കെ.വി.എസ്. ഹരിദാസ്
ജെ.എന്‍.യു. സംഭവത്തില്‍ പുതിയൊരു വഴിത്തിരിവ്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് നൂറു കണക്കിന് അഭിഭാഷകര്‍ ഡല്‍ഹിയില്‍ പ്രകടനം നടത്തിയത് ഇക്കാര്യത്തില്‍ നിലപാടെടുത്ത കോണ്‍ഗ്രസ് , ഇടതു പാര്‍ട്ടികള്‍ എന്നിവയ്ക്ക് മറുപടിയായി മാറുകയായിരുന്നു. ജനങ്ങള്‍ ജെ.എന്‍.യു.വിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് എന്നും വിദ്യാര്‍ഥികള്‍ മുഴുവന്‍ ഇടതു കോണ്‍ഗ്രസ് നിലപാടിന് അനുകൂലമാണ് എന്നുമൊക്കെ പറഞ്ഞുനടന്നവരുടെ മുന്നിലേക്കാണ് അഭിഭാഷക റാലി എത്തിയത്. മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചു എന്ന് പറയുന്ന അഭിഭാഷകരും ഇന്നത്തെ റാലിയില്‍ പങ്കെടുക്കുന്നുണ്ട്. അതാണ് ഇതിലെ മറ്റൊരു പ്രത്യേകത. പട്യാല കോടതിയിലെ വിരലില്‍ എണ്ണാവുന്ന വക്കീലന്മാരാണ് പ്രശ്‌നമുണ്ടാക്കിയത് എന്നും മറ്റുള്ളവര്‍ രാഷ്ട്ര വിരുദ്ധ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നവര്‍ക്കൊപ്പമല്ല എന്നും വാദമുണ്ടായിരുന്നു. അതും ഇന്നിപ്പോള്‍ തിരുത്തപ്പെടുകയാണ്. നൂറുകണക്കിന് അഭിഭാഷകരാണ് ഈ റാലിയില്‍ സംബന്ധിച്ചത്. ഭാരത മാതാ കി ജയ്, വന്ദേ മാതരം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ച അവര്‍ ദേശവിരുദ്ധ പ്രവര്‍ത്തനം അനുവദിക്കില്ലെന്നും വിളിച്ചുപറയുന്നുണ്ടായിരുന്നു. ഈ സംഭവം സുപ്രീം കോടതിയും വിഷമത്തിലാഴ്ത്തും എന്നത് തീര്‍ച്ചയാണ് . അഭിഭാഷകര്‍ക്കെതിരെ കഴിഞ്ഞ ദിവസം ചില പരാമര്‍ശങ്ങള്‍ നടത്തിയാല്‍ അത്യുന്നത നീതിപീഠം ഇനി എന്ത് ചെയ്യും എന്നത് കാണേണ്ടിയിരിക്കുന്നു. ഡല്‍ഹിയില്‍ നിലവിലുള്ള രാഷ്ട്രീയ അവസ്ഥ എന്താണെന്ന് കാണിക്കുന്നതാണ് ഈ ശക്തി പ്രകടനം എന്ന് കരുതുന്നവര്‍ ഏറെയാണ്.
ഡല്‍ഹിയില്‍ നടന്ന സംഭവങ്ങളില്‍ ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമാണ് എന്നതായിരുന്നു കോണ്‍ഗ്രസും എ. എ.പി.യും ഇടതു കക്ഷികളും പരസ്യമായി പറഞ്ഞിരുന്നത്. കുറെ ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകള്‍ തങ്ങള്‍ക്ക് അനുകൂലമായതിനാല്‍ ഈ നിലപാടുമായി മുന്നോട്ടുപോകാന്‍ ശ്രമിക്കുന്നതാണ് നല്ലതെന്ന് ഇന്നുരാവിലെ നടന്ന ഇടതു കക്ഷികളുടെ യോഗം തീരുമാനിച്ചിരുന്നു. ജെ.എന്‍.യു സംഭവത്തെ ദേശീയ തലത്തില്‍ ഉയര്‍ത്തിക്കാണിക്കാനും അതുപയോഗിച്ചു പരമാവധി രാഷ്ട്രീയ നേട്ടം കൊയ്യാനുമാണ് അവര്‍ തീരുമാനിച്ചത്. ബീഫ് വിവാദവും ദാദ്രിയുമൊക്കെ പ്രയോജനകരമായിരുന്നു എന്നും അതുപോലെ ജെ.എന്‍.യു.വിലെ ദേശവിരുദ്ധ പ്രവര്‍ത്തനവും പ്രയോജനപ്പെടുത്താന്‍ കഴിയണമെന്നുമാണ് സീതാറാം യെച്ചൂരിയും സംഘവും ചിന്തിച്ചത് എന്ന് വ്യക്തം. അതല്ല, അഭിഭാഷകരില്‍ ബഹു ഭൂരിപക്ഷവും ഇക്കാര്യത്തില്‍ ദേശീയതയുടെ പക്ഷത്താണ് എന്ന് ചൂണ്ടിക്കാണിക്കാന്‍ തന്നെയാവണം അഭിഭാഷകര്‍ ഇന്നിപ്പോള്‍ തെരുവിലിറങ്ങിയത്. അതാവട്ടെ തീര്‍ച്ചയായും പൊതുജനങ്ങളിലെ , ചിന്തിക്കുന്നവരിലെ മാനസികാവസ്ഥ എന്തെന്ന് വ്യക്തമാക്കുന്നുണ്ട്.
ജെ.എന്‍.യു.വിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവര്‍ക്കിടയില്‍ വന്നിട്ടുള്ള മാറ്റവും ഇവിടെ കാണാതെ പൊയ്ക്കൂടാ. കഴിഞ്ഞ ദിവസം അവിടത്തെ അധ്യാപകരും ജീവനക്കാരും ഒരു പ്രകടനം നടത്തുകയും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ താലോലിക്കരുതെന്നു പരസ്യമായി പ്രസ്താവിക്കുകയും ചെയ്തു. അവരന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജനാഥ് സിംഗിനെക്കണ്ട് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. അതൊന്നും മുന്‍പ് നടന്നിട്ടില്ല എന്നതാണ് പ്രധാനം. ‘ ജെ.എന്‍.യുവില്‍ 650 അധ്യാപകരും 1500 ജീവനക്കാരും എണ്ണായിരം വിദ്യാര്‍ത്ഥികളുമുണ്ട് . അവരില്‍ 600 അധ്യാപകരും 8,000 വിദ്യാര്‍ത്ഥികളും പഠിക്കണം എന്ന് കരുതുന്നവരാണ്. അതുകൊണ്ടുതന്നെ അതിനാവശ്യമായ സാഹചര്യം അവിടെ ഒരുക്കണം’, അവര്‍ അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടു. അധ്യാപകരില്‍ വലിയൊരു വിഭാഗം ഇന്നിപ്പോള്‍ ഇടതു കോണ്‍ഗ്രസ് രാഷ്ട്രീയക്കളിക്ക് എതിരായിക്കഴിഞ്ഞു എന്നതിന്റെ തെളിവായി ഇത് വിലയിരുത്തപ്പെടുന്നു. അതുതന്നെയാണ് ഇടതു കോണ്‍ഗ്രസ് നേതാക്കളെ വല്ലാതെ വിഷമിപ്പിച്ചത്. അതും അഭിഭാഷകര്‍ ഇപ്പോള്‍ നടത്തിയ ശക്തി പ്രകടനവും മറ്റും മാറുന്ന കാലാവസ്ഥയെയാണ് കാണിക്കുന്നത് എന്ന് ചുരുക്കം.
അഭിഭാഷകരും മറ്റും ഉന്നയിക്കുന്ന ഒരു പ്രശ്‌നമുണ്ട്. തങ്ങള്‍ എതിര്‍ത്തത് ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെയാണ് . രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തിയ ഒരാള്‍ക്കെതിരെയാണ് പ്രതികരിച്ചത്. അതിനു തങ്ങള്‍ക്കെതിരെ നീങ്ങുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്. ഇന്നിപ്പോള്‍ സുപ്രീം കോടതിയും ഇക്കാര്യം പരിഗണിച്ചതാണ്. അഫ്‌സല്‍ ഗുരുവിനെയും യാക്കൂബ് മേമനെയും മറ്റും ന്യായീകരിക്കുകയും മഹത്വവല്‍ക്കരിക്കുകയും അതേസമയം തന്നെ എസ്.എ.ആര്‍. ഗിലാനിയെപ്പോലെ ഒരാളെ കൂട്ടുപിടിക്കുകയും ചെയ്യുന്നവരെ എങ്ങിനെ ന്യായീകരിക്കും എന്നത് സുപ്രീം കോടതിക്കും മനസിലായിരിക്കണം എന്ന് തോന്നുന്നു. ആ ദേശവിരുദ്ധ പരിപാടിയില്‍ പങ്കെടുത്ത ഒരാള്‍, ഉമര്‍ ഖാലിദിന്റെ പിതാവ് നിരോധിക്കപ്പെട്ട ‘സിമി’ യുടെ മുന് അധ്യക്ഷനാണ് എന്നതും ഇതിനിടയില്‍ വ്യക്തമാക്കപ്പെട്ടു. അതും സ്വാഭാവികമായും കോടതിയിലെത്തിയിരിക്കണം. ഉമര്‍ ഖാലിദിന് ജൈഷ് ഇ മുഹമ്മദുമായി ബന്ധമുണ്ട് എന്നതാണത്രേ ഐ.ബി കണ്ടെത്തിയിരിക്കുന്നത്. അതും കോടതിക്ക് കാണാതെ പോകാനാവില്ലല്ലോ.
