കൊച്ചി : പെൺകുട്ടികൾക്ക് സംഭവിക്കുന്ന ജാഗ്രതക്കുറവിന് ഉദാഹരണമാണ് കോതമംഗലം സംഭവമെന്ന് കെ കാർത്തിക്ക് IPS ന്റെ പരാമർശത്തിനെതിരെ അഭിഭാഷകൻ ഹരീഷ് വാസുദേവൻ. ഇരകളുടെ കുറ്റമല്ല കാർത്തികേ, അങ്ങേയ്ക്ക് ജെണ്ടർ ട്രെയിനിങ് ആവശ്യമുണ്ടെന്നാണ് ഹരീഷ് വാസുദേവൻ പറയുന്നത്. ഇത്തരത്തിൽ അസംബന്ധം എഴുന്നള്ളിക്കാതിരിക്കാനുള്ള സാമാന്യബുദ്ധി കാണിക്കണമെന്നും ഹരീഷ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കുറിപ്പിന്റെ പൂർണരൂപം :
ഇരകളുടെ കുറ്റമല്ല കാർത്തികേ, അങ്ങേയ്ക്ക് ജെണ്ടർ ട്രെയിനിങ് ആവശ്യമുണ്ട്.
കെ കാർത്തിക്ക് IPS കേരളാ പോലീസിൽ ദുഷ്പേരുള്ള ഒരുദ്യോഗസ്ഥനല്ല. പൊതുവിൽ നല്ല അഭിപ്രായമുണ്ട് താനും. മാനസയെ കൊന്നത് സൈക്കോ എന്നു കരുതാവുന്ന പ്രതിയാണ്. അവനെതിരായി, അവൻ ശല്യം ചെയ്യുന്ന കാര്യം രേഖാമൂലം പരാതിപ്പെട്ട മാനസ ആണ് കൊല്ലപ്പെട്ടത്. പരാതിയിൽ കൃത്യമായി നിയമനടപടി സ്വീകരിക്കാത്ത പോലീസിനെ, കുറ്റവിമുക്തമാക്കി ക്ളീൻ ചിറ്റ് നൽകുന്നു ജില്ലാ പോലീസ് മേധാവി. പ്രണയം നിഷേധിച്ചാൽ കായികമായി അക്രമിക്കാം എന്ന സന്ദേശത്തോടെ ആൺമക്കളെ വളർത്തുന്ന പാട്രിയർക്കിയെ കുറ്റവിമുക്തമാക്കുന്നു പോലീസ് മേധാവി. തോക്ക് കിട്ടിയ വഴി മാത്രമാണ് ഈ കേസിൽ ബാക്കിയുള്ളത്, പോലീസിന്റെ അഭിപ്രായത്തിൽ. മാനസയെ വിളിച്ചു കേസ് ഒതുക്കി തീർത്ത പൊലീസിന് കുറ്റമില്ല. ഒത്തു തീർപ്പാക്കിയ ശേഷം പ്രതി സ്റ്റോക്കിങ് തുടരുന്നുണ്ടോ എന്നു നോക്കാത്ത സിസ്റ്റം കുറ്റക്കാരല്ല.
Read also : ശ്രുതിയെ തീകൊളുത്തി കൊന്നത് മക്കളുടെ കണ്മുന്നിൽ വെച്ച്: പാലക്കാട്ടെ യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു
കാർത്തിക്കിന്റെ കാഴ്ചപ്പാടിൽ ആരാണ് കുറ്റം ചെയ്തത്? കൊല്ലപ്പെട്ട മാനസ. പോലീസിന്റെ “സദാചാര” മുന്നറിയിപ്പുകൾ അവഗണിച്ചു ഇൻസ്റ്റാഗ്രാമിൽ പ്രേമിച്ചു. വലിയ കുറ്റമാണ്. ശിക്ഷയും കിട്ടി. “കണക്കായിപ്പോയി” എന്നു കാർത്തിക് പറഞ്ഞില്ലെന്നേയുള്ളൂ, ടോൺ ഏതാണ്ടത് തന്നെ. ഇനി ഇത്തരം കുറ്റങ്ങൾ ആവർത്തിക്കാതെ ഇരിക്കാൻ കാർത്തിക്കിന്റെ അഭിപ്രായത്തിൽ എന്താണ് പ്രതിവിധി? പോലീസ് പേജിൽ സദാചാര അമ്മാവന്മാർ ഉപദേശിക്കും വിധം “നല്ല നടപ്പ്” ശീലിക്കുക. ഉപദേശങ്ങൾ അനുസരിക്കുക. അല്ലേ?? ഗംഭീരം അല്ലേ?പ്രേമിക്കുന്നത് തെറ്റല്ല കാർത്തിക്. പ്രേമത്തിൽ നിന്ന് പിന്മാറുന്നതും തെറ്റല്ല. അടുത്ത് അറിയുന്നവരോട് മാത്രമല്ല സൗഹൃദം സ്ഥാപിക്കുക. സൗഹൃദത്തിൽ നിന്ന് മാന്യമായി പിൻവാങ്ങുന്നത് ക്രിമിനാലിറ്റിയ്ക്കുള്ള ലൈസൻസല്ല എന്നു വേട്ടപ്പട്ടികളേ ബോധ്യപ്പെടുത്തുക എന്നത് പട്ടികളെ വളർത്തുന്നവരുടെ ഉത്തരവാദിത്തമാണ്. ഈ പ്രതികരണം പത്രത്തിൽ വന്നു 24 മണിക്കൂർ ഞാൻ കാത്തിരുന്നു. ഉത്തരവാദിത്തപ്പെട്ട ഒരാളെങ്കിലും ഈ ഉദ്യോഗസ്ഥനെ തിരുത്തുമെന്ന്. ഇതല്ല സർക്കാരിന്റെ പോലീസ് നയമെന്നു പറയുമെന്ന്. ഇല്ല. അതുണ്ടായില്ല. അതുകൊണ്ടാണ് പറയേണ്ടി വന്നത്.
കാർത്തിക്, നിങ്ങൾ പറയുന്നത് തെറ്റാണ്. റോടിലിറങ്ങിയാൽ പേപ്പട്ടി കടിക്കും അതുകൊണ്ട് വീട്ടിലിരിക്കണം എന്നല്ല ഒരു സർക്കാർ പറയേണ്ടത്. പേപ്പട്ടി കടിക്കാത്ത, പൗരന്മാർക്ക് നിർഭയം സഞ്ചരിക്കാവുന്ന റോഡുണ്ടാക്കലാണ്. ചുരുങ്ങിയ പക്ഷം, പേപ്പട്ടി കടിച്ച ഇരയോട്, സിസ്റ്റത്തിന്റെ വീഴ്ച മറച്ചുവെച്ചു “മുന്നറിയിപ്പ് അവഗണിച്ചതാണ് കുറ്റം, പട്ടിയും ചത്തു. ഇനി പ്രത്യേകിച്ചൊന്നും ചെയ്യാനില്ല” എന്ന അസംബന്ധം എഴുന്നള്ളിക്കാതെ ഇരിക്കാനുള്ള സാമാന്യബുദ്ധി കാണിക്കണം. കാരണം, ഈ പത്രവാർത്ത കാട്ടി, മുന്നോട്ടുവരുന്ന സ്ത്രീകളെ തടയാൻ ഓരോ വീട്ടിലും സദാചാരവാദികൾ ഉണ്ടാകും. പോലീസിന്റെ പണി ഇതല്ല. IPS എഴുതി എടുത്ത, നല്ല ട്രെയിനിങ് കിട്ടി, സൽപ്പേരോടെ ജോലി ചെയ്യുന്ന ഒരു SP യുടെ ജെണ്ടർ സെന്സിറ്റീവിറ്റിയും സമാന്യബോധ നിലവാരവും ഇതാണെങ്കിൽ, ആ വകുപ്പിലെ മറ്റുള്ളവരുടെ കാര്യം പറയണോ??
Read also : ഒളിമ്പിക്സിൽ സ്വർണം നേടാൻ സഹായിച്ചത് ഗർഭനിരോധന ഉറകളെന്ന് താരം : വീഡിയോ പുറത്ത് വിട്ടു
ആരും ജെണ്ടർ സെന്സിറ്റീവിറ്റിയോടെ ജനിക്കുന്നില്ല. കൃത്യമായ ട്രെയിനിങ്ങിലൂടെയും വിമര്ശനങ്ങളിലൂടെയും സ്വയം ആർജ്ജിക്കുകയാണ് ചെയ്യുന്നത്. നമുക്ക് അറിയാത്ത കാര്യം ആരിൽ നിന്നും കേട്ട് മനസിലാക്കണം അതിലൊരു കുറച്ചിലും ഇല്ലെന്നു ടൂറിസം മന്ത്രി ശ്രീ.മുഹമ്മദ് റിയാസ് ശ്രീ.സന്തോഷ് ജോർജ്ജ് കുളങ്ങരയെ കേട്ടു പബ്ലിക്കായി കാണിച്ച നല്ല മാതൃക നമുക്ക് മുന്നിലുണ്ട്. കാർത്തിക്കിനു ജെണ്ടർ ട്രെയിനിങ് ആവശ്യമാണെന്ന് ഞാൻ കരുതുന്നു. കാർത്തിക്കിന് തെറ്റു പറ്റിയെന്നു 24 മണിക്കൂറിനകം ബോധ്യമാകാത്ത കേരളാ പോലീസ് മേധാവിക്കും സേനയിലെ മറ്റുള്ളവർക്കും ആവശ്യമാണ്.
“I demand Gender Sensitivity Training for Kerala Police”. ഈ ആശയത്തെ പിന്തുണയ്ക്കുന്നവർ ഇത് ആവശ്യപ്പെട്ട് സ്വന്തം MLA യുടെ ഫോണിലേക്ക് ഒരു SMS അയക്കണം. അത്രയെങ്കിലും ചെയ്യണം.
അഡ്വ.ഹരീഷ് വാസുദേവൻ.
Post Your Comments