കോട്ടയം : തെരഞ്ഞെടുപ്പടുത്തതോടെ രാഷ്ട്രീയ കക്ഷികൾ നടത്തുന്ന ജാഥകളിൽ കറന്‍സിനോട്ടുകൾ ഉപയോഗിച്ച് മാലയുണ്ടാക്കുന്നത് ഉപേക്ഷിച്ചത് പാലാ സ്വദേശി എബി ജെ. ജോസിന്റെ ജാഗ്രതമൂലം. അല്ലെങ്കിൽ ഒരു ഡസനിലേറെ ജാഥകളിൽ നോട്ടുമാലകൾ കൂമ്പാരമാകുമായിരുന്നു. കറന്‍സിനോട്ടുകൾ കുത്തി തുളച്ച് എളുപ്പം കേടുപാടുകൾ സംഭവിക്കുകയും ഇതുമൂലം പെട്ടെന്ന് നോട്ടുകൾ നശിക്കുകയും ചെയ്യുന്നതോടെ സർക്കാരിന് നഷ്ടം സംഭവിക്കുകയും ചെയ്യുമായിരുന്നു. 2013-ല്‍ അന്നത്തെ കെ.പി.സി.സി. പ്രസിഡന്റും ഇപ്പോഴത്തെ ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല നടത്തിയ കേരളയാത്രയിൽ നോട്ടുമാലകൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇതിനെതിരെ പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ കൂടിയായ എബി ജെ. ജോസ് പരാതി ഉന്നയിക്കുകയും തുടർന്ന് റിസർവ്വ് ബാങ്ക് കറന്‍സി നോട്ടുകൾ മാലയാക്കുന്നതിനെതിരെ സർക്കുലർ പുറപ്പെടുവിക്കുകയുമായിരുന്നു.
കറന്‍സി നോട്ടിലെ വെളുത്ത പ്രതലത്തിനുള്ളിൽ രാഷ്ട്രപിതാവിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ടെന്നും ഇതു തുളക്കുന്നതും നോട്ടുകൾ ആവരണമായി അണിയുന്നത് അവഹേളനമാണെന്നും എബി പരാതി ഉന്നയിച്ചിരുന്നു. നോട്ടുകളിൽ പിൻ ചെയ്യാനോ എഴുതാനോ റിസർവ്വ് ബാങ്ക് അനുവദിക്കുന്നില്ല. നോട്ടുമാല ഉപയോഗിക്കുന്നതിനെതിരെ സർക്കുലർ വന്നതോടെയാണ് രാഷ്ട്രീയ പാർട്ടികൾ ഇതിൽ നിന്നും പിൻ വാങ്ങിയത്. ഇപ്പോൾ ജാഥകളിൽ പൂമാലകളും പച്ചക്കറിമാലകളും ഒപ്പം കൈത്തറി ഷാളുകളുമാണ് ഉപയോഗിക്കുന്നത്. ക്ലീൻ നോട്ട് പോളിസിയുടെ ഭാഗമായിട്ടാണ് റിസർവ്വ് ബാങ്ക് നോട്ട് മാല ഇടുന്നതിനെതിരെ സർക്കുലർ പുറപ്പെടുവിച്ചത്.
Post Your Comments