‘ അനിതരസാധാരണമായത് എന്തൊക്കെയോ രാജ്യത്ത് നടക്കുന്നു’ എന്നാണു സുപ്രീം കോടതി ബഞ്ച് വ്യാഴാഴ്ച പറഞ്ഞത് എന്നതോര്‍ക്കുക. മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് ജെ.ചെലമേശ്വര്‍ ആയിരുന്നു ആ ബഞ്ചിലുണ്ടായിരുന്നത്. അത് ഒരു പക്ഷെ കാര്യങ്ങള്‍ വേണ്ടവിധം മനസിലാക്കാതെയാവണം എന്ന് ഇന്നത്തെ കോടതി നടപടികള്‍ നിരീക്ഷിക്കുന്നവര്‍ക്ക് സംശയമുണ്ടാവുമോ എന്നറിയില്ല. ഇന്നിപ്പോള്‍ നാം കണ്ടത് സുപ്രീം കോടതി മുമ്പാകെ കനയ്യ കുമാറിന്റെ ജാമ്യ ഹര്‍ജിയെ കേന്ദ്രം എതിര്‍ക്കുന്നതാണ് . തീര്‍ച്ചയായും അത് പ്രധാനമാണ്. വേണ്ടത്ര തെളിവുകള്‍ ഇല്ലെങ്കില്‍ അത്തരമൊരു ശ്രമം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കില്ല എന്ന് തീര്‍ച്ച. അതായത് ദേശവിരുദ്ധ പ്രവര്‍ത്തനം നടന്നതിനു ആവശ്യമായ തെളിവുകള്‍ പോലീസിന്റെ പക്കലുണ്ട് എന്നതുതന്നെ. അതാണ് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ഒന്നിലേറെ തവണ പരസ്യമായി മാധ്യമങ്ങളോട് പറഞ്ഞതും. ഈ അവസ്ഥയിലാവണം ജാമ്യഹര്‍ജി തങ്ങള്‍ കേള്‍ക്കുന്നത് ഒഴിവാക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്. ഐപിസിയിലെ 124 എ എന്ന വകുപ്പനുസരിച്ച് കുറ്റാരോപിതനായ ഒരാളുടെ കേസ് വളരെ പെട്ടെന്ന് സുപ്രീംകോടതി തീരുമാനിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നതും കണക്കിലെടുത്തിരിക്കണം. സാധാരണ നിലക്ക് ഇത് മജിസ്‌ട്രേറ്റ് കോടതി, ജില്ല കോടതി, ഹൈക്കോടതി എന്നിവയൊക്കെ കണക്കിലെടുത്തതിനു ശേഷമേ സുപ്രീം കോടതിയിലെത്താന്‍ പാടുള്ളൂ. ‘ അസാധാരണമായത് ……’ എന്നൊക്കെ കഴിഞ്ഞദിവസം പരസ്യമായി പറഞ്ഞത് ഇന്ന് സുപ്രീം കോടതി മുറിയില്‍ ഉയര്‍ന്നതായി ഇതുവരെയും കേട്ടില്ല എന്നതും പറയേണ്ടിയിരിക്കുന്നു.
മൊത്തത്തില്‍ നോക്കുമ്പോള്‍ ഡല്‍ഹി സംഭവം കൂടുതല്‍ ശ്രദ്ധ നേടുകയാണ്. അതാവട്ടെ, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്ന നിലക്കാണ് എന്നതും പറയാതെ വയ്യ. ഇനിയും പലരെയും പിടികൂടാനുണ്ട്. ഉമര്‍ ഖാലിദ് ഒളിവിലാണ് എന്നാണു കേള്‍ക്കുന്നത്. ഈ സംഭവത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളാണ് ഉമര്‍. ആ അന്വേഷണമാവട്ടെ ഒരു പക്ഷെ മുന്‍പ് ദന്ദെവാദയില്‍ 70ഓളം കേന്ദ്ര സൈനികരെ മാവോയിസ്റ്റുകള്‍ വധിച്ചപ്പോള്‍ ജെ.എന്‍.യു. കാമ്പസില്‍ നടന്ന ആഹ്ലാദ പ്രകടനമടക്കമുള്ള വിഷയങ്ങളിലേക്ക് വിരല്‍ ചൂണ്ടിക്കൂടായ്കയില്ല. ഇത്തരം ദേശദ്രോഹ, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുമ്പോള്‍ അതിനെ സംഘപരിവാറിന്റെ അജണ്ടയായി കണ്ടു ഇടപെടാനാണ് പ്രതിപക്ഷ ശ്രമം. അത് വിജയിക്കാന്‍ ഇനി വിഷമമാവും എന്നത് ഏറെക്കുറെ തീര്‍ച്ചയാണ് . അതെന്തായാലും ദല്‍ഹിയില്‍ ഇന്നിപ്പോള്‍ നടന്ന അഭിഭാഷകരുടെ ശക്തിപ്രകടണം തീര്‍ച്ചയായും ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് എതിരായുള്ള ആദ്യത്തെ പരസ്യമായ ചുവടുവെപ്പാണ്. അത്രമാത്രം പേര്‍ അതില്‍ പങ്കാളികളായി; അതും ഗൌരവ തരം തന്നെ. അതിനൊപ്പമാണ് ജെ.എന്‍.യു അധ്യാപകരും മറ്റും നടത്തിയ നീക്കങ്ങളെ കാണേണ്ടത്.
Post Your Comments