KeralaLatest NewsNews

‘ചരിത്രത്തെയും ചരിത്രബോധമുള്ളവരെയും വിലയ്‌ക്കെടുക്കാൻ പറ്റില്ല’: മഗ്സസെ അവാർഡ് വിവാദത്തിൽ ഹരീഷ് വാസുദേവൻ

തിരുവനന്തപുരം: രമൺ മഗ്സസെ അവാർഡ് മുൻ മന്ത്രി കെ.കെ ശൈലജ നിരസിച്ച സംഭവത്തിൽ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ ഹരീഷ് വാസുദേവൻ ശ്രീദേവി. രാഷ്ട്രീയ – ചരിത്ര കാരണങ്ങളാൽ രമൺ മഗ്സസെയുടെ പേരിലുള്ള അവാർഡ്, അതെത്ര വലിയ തുകയുടെ ആണെങ്കിലും, വേണ്ടന്ന് പറയാൻ ഈ ലോകത്ത് വ്യക്തികളോ പ്രസ്ഥാനങ്ങളോ ഉണ്ടെങ്കിൽ, അതീ ലോകത്തെപ്പറ്റിയുള്ള പ്രതീക്ഷ വർധിപ്പിക്കുന്നുവെന്ന് ഹരീഷ് ഫേസ്‌ബുക്കിൽ കുറിച്ചു.

ഹരീഷ് വാസുദേവന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

രാഷ്ട്രീയ – ചരിത്ര കാരണങ്ങളാൽ രമൺ മഗ്സസേയുടെ പേരിലുള്ള അവാർഡ്, അതെത്ര വലിയ തുകയുടെ ആണെങ്കിലും, വേണ്ടന്ന് പറയാൻ ഈ ലോകത്ത് വ്യക്തികളോ പ്രസ്ഥാനങ്ങളോ ഉണ്ടെങ്കിൽ, അതീ ലോകത്തെപ്പറ്റിയുള്ള പ്രതീക്ഷ വർധിപ്പിക്കുന്നു. ചരിത്രബോധമുണ്ടാകുക എന്നത് അധികപ്പറ്റാവുന്ന കാലത്ത് പ്രത്യേകിച്ചും. 20 വർഷങ്ങൾക്ക് ശേഷം അദാനി വലിയൊരു അവാർഡ് പ്രഖ്യാപിക്കുകയും, പബ്ലിക് ഡൊമൈൻ മുഴുവൻ അദാനിയുടെ വാഴ്ത്തുകൾ മാത്രം ഉണ്ടാവുകയും, അതിനു അർഹയായ ഒരാൾ “അദാനിയുടെ പണത്തിൽ ഈ രാജ്യത്തെ മത്സ്യത്തൊഴിലാളികളുടെ ചോരയുടെ മണമുണ്ട്” എന്ന കാരണത്താൽ അത് നിഷേധിച്ചാൽ അതിലും വലിയ തിരിച്ചടിയുണ്ടോ? നിഷേധിക്കുന്ന ആൾക്ക് വട്ടാണെന്ന് ചരിത്രബോധമില്ലാത്ത വലതുപക്ഷം പരിഹസിച്ചേക്കാം. ആർക്ക് മനസിലായില്ലെങ്കിലും അടി കിട്ടുന്നവർക്ക് മനസ്സിലാക്കേണ്ടതാണ്.

ലോകം മുഴുവൻ വിലയ്ക്ക് വാങ്ങാനുള്ള പണമുണ്ടാക്കിയാലും ചരിത്രത്തെയും ചരിത്രബോധമുള്ളവരെയും വിലയ്‌ക്കെടുക്കാൻ പറ്റില്ലെന്ന ബോധ്യം വല്ലപ്പോഴുമെങ്കിലും ഈ ലോകത്ത് ബാക്കിയാവുന്നത് നല്ലലക്ഷണമാണ്. പൊതുവിൽ അംഗീകാരം നേടിയ, പണവും പ്രശസ്തിയും ഉള്ളൊരാൾ ചരിത്രപരമായി തെറ്റാണെന്ന് പറയാനുള്ള കാരണങ്ങൾ എന്താണെന്ന് ജനങ്ങളോട് പാർട്ടി വിശദീകരിക്കേണ്ടി വരും. അതൊരു രാഷ്ട്രീയ പ്രവർത്തനമാണ്. IMF ന്റെ ലോൺ വാങ്ങുന്നതും മസാലബോണ്ട് വാങ്ങുമ്പോഴും ഇല്ലാത്ത എന്ത് പ്രത്യയശാസ്ത്രപ്രശ്നമാണ് മഗ്സസേ അവാർഡിൽ ഉള്ളതെന്ന് മാധ്യമങ്ങൾ തിരിച്ചു ചോദിച്ചേക്കാം. ആന്തരിക വൈരുധ്യങ്ങളെപ്പറ്റി പറയാനുള്ള മറുപടികളുണ്ടാകണം.. ജൈവികതയുടെ ലക്ഷണമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button