Kerala

ഭക്ഷ്യവിഷബാധ: കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലെ നാല്‍പതോളം നഴ്‌സിങ് വിദ്യാര്‍ത്ഥിനികള്‍ അവശനിലയില്‍, സംഭവം മൂടിവെക്കാന്‍ അധികൃതരുടെ ശ്രമം

കട്ടപ്പന: ഭക്ഷ്യവിഷബാധയേറ്റ് കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലെ നാല്‍പതോളം നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ അവശനിലയില്‍. സംഭവം മൂടിവെക്കാന്‍ കുട്ടികളെ ഹോസ്റ്റല്‍ മുറിയില്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ഇവരുടെ മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍ തുടങ്ങിയവ അധികൃതര്‍ പിടിച്ചുവച്ചു. കുട്ടികളുടെ രക്ഷിതാക്കളുടെ ഫോണ്‍ കോളുകള്‍ കുട്ടികള്‍ക്ക് കൈമാറുന്നില്ല.

സെന്റ് ജോണ്‍സ് കോളജ് ഓഫ് നഴ്‌സിങ്ങിലെ ബി. എസ്സി നഴ്‌സിങ് വിദ്യാര്‍ത്ഥികളാണ് ഭക്ഷ്യവിഷബാധയേറ്റത്. ഹോസ്റ്റലിലെ കാന്റീനില്‍നിന്നും മൂന്നു ദിവസം മുമ്പ് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഛര്‍ദിയും വയറിളക്കവുമുണ്ടാവുകയായിരുന്നു. കുട്ടികളില്‍ ചിലര്‍ കുഴഞ്ഞു വീണു. ഗുരുതരാവസ്ഥയിലായ കുട്ടികള്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.

 കാന്റീനില്‍നിന്നു വിളമ്പിയ മീന്‍ പഴകിയതായിരുന്നെന്നും അതാണ് വിഷബാധക്ക് കാരണമായതെന്നു പറയുന്നു. ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ് സെന്റ് ജോണ്‍സ്. ബ്രദേഴ്‌സ് ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സന്യാസ സഭയുടെ കീഴിലാണ് നഴ്‌സിങ് കോളജും നഴ്‌സിങ് സ്‌കൂളും ആശുപത്രിയും പ്രവര്‍ത്തിക്കുന്നത്.

ബാക്കി കുട്ടികളെ ഡോക്ടര്‍മാര്‍ ഹോസ്റ്റലിലെത്തി ചികിത്സിക്കുകയാണ്. കുട്ടികളിലൊരാള്‍ വീട്ടിലേക്ക് വിളിച്ച് പറഞ്ഞതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.  കൂടുതല്‍  വിവരങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ കുട്ടികളുടെ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും അധികൃതര്‍ വാങ്ങി സൂക്ഷിക്കുകയായിരുന്നു.
 

കടപ്പാട്:  മറുനാടന്‍ മലയാളി

shortlink

Related Articles

Post Your Comments

Related Articles


Back to top button