Weekened GetawaysSouth Indialoka samasthaIndia Tourism SpotsTravelWriters' Corner

മൈസൂർ- കൊട്ടാരങ്ങളുടെ നാട്ടിൽ – 11

ജ്യോതിർമയി ശങ്കരൻ

ജഗൻ മോഹൻ പാലസ്സിലെ ആർട്ട് ഗാലറി കാണാനാണു പിന്നീട് ഞങ്ങൾ പോയത്. കൃഷ്ണരാജ വൊഡെയാർ നിർമ്മിച്ച ഈ കൊട്ടാരം രാജകുടുംബത്തിന്റെ താൽക്കാലിക വസതികളിലൊന്നാണ്. 1861ൽ ആണിത് മൂന്നു നിലകളിലായി പണികഴിപ്പിയ്ക്കപ്പെട്ടിട്ടുള്ളത്. ദസറ സമയങ്ങളിൽ ഇവിടം തിരക്കേറിയതായി മാറുന്നു. ഇപ്പോൾ ഇവിടം ജയചാമരാജേന്ദ്ര ആർട്ട് ഗാലറിയായി മാറ്റിയിരിയ്ക്കുന്നു. ഒരുപക്ഷേ ദക്ഷിണെന്ത്യയിലേ ഏറ്റവും മികച്ച ആറ്ട്ട് ഗാലറിയായി ഇതിനെ കണക്കാക്കാം. . രാജാ രവിവർമ്മയുടെ ഒട്ടനവധി പെയിംന്റിംഗുകൾ ഇവിടെ കാണാനായി. പ്രധാനമായും ഇവിടത്തെ ചുവരുകളിൽ കാണപ്പെട്ട മ്യൂറലുകളിലൂടെ ദസറയുടെ പഴയകാലദൃശ്യങ്ങളുടെ ഒരു വേറിട്ട കാഴ്ച്ച നമുക്കു ലഭിയ്ക്കുന്നു. പണ്ടത്തെ പതിവനുസരിച്ച്(മൈസൂർ സ്കൂൾ ഓഫ് പെയിന്റിംഗ്) വെജിറ്റബിൽ ഡൈ ആണു ഈ ചിത്രങ്ങളിൽ ഉപയോഗിച്ചിരിയ്ക്കുന്നത് . ഇതേ രീതിയിൽ തന്നെ ദശാവതാരം വളരെ മനോഹരമായി ചുമരിൽ വരച്ചിരിയ്ക്കുന്നു. വൊഡയാർ ഫാമിലിയുടെ ഒരു വംശാവലി ഇവിടത്തെ ചിത്രങ്ങളിലൂടെ ഉരുത്തിരിഞ്ഞെത്തുന്നതു കാണാനായി.ചിത്രകലയെക്കുറിച്ചധികം ജ്ഞാനമില്ലാത്ത സാധാരണക്കാരുടെ മനസ്സിനെപ്പോലും കവർന്ന ഹൽദേൻകറിന്റെ വ്യഖ്യാതമായ ‘ ലേഡി വിത് ദ ലാമ്പ്” ഇവിടെ സൂക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നു. യുദ്ധ സന്നാഹത്തിനായുള്ള പടക്കോപ്പുകളും, കാഹളദ്ധ്വനിയുയർത്താനുള്ള സംഗീതോപകരണങ്ങളും, ആയുധ ശേഖരവുമെല്ലാം പ്രദർശിയ്ക്കപ്പെട്ടവയിൽ‌പ്പെടുന്നു. ഇവ കൂടാതെ നാണയശേഖരവും കാണാൻ കഴിഞ്ഞു. മിനിയേച്ചർ പെയിന്റിംഗുകളിൽ അരിയുടെ മണിയിന്മേലുള്ള വരയും മറ്റും സവിശേഷതയാർന്നവയായിത്തോന്നി.
പാലസിനു തൊട്ടായി ത്തന്നെയുള്ള ഹാളിൽ നടന്നുവന്നിരുന്ന സംഗീതനാടകവും അലപ്പ്നേരം ഇരുന്നാസ്വദിയ്ക്കാൻ കഴിഞ്ഞു. ശിവ-പാർവതി നൃത്തമായിരുന്നു അപ്പോൾ അരങ്ങേറിക്കൊണ്ടിരുന്നത്. ധാരാളം ആളുകൾ ആസ്വാദകരായി എത്തിക്കൊണ്ടിരുന്നു. പുറത്തെ കടകളിൽ വിൽ‌പ്പനയ്ക്കായി വച്ചിരിയ്ക്കുന്ന പലതരം വസ്തുക്കളിൽ സുഗന്ധദ്രവ്യങ്ങളായിരുന്നു കൂടുതൽ. സാൻഡൽ വുഡ്ഡ് കൊണ്ടുള്ള കരകൌശലവസ്തുക്കളും, സുഗന്ധവസ്തുക്കളും ധാരാളമായിവിടെ കർണ്ണാടക ഗവണ്മെന്റിന്റെ സ്റ്റാളുകളിൽ കുറഞ്ഞ വിലയ്ക്കു വിലക്കപ്പെടുന്നു.

റെയിൽ മ്യൂസിയം, മൈസൂർ

ഞങ്ങളുടെ മൈസൂർ ട്രിപ്പിലെ അവസാന സന്ദർശനം റെയിൽ മ്യൂസിയത്തിലേയ്ക്കായിരുന്നു. ഒരു കാരണവശാലും ഈ സ്ഥലം കാണാതിരിയ്ക്കരുതെന്ന് പലരും പറഞ്ഞിരുന്നതിനാൽ കാണാൻ ജിജ്ഞാസ വളരെയധികമുണ്ടായിരുന്നു. അതിനാൽ ആദ്യമേ തന്നെ വിവരം ഗൈഡിനോടു പറഞ്ഞിരുന്നു. റെയില്വേ സ്റ്റേഷനിലേയ്ക്ക് അവിടെ നിന്നും അധികം ദൂരമില്ലാത്തതിനാൽ ഏറ്റവും അവസാനത്തെ സന്ദർശനം റെയിൽ വേ മ്യൂസിയത്തിലേയ്ക്കെന്നു തീരുമാനിയ്ക്കപ്പെട്ടിരുന്നു താനും.
എന്താണീ റെയിൽ മ്യൂസിയം? എന്താണിതിത്രമാത്രം ആകർഷകമാകാൻ കാരണം? കൊച്ചു കുട്ടികൾക്കു മാത്രമല്ല, എല്ലാവർക്കും ഒരേപോലെ ഇഷ്ടപ്പെടാനാകുമെന്നറിഞ്ഞപ്പോൾ അവിടെ എത്താൻ തിടുക്കമായി. ഡെൽഹിയിലുള്ള നാഷണൽ റെയില്വേ മ്യൂസിയവും എല്ലാവരിലും കൌതുകമുളവാക്കുന്ന ഒന്നു തന്നെ. ഒരു പക്ഷേ എല്ലാവരുടെ ഉള്ളിലും ഒളിഞ്ഞിരിയ്ക്കുന്ന ഒരു ബാല്യ കൌതുകം അറിയാതെ പുറത്തു വരുകയാവാം. യാത്ര ചെയ്യാനല്ലാതെ ആകർഷകമാംവിധം പെയിന്റടിച്ച് അനങ്ങാതെ കിടക്കുന്ന വണ്ടികളിൽ കയറാനും ഇറങ്ങാനും ഇഷ്ടമ്പോലെ ചാടാനും മറിയാനും ആർക്കാണിഷ്ടമില്ലാത്തത്?

