അജ്മീര്‍: രാജസ്ഥാന് കേന്ദ്ര സര്‍വ്വകലാശാലയിലെ ഹോസ്റ്റലില്‍ ഗവേക വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മോഹിത് ചൗഹാന്(27) എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. മുറിയില്‍ നിന്നും ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
കോളേജിലെ മുതിര്‍ന്ന അദ്ധ്യാപകന്റെ കീഴിലായിരുന്നു മോഹിത് ഗവേഷണം നടത്തിയിരുന്നത്. അദ്ദേഹം മോഹിതിനെ മാനസികമായി വിഷമിപ്പിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചുകൊണ്ടിരുന്ന മോഹിത് പെട്ടന്നെഴുന്നേറ്റ് തന്റെ മുറിയിലേക്ക് പോവുകയായിരുന്നു. പിന്നീട് ഭക്ഷണം കഴിക്കാനായി സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചെങ്കിലും മോഹിത് ഫോണെടുത്തില്ല. സംശയം തോന്നി മുറിയില്‍ ചെന്ന് നോക്കിയപ്പോഴാണ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇതിനിടയില്‍ എന്താണ് സംഭവിച്ചതെന്ന് തങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് കേസ് അന്വേഷിക്കുന്ന അജ്മീര്‍ ഐ.ജി മാലിനി അഗര്‍വാള്‍ പ്രതികരിച്ചു. സംഭവത്തെ തുടര്‍ന്ന് വൈസ് ചാന്‍സലറുമായി ചര്‍ച്ച ചെയ്യാനും പ്രതിഷേധം നടത്താനും തീരുമാനിച്ചിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍.
Post Your Comments