്ന മേഖപാളികളുടെ വേഗമായിരുന്നു ദിനങ്ങള്‍ക്ക് …നിനക്കു ഏറെയിഷ്ടമുള്ള ഇലകളോട് സൊറപറയുന്ന ചാറ്റല്‍ മഴ അന്നുമുണ്ടായിരുന്നു കുങ്കുമകായുടെ കുരുക്കള്‍ കൊണ്ട് ഒത്തിരി തവണ നീ സിന്ദൂരം ചാര്‍ത്തി തന്ന തിരുനെറ്റിയില്‍ മറ്റൊരാണൂ സിന്ദൂരമണീയിക്കുമ്പോള്‍ ഈ ശ്വാസം നിലക്കുന്നത് വരെ നിന്‍റേത് മാത്രമെന്ന് നിനക്കു സത്യമിട്ട് തന്ന എന്‍റെ ഹൃദയം നുറുങ്ങുന്ന വേദന നീ അറിഞ്ഞുവോ ….നിന്നെ അറിയുന്ന എന്‍റെ ഏട്ടന്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു കാതില്‍ പറഞ്ഞതും പെണ്ണിന്റെ മനസ്സ് പറിച്ചു നടുന്ന ചെടിയെ പോലെയാണ് ആദ്യം ചെടിയുടെ വാടിനില്‍ക്കുന്ന ഇലകളെ പോലെയെങ്കിലും പുതുമണ്ണിനെ സ്നേഹിക്കുന്ന ചെടിയെ പോലെ അവളും നാളെ മറവിയെ സ്നേഹിക്കുമെന്ന നിന്‍റെ വാക്കുകള്‍ ആയിരുന്നൂ …. ഓര്‍മ്മയുണ്ടോ കളിയായ് ഇതേന്നോട് പറഞ്ഞ അന്ന്‍ നിന്‍റെ ചുരുളന്‍ മുടികള്‍ക്കിടയിലേക്ക് ഊരോത്തിന്‍ കായ്കള്‍ വിതറി കൂട്ടിയിട്ടിരുന്ന വെള്ളാരം മണ്ണിലേക്ക് നിന്നെ തള്ളിയിട്ട് ഓടിയത് ….
ജീവിതം പിന്നെയും നീ നിന്‍റെ ശ്വാസം പോലെ സ്നേഹിച്ചിരുന്ന മണ്ണില്‍ നിന്നും എന്നെ മണലാരണ്യത്തിലേക്ക് പറിച്ചു നട്ടു..തിരക്ക് പിടിച്ച ജീവിതത്തിനും മുന്നേയോടുന്ന ആളായിരുന്നു അദ്ദേഹം.കോണ്‍ക്രീറ്റ് ചുവരുകള്‍ക്കിടയില്‍ നിന്‍റെ ഓര്‍മ്മകളില്ലായിരുന്നു എങ്കില്‍ ശ്വാസം മുട്ടി മരിച്ചേനെ ഞാന്‍ ,നിനക്കറിയുമോ ഹൃദയം മോഹങ്ങളുടെ ചിതയായ് എരിയുമ്പോഴെല്ലാം നിന്‍റെ സാമീപ്യം, ചന്ദനത്തിന്‍ ഗന്ധം എന്നെ തേടിവരാറുണ്ട് .. അറിയില്ല എന്നാണൂ ഞാന്‍ നമ്മുടെ പ്രണയം എഴുതി തുടങ്ങിയതെന്ന് ജോലി തേടി ഇവിടേക്ക് വന്ന ഏട്ടന്‍ ആണൂ അത് കണ്ടതും ഏതോ പ്രസിദ്ധീകരണത്തിന് അയച്ചു കൊടുത്തതും നീ യെന്നില്‍ പെയ്ത പ്രണയമഴയ്ക്ക് അഭിനന്ദനങ്ങള്‍ ഏറെയായിരുന്നു നിനക്കറിയില്ലേ നിന്‍റെ ബുദ്ദൂസിനെ എല്ലാം നീയായിരുന്നു ഓരോ അക്ഷരവും നിന്നെ നിന്‍റെ സ്നേഹത്തെ പകര്‍ന്ന് വയ്ക്കുക മാത്രമാണൂ ചെയ്തത് ….ചുണ്ടില്‍ ചുവന്ന ചായം തേച്ചു സ്വന്തം ശരീരത്തിന് വിലപറയുന്ന സ്ത്രീയെ ഞാന്‍ എന്നില്‍ കണ്ട ദിവസം ആയിരുന്നു അന്നു നമ്മുടെ പ്രണയമെഴുത്തിന് പ്രസിദ്ധീകരണക്കാര്‍ നീട്ടിയ പണമടങ്ങിയ കവര്‍ വാങ്ങിയപ്പോള്‍… നിനക്കിതാദ്യമായി തെറ്റുകയാണൂ ഈ ചെടിയുടെ വേരുകള്‍ തേടുന്നത് ആ നെഞ്ചിന്റെ ചൂടും പ്രണയവും തന്നെയാണൂ കാലം വെള്ളികെട്ടിയ നിനക്കേറെയിഷ്ടമുള്ള ചുരുളന്‍ മുടികള്‍ സാക്ഷി . .എത്ര നേരമായെന്നോ ഈ മട്ടുപ്പാവില്‍ പുതിയതായി ആകാശത്തു വന്ന ഒറ്റപ്പെട്ട നക്ഷത്രം ഏതെന്ന് നോക്കി ഇങ്ങനെ ഇരിക്കുന്നത് …എന്‍റെ മടിയില്‍ തലവെച്ചു ആകാശത്തു നോക്കി കിടക്കുമ്പോള്‍ നീ എപ്പോഴും പറയാറില്ലെ ഒറ്റപ്പെട്ടു നില്‍ക്കുന്ന തിളക്കമില്ലാത്ത നക്ഷത്രങ്ങള്‍ ഭൂമിയിലെ പ്രണയഭാജനത്തെ തേടി നില്‍ക്കുന്നവരാണെന്ന് അവര്‍ ഒരുമിക്കുന്ന ദിനം ആ നക്ഷത്രങ്ങള്‍ക്ക് തിളക്കം ഏറുമെന്ന് …..ആ തിളക്കമില്ലാത്ത താരകമാവുകയാണൂ ഞാന്‍ കാത്ത് നില്ക്കും ഞാനവിടെ കാര്‍മേഘം തിളക്കം മറയ്ക്കുന്ന ഇതര താരകങ്ങളില്‍ തെല്ലോരസൂയ പരത്തികൊണ്ട് നാം തിളങ്ങി നില്‍ക്കുന്ന ആ ദിവസത്തിനായി……
Post Your Comments