ആലപ്പുഴ: ഭീകരസംഘടനയായ ഐ. എസുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ആലപ്പുഴയിൽ നിന്ന് ഒരാൾ കസ്റ്റഡിയിലായതോടുകൂടി പോലീസ് അതീവജാഗ്രതയിൽ. ഇതിന്റെ പശ്ചാത്തലത്തിൽ മുൻപ് തീവ്രനിലപാടെടുത്തിരുന്ന ആലപ്പുഴയിലെ സംഘടനകളെയും അതിൽ പ്രവർത്തിച്ചിരുന്നവരെയും പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി. ഐഎസ് ബന്ധം ആരോപിച്ച് പിടിയിലായ ബാസിൽ ഷിഹാബിന്റെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. മുൻ കരുതൽ എന്ന നിലയ്ക്കാണ് കാവൽ ഏർപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം ഷിഹാബ് ഐ.എസ് കൂട്ടുകെട്ടിൽ പെടുന്നത് ആലപ്പുഴയിൽ വെച്ചല്ലെന്നും പുറത്ത് പഠനത്തിന് പോയപ്പോൾ സംഭവിച്ചതാകാം എന്നുമാണ് പോലീസിന്റെ സംശയം.
വിഘടനവാദി നേതാവ് ഗിലാനി ആലപ്പുഴയിൽ താമസിച്ചത് പോലെ മറ്റ് നേതാക്കൾ ഇവിടെയെത്തിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. മുസ്ലിം റൈറ്റ് വാച്ച്( എം. ആർ. ഡബ്ള്യൂ) എന്ന സംഘടനയുടെ പേരിലായിരുന്നു ഗിലാനി ഇവിടെ എത്തിയത്. മുൻ സിമി പ്രവർത്തകരായിരുന്നു ഇതിന് പിന്നിലെന്നാണ് റിപ്പോർട്ട്. അതേസമയം ആലപ്പുഴയിലെ കായൽ സുരക്ഷിതമല്ലെന്ന് ഇന്റലിജൻസ് വിഭാഗം അധികൃതർക്ക് മുന്നറിയിപ്പ് നൽകി. രഹസ്യയോഗങ്ങൾക്കും മറ്റും കായൽ സുരക്ഷിതമാണ്. ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകി.
Post Your Comments