ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണം ആസൂത്രണം ചെയ്തവരെ ഇന്ത്യ ഒരു പാഠം പഠിപ്പിക്കുമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിക്കുന്നതിന് മുമ്പ് തന്നെ ഭീകരര്‍ വ്യോമതാവളത്തില്‍ കടന്നിരിക്കാമെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
വ്യോമതാവളത്തിലെ ആക്രമണത്തിന് ഉരുളയ്ക്കുപ്പേരി എന്ന തരത്തില്‍ ഇന്ത്യ മറുപടി നല്‍കും. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ചില വ്യക്തികളും സംഘടനകളുമാണ്. ഒരു രാജ്യത്തിന്റേയും പേര് ഇന്ത്യ പറയില്ല. കാരണം ചിലപ്പോള്‍ അത് യുദ്ധത്തിന് തന്നെ വഴിവെച്ചേക്കാം. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തികളെ ഇന്ത്യ പാഠം പഠിപ്പിക്കും. അത് എപ്പോള്‍, എങ്ങനെ എന്നത് നമ്മള്‍ തീരുമാനിക്കും-പരീക്കര്‍ പറഞ്ഞു. എന്നിരുന്നാലും ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പാക്കിസ്ഥാനിലാണ് ഉള്ളതെന്നു കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താതെ പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.
പത്താന്‍കോട് ആക്രമണത്തിനു മറുപടി നല്‍കാന്‍ എന്തുകൊണ്ട് വൈകുന്നതെന്ന ചോദ്യത്തിന് അതിന്റെ സമയവും കാലവും ഇന്ത്യ തീരുമാനിക്കുമെന്നായിരുന്നു പരീക്കറിന്റെ മറുപടി. ഇതിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ഇന്ത്യയ്ക്ക് തിരിച്ചടിക്കാന്‍ കഴിവുണ്ടെന്നും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments