കാസര്‍കോട്: മുന്തിയ ഇനം കഞ്ചാവുമായി കാസര്‍കോട് സ്വദേശിയായ യുവാവും തമിഴ് നാട് സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയും പിടിയില്‍. മുഖ്യപ്രതിയായ മറ്റൊരു കാസര്‍കോട് സ്വദേശിക്കായി പോലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. വിദേശത്തു ഡോക്ടറായ കാസര്‍കോട് സ്വദേശി നദീറാണ് മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്നു. ഇയാള്‍ ഒളിവിലാണെന്നും പോലീസ് വ്യക്തമാക്കി.
മംഗല്‍പ്പാടി സ്വദേശിയായ അജ്മല്‍ തൊട്ടയും നാഗര്‍കോവില്‍ സ്വദേശിനിയായ മിനു രശ്മി മുരുഗന് രജിതയുമാണ് മംഗളൂരു പോലീസിന്റെ പിടിയിലായത്. മിനു എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയാണ്. ഹൈഡ്രോ വീഡ് ഇനത്തില്‍പ്പെട്ട കഞ്ചാവാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. മുന്തിയ ഇനം കഞ്ചാവായ ഹൈഡ്രോ വീഡ് ഒരുകിലോ 200 ഗ്രാമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. സാധാരണ കഞ്ചാവിന്റെ പതിന്മടങ്ങ് വിലയാണ് ഹൈഡ്രോ വീഡ് വിഭാഗത്തിലെ കഞ്ചാവിനെന്ന് പോലീസ് പറഞ്ഞു.
മംഗളൂരു, ഉള്ളാള്‍, ദര്‍ലക്കട്ട, ഉപ്പള, കൊണാജെ, കാസര്‍കോട് മേഖലകളില്‍ കഞ്ചാവ് വിതരണം ചെയ്യുന്നവരാണിവര്‍. കഴിഞ്ഞ ആറുമാസത്തിനിടെ മംഗളൂരുവില്‍ വന്‍ ലഹരിവേട്ടയാണ് നടക്കുന്നത്. കേസ് നടക്കുന്നത് മംഗളൂരുവില്‍ ആണെങ്കിലും കഞ്ചാവ് കടത്തുന്നവരില്‍ ബഹുഭൂരിപക്ഷവും മലയാളി യുവാക്കളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡിസിപി ഹരിറാം ശങ്കറിന്റെ നേതൃത്വത്തില്‍ ഒന്നരക്കോടി രൂപയുടെ കഞ്ചാവാണ് ഇതിനോടകം പിടിച്ചെടുത്തത്. മംഗളൂരുവില്‍ പോലീസ് പരിശോധന ശക്തമായതോടെ കഞ്ചാവ് കടത്തുസംഘം അവരുടെ കേന്ദ്രം മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്. സംഘം ഇപ്പോള്‍ ഉപ്പള കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് രഹസ്യറിപ്പോര്‍ട്ടുകള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.
Post Your Comments