ഈ മ്യൂസിയം 1979ൽ മാത്രമാണു ഇന്ത്യൻ റെയില്വേയുടെ കീഴിലായി തുടങ്ങിയത്. ആദ്യകാലറെയിൽ വേയുടെ ചരിത്രവും ഫോട്ടോഗ്രാഫുകളും പഴയ ബോഗികളും എല്ലാം ഇവിടെ സന്ദർശകർക്കായി ഒരുക്കിയിരിയ്ക്കുന്നു. ടിക്കറ്റെടുത്ത് അകത്തു കടന്നതും നിരയായും അല്ലാതെയും കിടക്കുന്ന വണ്ടികളാണെല്ലായിടത്തും ഒറ്റയായും പലബോഗികൾ ചേർന്നവയും ഉണ്ടു. വൈവിദ്ധ്യമാർന്ന നിറങ്ങളിൽ മ്യൂസിയം കോമ്പൌണ്ടിന്റെ പലഭാഗങ്ങളിലായി പരന്നു കിടന്നിരുന്ന തീവണ്ടികളിൽ വളരെ പഴയ ബോഗികളുടെ മോഡലുകളും കാണാനായിയിൽ ഏറ്റവും ആദ്യം ഓടിയ എഞ്ചിനും ഉണ്ടായിരുന്നു. വണ്ടിയിൽ കയറിയും ഹോൺ അടിച്ചും ഡ്രൈവിംഗ് സീറ്റിൽ സ്ഥലം പിടിച്ചും ഫോട്ടോകൾക്കു പോസ് ചെയ്തും കുട്ടികളും വലിയവരും ഒരേപോലെ ആനന്ദിയ്ക്കുന്ന കാഴ്ച്ച കാണാനായി.ദൂരെ നീങ്ങിക്കിടന്നിരുന്ന, ഭാരോദ്വഹനക്കട്ടകൾ പോലെ തോന്നിച്ച ട്രെയിൻ വീലുകൾ ഏറെ ശ്രദ്ധയാകർഷിച്ചു..ഏക്കറുകളോളം സ്ഥലത്തു പരന്നു കിടക്കുന്ന മ്യൂസിയത്തിന്റെ പലഭാഗങ്ങളിലൂടെ ബാറ്ററിയാൽ ഓടുന്ന മിനി ട്രേയിനിൽ കയറി സഞ്ചരിയ്ക്കാം. അതിൽ കയറുമ്പോൾ നമ്മളും കൊച്ചുകുട്ടികളെപ്പോലെ സന്തോഷഭരിതരാകുന്നു. മൈസൂർ മഹാരാജാവിനും കുടുംബാംഗങ്ങൾക്കുമായുള്ള പ്രത്യേക കോച്ചുകൾ ഒരു ഭാഗത്തായി കാണാനിടയായി 1899ൽ നിർമ്മിച്ച രാജകീയ സവാരിയ്ക്കുള്ള കോച്ചിൽ അടുക്കള, ഡൈനിംഗ് ഏരിയ, ടൊയ്ലറ്റ് തുടങ്ങിയ സുഖ സൌകര്യങ്ങളൊരുക്കിയിരുന്നു. . രെയിലിംഗോടുകൂടിയ ബാൽക്കണിപോലെ തോന്നിച്ച സ്ഥലത്തു കയറി നിന്നപ്പോൾ വളരെ വൃദ്ധനായ ഒരു കാവൽക്കാരൻ ഫോട്ടോ എടുത്തു തരാനായി മുന്നോട്ടു വന്നു. ബോഗിയും അതിന്റെ ഉൾഭാഗവും മുഴുവനായു കട്ടിയുള്ള മരം കൊണ്ടാണ് നിർമ്മിച്ചിരിയ്ക്കുന്നത്.

തണൽ വൃക്ഷങ്ങൾക്കു കീഴിലായിട്ടിട്ടു:ള്ള ബെഞ്ചുകളിലിരുന്നു അൽ‌പ്പ നേരം മിനി ട്രെയിൻ ഹോൺ മുഴക്കി വരുന്നതും പോകുന്നതും, സിസോവിൽ കുട്ടികൾ കളിയ്ക്കുന്നതും ഊഞ്ഞാലാടുന്നതുമൊക്കെ നോക്കി അലസമായിരിയ്ക്കുമ്പോൾ ചിന്തകൾക്ക് ലാഘവം കിട്ടിയതുപോലെ. എത്ര നേരം വേണമെങ്കിലും ഇവിടെ ചിലവഴിയ്ക്കാം. തിരിച്ചു പോകാനുള്ള വണ്ടിയുടെ സമയം അടുത്തു വന്നതിനാൽ മനമില്ലാ മനസ്സോടെയാണു ഞങ്ങൾ ഇവിടം വിട്ടത്.ഗ്ഗൈഡിനോട് നന്ദി പറഞ്ഞ് ഒരു സുഖകരമായ മൈസൂർ ട്രിപ്പിനു വിരാമമിടുമ്പോൾ മനസ്സ് കൊച്ചു കുട്ടികളുടെതുപോലെ സന്തോഷഭരിതമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button