ന്യൂഡല്‍ഹി: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ റിക്രൂട്ടിംഗ് ഗ്രൗണ്ടായി കേരളം മാറിയെന്ന കണ്ടെത്തലുമായി കേന്ദ്ര സൈബര്‍ പട്രോളിംഗ് വിഭാഗങ്ങള്‍. കേരള മുന്‍ ഡി.ജി.പി ലോക് നാഥ് ബെഹറ തുറന്നു പറഞ്ഞശേഷവും, ഐസിസ് റിക്രൂട്ട്‌മെന്റിനോട് കണ്ണടച്ച് മൗനം പാലിക്കുകയാണ് സംസ്ഥാന സർക്കാർ. എന്‍.ഐ.എ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തവര്‍ കേരളത്തില്‍ നിന്നടക്കം റിക്രൂട്ട്‌മെന്റിന് ശ്രമിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്. ടെലിഗ്രാം, ഇന്‍സ്റ്റഗ്രാം, ഹൂപ്പ് തുടങ്ങിയ സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് ഇവര്‍ ഐസിസ് റിക്രൂട്ട്‌മെന്റിന് ശ്രമിച്ചത്.
2016ല്‍ കാസര്‍കോട്ടു നിന്ന് സിറിയയിലേക്ക് പോയ അജ്മലയുടെ മാതൃസഹോദരനും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. കേരളത്തിലും കര്‍ണാടകത്തിലും ഐസിസ് റിക്രൂട്ടിംഗ് സജീവമാണെന്ന് കഴിഞ്ഞ വര്‍ഷം ഐക്യരാഷ്ട്ര സംഘടനയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഐസിസ് ഇന്ത്യന്‍ ഘടകം രൂപീകരിക്കുകയായിരുന്നു ലക്ഷ്യം. അറസ്റ്റിലായ നാലുപേരും കേരളത്തില്‍ പലതവണ എത്തിയിരുന്നതായാണ് എന്‍.ഐ.എ കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇവരെ ഡല്‍ഹിയില്‍ എന്‍.ഐ.എ ആസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ അറസ്റ്റിലായ മലയാളി അബു യഹിയയാണ് റിക്രൂട്ട്‌മെന്റ് തലവന്‍.
എന്‍.ഐ.എയും ഐ.ബിയുമാണ് സാമൂഹ്യമാദ്ധ്യമങ്ങളിലെ തീവ്രവാദപ്രചാരണവും സൈബര്‍ പട്രോളും നടത്തുന്നത്. എന്‍.ഐ.എയ്ക്ക് ശക്തമായ സൈബര്‍ ഫോറന്‍സിക് വിഭാഗവുമുണ്ട്. ഐബിയുടെ ‘ഓപ്പറേഷന്‍ ചക്രവ്യൂഹ’ സൈബര്‍ നിരീക്ഷണത്തിലാണ് ഐസിസ് സ്ലീപ്പര്‍സെല്ലുകളെ കണ്ടെത്തുന്നത്. ഐ.ബി, എന്‍.ഐ.എ, റോ എന്നീ കേന്ദ്ര ഏജന്‍സികളും ബംഗളുരു, ഡല്‍ഹി പൊലീസുമാണ് സൈബര്‍ പട്രോളിംഗിലൂടെ കേരളത്തിലെ ഭീകരസാന്നിദ്ധ്യം കണ്ടെത്തുന്നത്. മാവോയിസ്റ്റുകള്‍, ബോഡോ തീവ്രവാദികള്‍, അല്‍ ക്വ ഇദ, ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്നിവയ്‌ക്കെല്ലാം കേരള ബന്ധമുണ്ടെന്നാണ് സൂചന. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ സോഷ്യല്‍മീഡിയ നിരീക്ഷണവും സൈബര്‍ പട്രോളും പേരിന് മാത്രമാണ്.
ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും ഉള്‍പ്പെടെ ഉന്നതവിദ്യാഭ്യാസമുള്ള യുവാക്കളെ വശത്താക്കാനാണ് ഐസിസ് ശ്രമിക്കുന്നതെന്നും കേന്ദ്ര ഇന്റലിജന്‍സുമായി ചേര്‍ന്ന് ഭീകരവിരുദ്ധ സ്‌ക്വാഡ് സ്ലീപ്പര്‍ സെല്ലുകള്‍ കണ്ടെത്തുമെന്നുമാണ് ബെഹറ പറഞ്ഞത്. എന്നാല്‍ പിന്നീട് സൈബര്‍ പട്രോളിംഗ് പോലും കാര്യക്ഷമമല്ലാതായി. സംസ്ഥാനത്ത് രഹസ്യാന്വേഷണ, ആഭ്യന്തര സുരക്ഷാ വിഭാഗങ്ങള്‍ നിര്‍ജ്ജീവമാണ്.സ്വകാര്യ ഹാക്കര്‍മാരുടെയടക്കം സേവനം ഉപയോഗപ്പെടുത്തുന്ന സൈബര്‍ഡോം, കുട്ടികളുടെ നീലച്ചിത്രം പിടിക്കാനുള്ള ഓപ്പറേഷനുകളില്‍ മാത്രമാണ് സജീവം.
Post Your Comments