
തിരുവനന്തപുരം: അസുഖമുണ്ടെന്ന വ്യാജേന ആശുപത്രിയിലെത്തി സിറിഞ്ചുകൾ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. രാജാജി നഗർ സ്വദേശിയായ ഉണ്ണിക്കുട്ടനെന്ന പപ്പടം ഉണ്ണിയാണ് അറസ്റ്റിലായത്. ശനിയാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഇഞ്ചക്ഷൻ റൂമിൽ കയറിയ പ്രതി സിറിഞ്ചുകൾ മോഷ്ടിക്കുകയായിരുന്നു. അസുഖമാണെന്ന് പറഞ്ഞ് ഒരു സ്ത്രീയ്ക്കൊപ്പം എത്തിയ ഇയാൾ വ്യാജ പേരും മേൽ വിലാസവും നൽകി ഒപി ടിക്കറ്റ് എടുത്തതിന് ശേഷമായിരുന്നു മോഷണം നടത്തിയത്.
മോഷണശ്രമം ശ്രദ്ധയിൽപ്പെട്ട നഴ്സ് ഉടൻതന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട കേസുകളിൽ അടക്കം ഇയാൾ സ്ഥിരം പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.
പ്രതിയുടെ പക്കൽ നിന്നും പേരൂർക്കട മാനസിക ആരോഗ്യ ആശുപത്രിയിലെ അഞ്ചോളം മെഡിക്കൽ റെക്കാഡുകളും പുനലൂരിലുള്ള ഡോക്ടറുടെ പേരിലുള്ള മരുന്ന് കുറിപ്പടിയും കണ്ടെത്തി. സംഭവത്തിൽ തുടരന്വേഷണം ഉണ്ടാകുമെന്ന് കന്റോൺമെന്റ് പോലീസ് വ്യക്തമാക്കി. പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments