Latest NewsKerala

തോരാത്ത കണ്ണുനീർ സാക്ഷിയായി ഉടുമ്പന്നൂരിലെ വീട്ടുവളപ്പിൽ അവൻ എന്നെന്നേക്കുമായി ഉറങ്ങി

കോട്ടയം : തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരതയ്ക്ക് ഇരയായി മരണമടഞ്ഞ ആ ഏഴുവയസുകാരൻ എന്നെന്നേക്കുമായി യാത്രയായി. അവസാന സമയം വരെ കുട്ടിയെ എവിടെ സംസ്‌കരിക്കും എന്ന കാര്യത്തിൽ പലർക്കും ആശങ്കയായിരുന്നു. കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി വൈകിട്ട് എട്ടിനാണ് ഏഴുവയസ്സുള്ള കുട്ടിയുടെ മൃതദേഹം ഉടുമ്പന്നൂരിലെ മാതാവിന്റെ വസതിയിലെത്തിച്ചത്.

വൈകിട്ട് അഞ്ചു മണിവരെ മൃതദേഹം ഉടുമ്പന്നൂരിലെത്തിക്കുന്നതിനെപ്പറ്റി ഒരു അറിയിപ്പും ആർക്കും ലഭിച്ചിരുന്നില്ല. അയൽവീട്ടുകാർ പോലും വിവരങ്ങൾ അറിയാതെ ബുദ്ധിമുട്ടി. എന്നാൽ സംസ്‌കാരം തീരുമാനിച്ചപ്പോൾ ഉടുമ്പന്നൂരിലെ വീട്ടിലേക്ക് ജനങ്ങൾ ഒഴുകിയെത്താൻ തുടങ്ങി. ബന്ധുക്കളിലൊരാളാണു വീടു തുറന്നത്. മുത്തശി മരിച്ച കുട്ടിയുടെ ഇളയ അനിയനെയും കൂട്ടി നേരത്തേ വീട്ടിലെത്തി.

എട്ടരയോട് ആ വീട്ടുമുറ്റത്തേക്ക് ചേതനയറ്റ ആ കുഞ്ഞ് ശരീരമെത്തി. അപ്പോഴും ഏട്ടന്റെ മരണം തിരിച്ചറിയാതെ അനുജൻ നാലുവയസുകാരൻ പാവകളിച്ചും സൈക്കിളിൽ കറങ്ങിനടപ്പുമായിരുന്നു.എന്നാൽ കണ്ണീർ പ്രവാഹമെത്തിയതോടെ അവൻ എന്തൊക്കെയോ തിരിച്ചറിഞ്ഞു തുടങ്ങി. പിന്നീട് അവൻ കളിച്ചില്ല. കുഞ്ഞു പെട്ടിക്കുള്ളിൽ കിടക്കുന്ന ചേട്ടനെ നോക്കി അവൻ ഇത്രമാത്രം പറഞ്ഞു ‘പപ്പി പിന്നെ കണ്ണു തുറന്നില്ലല്ലോ’.

shortlink

Related Articles

Post Your Comments

Related Articles


Back to top button