
ലക്നൗ: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് യോഗി സര്‍ക്കാരിനെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. രോഗബാധിതരെ കണ്ടെത്താനായി യോഗി സര്‍ക്കാര്‍ നടത്തിയ കോണ്ടാക്ട് ട്രേസിംഗ് ഫലപ്രദമായെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം. ലോകാരോഗ്യ സംഘടനയുടെ നാഷണല്‍ പബ്ലിക് ഹെല്‍ത്ത് സര്‍വെയ്ലന്‍സ് പ്രോജക്ടിന്റേതാണ് വിലയിരുത്തല്‍.
800 ഓണ്‍ ഗ്രൗണ്ട് മോണിറ്ററിംഗ് സ്റ്റാഫുകളാണ് ഉത്തര്‍പ്രദേശിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയത്. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 1 മുതല്‍ 14 വരെ 75 ജില്ലകളില്‍ നിന്നുള്ള 58,000 കേസുകളാണ് സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കിയത്. ഇന്ത്യയിലെ തന്നെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായിട്ടു പോലും അതീവ ഗുരുതരമായ കേസുകള്‍ 90 ശതമാനവും കണ്ടെത്താന്‍ കഴിഞ്ഞെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 70,000 ആരോഗ്യ പ്രവര്‍ത്തകരെയാണ് യോഗി സര്‍ക്കാര്‍ ഗുരുതരാവസ്ഥയിലുള്ള കൊറോണ ബാധിതരെ കണ്ടെത്താനായി നിയമിച്ചത്. സര്‍ക്കാരിന്റെ കോണ്ടാക്ട് ട്രേസിംഗിന്റെ നിലവാരം വിലയിരുത്തുന്നതിനായി വിവിധ ലബോറട്ടറികളുമായി മോണിറ്ററിംഗ് സ്റ്റാഫുകള്‍ ടെലിഫോണിലൂടെ അഭിമുഖങ്ങള്‍ നടത്തി. ആകെ പോസിറ്റീവ് കേസുകളില്‍ 3.5 ശതമാനമാണ് ഗുരുതര വിഭാഗത്തിലുള്ളതെന്ന് അഭിമുഖങ്ങള്‍ക്ക് ശേഷം ലോകാരോഗ്യ സംഘടന വിലയിരുത്തി.
ഉത്തര്‍പ്രദേശിലെ 93 ശതമാനം ഗുരുതര കേസുകളും കണ്ടെത്താന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കോണ്ടാക്ട് ട്രേസിംഗ് അഭിനന്ദനാര്‍ഹമാണെന്നും ഇത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
Post Your Comments